National
വഖ്ഫ് ഭേദഗതി നിയമം: മുര്‍ഷിദാബാദില്‍ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
138 പേർ പോലീസ് പിടിയിൽ

ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പോലീസ് വെടിയേറ്റതിനെ തുടര്‍ന്ന് പരുക്കേറ്റ യുവാവും ജാഫ്രാബാദില്‍ വീട്ടില്‍ കയറിയുണ്ടായ ആക്രമണത്തില്‍ പിതാവും മകനുമാണ് കൊലപ്പെട്ടതെന്നാണ് റിപോര്‍ട്ട്.
ഹര്‍ഗോവിന്ദ ദാസ്, ചന്ദന്‍ ദാസ് എന്നിവരെയാണ് വീട്ടില്‍ കയറി ആക്രമിച്ചത്. അക്രമികള്‍ വീട് വളഞ്ഞ് അതിക്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്.
അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 138 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിംതിത, ഷംഷേര്‍ഗഞ്ച്, ജംഗിപുര്‍, ജാഫ്രാബാദ് പ്രദേശങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. റെയില്‍വേ പോലീസ് സേനയും (ആര്‍ പി എഫ്) അതിര്‍ത്തി സുരക്ഷാ സേനയും (ബി എസ് എഫ്) സംഘര്‍ഷ മേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് വിവരം.