From the print
വഖ്ഫ് ഭേദഗതി നിയമം: പ്രതിഷേധം കനക്കുന്നു; കൂടുതൽ ഹരജികൾ
ജെ എൻ യുവിൽ വിദ്യാർഥി പ്രതിഷേധം

ന്യൂഡൽഹി | കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ വഖ്ഫ് നിയമത്തിനെതിരെയുള്ള പോരാട്ടം ശക്തമാകുന്നു. നിയമത്തെ ചോദ്യം ചെയ്ത് തെരുവുകളിൽ പ്രതിഷേധം ശക്തമാകുന്നതിനൊപ്പം സുപ്രീം കോടതിയിൽ കൂടുതൽ ഹരജികളെത്തി. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ച് നിയമം വിജ്ഞാപനം ചെയ്തതിന് പിന്നാലെ മൗലാനാ അർശാദ് മദനിയുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമായെ ഹിന്ദും ഇ കെ വിഭാഗം സമസ്തയും ഹരജി സമർപ്പിച്ചു. കോൺഗ്രസ്സ് ലോക്‌സഭാംഗം മുഹമ്മദ് ജാവേദ്, എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഉവൈസി, എ എ പി. എം എൽ എ അമാനത്തുല്ല ഖാൻ എന്നിവർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു. വിഷയത്തിൽ കൂടുതൽ ഹരജികൾ വൈകാതെ സുപ്രീം കോടതിയിലെത്തും. നിയമം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് ഇന്ന് ഹരജി നൽകും. ഹരജി സമർപ്പിക്കുന്നത് ഏകോപിപ്പിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിലെത്തി. ഇടത് പാർട്ടികൾ, ആർ ജെ ഡി ഉൾപ്പെടെയുള്ളവരും വിവിധ മുസ്‌ലിം സംഘടനകളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
നിയമം ഭരണഘടനാവിരുദ്ധമാണെന്നും അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് ഇ കെ വിഭാഗം സമസ്ത ഹരജി സമർപ്പിച്ചത്. നിയമം ഭരണഘടനയുടെ 14, 15, 25, 26, 300 എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും വഖ്ഫ് സ്വത്തുക്കൾ സർക്കാർ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 35 ഭേദഗതികളാണ് നിയമത്തിൽ കൊണ്ടുവന്നിരിക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
വഖ്ഫ് നിയമം ഭരണഘടനാവിരുദ്ധവും മുസ്‌ലിംകളുടെ അവകാശങ്ങൾ കവരുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഹരജി സമർപ്പിച്ചത്. വഫ്ഖ് ബൈ യൂസറിലൂടെ ചരിത്രപരമായി മുസ്‌ലിംകളുടെ കൈവശമെത്തിയതും വാമൊഴിയിലൂടെ വഖ്ഫ് ചെയ്തതുമായ സ്വത്തുക്കൾക്ക് വഖ്ഫ് രേഖകളുള്ളവയല്ല. അതിനാൽ രജിസ്റ്റർ ചെയ്യാത്തവ വഖ്ഫ് സ്വത്തുക്കളാകില്ലെന്ന വ്യവസ്ഥ സ്വത്തുക്കൾ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നിയമത്തിനെതിരെ ജാമിഅ മില്ലിയ്യക്ക് പിന്നാലെ ജെ എൻ യുവിലും പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തിറങ്ങി. എസ് എഫ് ഐ ഉൾപ്പെടെയുള്ള ഇടത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മറ്റ് സംഘടനാ പ്രതിനിധികളും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ മുസ്‌ലിം സംഘടനകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.