National
വഖ്ഫ് ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണം: രാഹുല്‍ ഗാന്ധി
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണ് ബി ജെ പി നിലപാട്. ഇതിനെതിരെ കോണ്‍ഗ്രസ്സ് പോരാടും.

അഹമ്മദാബാദ് |കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വഖ്ഫ് ഭേദഗതി ബില്‍ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണ് ബി ജെ പി നിലപാട്. ഇതിനെതിരെ കോണ്‍ഗ്രസ്സ് പോരാടും. അഹമ്മദാബാദില്‍ എ ഐ സി സി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസ്സ് പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണെന്നും എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നതാണ് പാര്‍ട്ടി താത്പര്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ നടത്തിയ വിപ്ലവകരമായ മാറ്റം മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണം.
പിന്നാക്കക്കാര്‍ക്ക് ഒപ്പമാണെന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍, അവര്‍ക്കായി എന്താണ് അദ്ദേഹം ചെയ്തതെന്ന് രാഹുല്‍ ചോദിച്ചു. അദാനിക്കും അംബാനിക്കും വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന പ്രധാന മന്ത്രി അദാനിക്ക് വേണ്ടി രാജ്യത്തെ തീറെഴുതുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക തിരിമറി നടന്നതായും രാഹുല്‍ ആരോപിച്ചു. ബി ജെ പി തിരഞ്ഞെടുപ്പ് ജയിച്ചത് അട്ടിമറിയിലൂടെയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് കൂട്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്കു നേരെയും ആര്‍ എസ് എസ് തിരിഞ്ഞിരിക്കുകയാണെന്നും അടുത്ത ഇരകള്‍ സിഖുകാര്‍ ആയിരിക്കുമെന്നും ഓര്‍ഗനൈസറിലെ ലേഖനത്തെ കുറിച്ച് പരാമര്‍ശിക്കവേ രാഹുല്‍ പറഞ്ഞു. അവര്‍ ആര്‍ക്കു നേരെയും വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.