Connect with us

Kerala

വഖ്ഫ് ഭേദഗതി ബിൽ: ജനാധിപത്യവിശ്വാസികള്‍ ഭരണഘടനക്ക് കാവല്‍ നില്‍ക്കുക- എസ് എസ് എഫ്

വിശ്വാസ- അനുഷ്ഠാന രീതികളില്‍ അനാവശ്യമായ കൈകടത്തലുകള്‍ നടത്തി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളാണ് കേന്ദ്രം ചെയ്യുന്നത്

Published

|

Last Updated

കോഴിക്കോട് | കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസ്സാക്കിയ വഖ്ഫ് ബിൽ രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റവും ഭരണഘടനാ മൂല്യങ്ങളുടെ നഗ്‌നമായ ലംഘനവുമാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. വഖ്ഫ് ഭേദഗതി ബില്ലിലൂടെ മതേതര രാജ്യത്തിന്റെ ആത്മവിനാണ് വെട്ടേറ്റതെന്നും ജനാതിപത്യ വിശ്വാസികള്‍ ഭരണഘടനക്ക് കാവല്‍ നില്‍ക്കണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

മുസ്ലിം വിഭാഗത്തിന്റെ വിശ്വാസ- അനുഷ്ഠാന രീതികളില്‍ അനാവശ്യമായ കൈകടത്തലുകള്‍ നടത്തി രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷങ്ങള്‍ക്കിടയില്‍ വഖ്ഫ് നിയമങ്ങളെ കുറിച്ച് ഭരണകൂട ചെലവില്‍ വ്യാപകമായ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയപരമായി ചേരിതിരിവ് ഉണ്ടാക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. താത്കാലികമായ ലാഭങ്ങള്‍ക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി രാജ്യത്തിന്റെ അഖണ്ഡതയെയും മൂല്യങ്ങളെയും ബലികഴിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയും ന്യൂനപക്ഷ വിരുദ്ധ ബില്ലുകള്‍ ഭൂരിപക്ഷ മേല്‍ക്കോയ്മയില്‍ ചുട്ടെടുക്കുകയും ചെയ്യുന്നത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിനും മൂല്യങ്ങള്‍ക്കുമെതിരാണ്.

വഖ്ഫ് ബോര്‍ഡ് സി ഇ ഒ മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ നീക്കംചെയ്തതും കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ മുസ്ലിം വിശ്വാസികള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്തിയതും തുടങ്ങി മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്കും വിശ്വാസ സ്വാതന്ത്ര്യത്തിനും മേലുള്ള വ്യക്തമായ കടന്നുകയറ്റമാണ് പുതിയ വഖ്ഫ് ഭേദഗതി ബില്ല്. ഒരു വഖ്ഫ് സ്വത്ത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്താല്‍ അതില്‍ പരിശോധന നടത്താനുള്ള അധികാരം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥ അപകടകരമാണ്. മാത്രമല്ല ഇത്തരമൊരു തര്‍ക്കം ഉയര്‍ന്നാല്‍ ഭേദഗതി നിയമത്തിലെ 3(2) വകുപ്പ് പ്രകാരം അതില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ തര്‍ക്കവസ്തു വഖ്ഫ് സ്വത്തായി പരിഗണിക്കില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കും. മാത്രമല്ല തര്‍ക്കങ്ങള്‍ തീര്‍പ്പുണ്ടാകുന്നത് വരെ പള്ളിയില്‍ ആരാധനകള്‍ക്കും ഖബര്‍ സ്ഥാനില്‍ മയ്യിത്ത് സംസ്‌കരണത്തിനും വിലക്കേര്‍പ്പെടുത്താന്‍ അധികാരികള്‍ ശ്രമിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും. ഇങ്ങനെ ഇസ്ലാമിക താത്പര്യങ്ങളെ ഹനിക്കുന്ന ധാരാളം വ്യവസ്ഥകള്‍ ഭേദഗതി നിയമത്തില്‍ ഉണ്ട്. മുസ്ലിം സമുദായത്തെ സാമ്പത്തികമായി ക്ഷീണിപ്പിക്കാനും മത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കാനുമാണ് ബി ജെ പിയും ആര്‍ എസ് എസും ലക്ഷ്യമിടുന്നത്. മുസ്ലിം വിശ്വാസ രീതിക്കും മതനിയമങ്ങള്‍ക്കും വിരുദ്ധമായ പുതിയ ഭേദഗതികള്‍ പിന്‍വലിച്ചുകൊണ്ട് രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ആശങ്കകള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ ഭരണകൂടം തയ്യാറാവണം. നിയമപരമായ പോരാട്ടങ്ങളിലൂടെ അത് സാധ്യമാക്കേണ്ടതുണ്ടെന്നും എസ് എസ് എഫ് വ്യക്തമാക്കി.

 


---- facebook comment plugin here -----