National
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ വാദം തുടരുന്നു
ഇസ്ലാമിലെ പ്രധാന ആചാരമായ വഖ്ഫില്‍ പാര്‍ലിമെന്ററി നിയമത്തിലൂടെ ഇടപെട്ടെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള വിവിധ സംഘടനകളുടെ ഹരജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി. ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ട ആചാരമാണ് വഖ്‌ഫെന്നും പാര്‍ലിമെന്ററി നിയമത്തിലൂടെ മതാചാരത്തില്‍ ഇടപെട്ടെന്നും മുസ്ലിം ലീഗിന് വേണ്ടി ഹാജരായ അഡ്വ. കപില്‍ സിബല്‍ വാദിച്ചു. ആദ്യം തന്നെ കപില്‍ സിബലാണ് വാദിച്ചു തുടങ്ങിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹരജികൾ പരിഗണിക്കന്നത്.
സംരക്ഷിത സ്മാരകങ്ങള്‍ സംരക്ഷിക്കാനാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര വഖ്ഫ് കൗണ്‍സിലിന്റെ എല്ലാവരും നേരത്തേ മുസ്ലിംകളായിരുന്നെന്നും പിന്നെയെന്തിനാണ് വഖ്ഫ് കൗണ്‍സിലിലേക്ക് മുസ്ലിം ഇതര വിഭാഗങ്ങളെ കയറ്റിയതെന്നും കപില്‍ സിബല്‍ ചോദിച്ചു. മറ്റ് മത സ്ഥാപനങ്ങളിലെല്ലാം അതത് വിഭാഗങ്ങളിലുള്ളവരെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഒരു മതത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് ഭേദഗതി നിയമം. എല്ലാ വഖ്ഫ് ഭൂമിയും രജിസ്റ്റർ ചെയ്യണമെന്ന നിയമം എന്തിനാണ് കൊണ്ടുവരുന്നതെന്നും ഇതുവഴി വർഷങ്ങളായുള്ള സ്വത്തുക്കളിൽ നിരവധി തടസ്സങ്ങൾ നേരിടുമെന്നും കപിൽ സിബല്‍ ചൂണ്ടിക്കാട്ടി.
മതപരമായ ആചാരങ്ങള്‍ ഭരണഘടനാ അവകാശമാണ്. വഖ്ഫ് ഭേദഗതിയിലൂടെ അനുഛേദം 26ന്റെ ലംഘനമാണ് നടത്തിയതെന്നും കപില്‍ സിബല്‍ വാദിച്ചു. ഹരജികളില്‍ വാദം കേള്‍ക്കുന്നത് 3.30 വരെ തുടരും. നിരവധി സംഘടനകളാണ് വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. എല്ലാവരുടെയും വാദം കേള്‍ക്കല്‍ ഇന്ന് അസാധ്യമായതിനാല്‍ വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.
ഈ മാസം ആദ്യവാരം പാര്‍ലിമെന്റ് പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് 65ലേറെ ഹരജികളാണ് സുപ്രീം കോടതിയിലെത്തിയത്. മുസ്ലിം സംഘടനകള്‍, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സി പി എം, സി പി ഐ, ആം ആദ്മി തുടങ്ങി നിരവധി കക്ഷികള്‍ ഹരജി നല്‍കിയിരുന്നു.