National
വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണം; ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിം കോടതിയില്‍
രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.

ന്യൂഡല്‍ഹി | വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി.
രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ബോര്‍ഡിനു വേണ്ടി ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുറഹീം മുജാദിദിയാണ് ഹരജി സമര്‍പ്പിച്ചത്.
ഭേദഗതികള്‍ ഏകപക്ഷീയവും വിവേചനപരവുമെന്ന് ഹരജിയില്‍ പറയുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമം. അതിനാല്‍ കോടതിയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാവണമെന്നും വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ രാഷ്ട്രപതിയെ നേരിട്ട് അറിയിക്കാനായി ബില്ലില്‍ ഒപ്പുവയ്ക്കുംമുമ്പ് രാഷ്ട്രപതിയെ കാണാന്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നേതാക്കള്‍ സമയം തേടിയിരുന്നെങ്കിലും സമയം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചതിനു പിന്നാലെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്‍ ശനിയാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.