Connect with us

From the print

വഖ്ഫ് ഭേദഗതി നിയമം: ഹരജികള്‍ വേഗത്തില്‍ പരിഗണിക്കും

സ്റ്റേ ചെയ്യണമെന്ന് ആവശ്യം.

Published

|

Last Updated

ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ വേഗത്തില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി. മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ചിന് മുന്നില്‍ വിഷയം മെന്‍ഷന്‍ ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജംഇയ്യത്ത് ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ശദ് മദനി സമര്‍പ്പിച്ച ഹരജി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പരാമര്‍ശിച്ചു. വിഷയം പരിശോധിച്ച ശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇ കെ വിഭാഗം സമസ്ത സമര്‍പ്പിച്ച ഹരജിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയും ലോക്സഭാംഗമായ അസദുദ്ദീന്‍ ഉവൈസിക്ക് വേണ്ടി ഹാജരായ നിസാം പാഷയും ഹരജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചു. സമാനമായ മറുപടിയാണ് ചീഫ് ജസ്റ്റിസ് നല്‍കിയത്. എ എ പി. എം എല്‍ എ അമാനത്തുല്ല ഖാന്‍, കോണ്‍ഗ്രസ്സ് എം പി മുഹമ്മദ് ജാവേദ്, എന്‍ ജി ഒ അസ്സോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്നിവരുടെ അഭിഭാഷകരും കോടതിയില്‍ ഹാജരായി. വഖ്ഫ് ഭേദഗതി നിയമം ഭരണഘടനയുടെ 14, 15, 25, 26, 300 എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാവരും ഹരജി സമര്‍പ്പിച്ചത്.

കൂടുതല്‍ ഹരജികള്‍
വഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത്  മുസ്‌ലിം ലീഗ്, ഡി എം കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകളും ഹരജികള്‍ സമര്‍പ്പിച്ചു. നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചത്. ആര്‍ ജെ ഡി നേതാക്കളായ മനോജ് ഝാ, ഫയാസ് അഹ്മദ് എന്നിവരും ഹരജി നല്‍കി.

മുസ്‌ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിനും വ്യക്തിപരമായ അവകാശങ്ങള്‍ക്കും നേരെയുള്ള ഭരണഘടനാവിരുദ്ധമായ ആക്രമണമെന്ന നിലയിലാണ് നിയമത്തെ മുസ്‌ലിം ലീഗ് ചോദ്യം ചെയ്യുന്നത്. ഭേദഗതി ചെയ്ത ഓരോ വകുപ്പും എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്ന് മുസ്‌ലിം ലീഗിന്റെ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വഖ്ഫ് സ്വത്തുക്കളില്‍ ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വഖ്ഫിന്റെ മതപരമായ സത്തയില്‍ നിന്ന് വ്യതിചലിക്കുന്ന സാഹചര്യമുണ്ടാക്കും. ഭേദഗതി നടപ്പാക്കിയാല്‍ രാജ്യമെമ്പാടുമുള്ള വഖ്ഫ് സ്വത്തുക്കളുടെ ഭീമവും പരിഹരിക്കാനാകാത്തതുമായ നഷ്ടത്തിന് ഇടയാക്കുമെന്നും ഹരജയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമം സ്റ്റേ ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ഹാരിസ് ബീരാനും ഹാജരാകും. കപില്‍ സിബലുമായി പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് എം പിമാരും കൂടിക്കാഴ്ച നടത്തി.

മുനമ്പത്ത് കുടിയൊഴിപ്പിക്കരുത്
മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയൊഴിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍. വഖ്ഫ് നിയമ ഭേദഗതി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുനമ്പം വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. മുനമ്പം വിഷയത്തിന് പരിഹാരം കാണുന്നതിന് ബിഷപുമാര്‍ ഉള്‍പ്പടെ ക്രൈസ്തവ മതനേതാക്കളുമായി മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു. വഖ്ഫ് ഭേദഗതി നിയമത്തിന് മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുനമ്പത്തേത് സംസ്ഥാന വിഷയമാണെന്നും അത് അവിടെ പരിഹരിക്കാനാകുമെന്നും ഹരജി നല്‍കുന്നതിന് മുമ്പുള്ള വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.

 

Latest