Organisation
വഖ്ഫ് ഭേദഗതി നിയമം സ്വത്തുക്കള്‍ കൈയേറാനുള്ള തന്ത്രം: കേരള മുസ്‌ലിം ജമാഅത്ത്
അന്യായമായ തര്‍ക്കങ്ങളില്‍പ്പെടുത്തി വഖ്ഫ് ഭൂമിയും സ്ഥാപനങ്ങളും കൈക്കലാക്കാനും നിയമ തടസ്സങ്ങളില്‍പ്പെടുത്തി ഉടമസ്ഥാവകാശം മരവിപ്പിക്കാനും കഴിയുന്ന വകുപ്പുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം വഖ്ഫ് സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്. അന്യായമായ തര്‍ക്കങ്ങളില്‍പ്പെടുത്തി വഖ്ഫ് ഭൂമിയും സ്ഥാപനങ്ങളും കൈക്കലാക്കാനും നിയമ തടസ്സങ്ങളില്‍പ്പെടുത്തി ഉടമസ്ഥാവകാശം മരവിപ്പിക്കാനും കഴിയുന്ന വകുപ്പുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന മുസ്‌ലിം വിരുദ്ധത മാത്രമാണ് ഇതിന്റെ പിന്നിലുള്ളതെന്നും ജില്ലാ പ്രസിഡന്റ് കെ എം ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസംഗമം അഭിപ്രായപ്പെട്ടു.
പുളിമൂട് യൂത്ത് സ്‌ക്വയറില്‍ ചേര്‍ന്ന സംഗമം സമസ്ത കേന്ദ്ര മുശാവറയംഗം അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജാബിര്‍ ഫാളിലി നടയറ പ്രാര്‍ഥന നടത്തി. ജംഇയ്യത്തുല്‍ ഉലമ ജില്ലാ സെക്രട്ടറി ഹുസൈന്‍ സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് സഖാഫി ബീമാപള്ളി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ഫാളിലി വര്‍ക്കല, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി സാബിര്‍ സൈനി പ്രസംഗിച്ചു.
ഭാരവാഹികളായ മുഹമ്മദ് സിയാദ് കളിയിക്കാവിള, സനുജ് വഴിമുക്ക്, മുഹമ്മദ് ഷെഹീദ്, അഡ്വ. കെ എച്ച് എം മുനീര്‍, മുഹമ്മദ് സുല്‍ഫിക്കര്‍, ശറഫുദ്ധീന്‍ പോത്തന്‍കോട് സംബന്ധിച്ചു. ഈമാസം 17 മുതല്‍ നടക്കുന്ന ആദര്‍ശ സമ്മേളനങ്ങള്‍ വിജയിപ്പിക്കാനും സംഗമം തീരുമാനിച്ചു.