wakhaf bord bill
വഖഫ് നിയമഭേദഗതി ബില്‍; കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, ഇ ടി എന്നിവര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി
ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയത്
ന്യൂഡല്‍ഹി | വഖഫ് നിയമഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.
ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ജനങ്ങളെ തമ്മില്‍ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നിലവിലുള്ള വഖഫ് നിയമത്തില്‍ അടിമുടി ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ബില്ലിനെതിരെ വ്യാപക പ്രതിഷേധമാണുള്ളത്. വഖഫ് സ്വത്ത് നിര്‍ണയിക്കാനുള്ള അധികാരം സര്‍വേ കമീഷണറില്‍ നിന്ന് എടുത്തുമാറ്റി ജില്ലാ കലക്ടര്‍ക്ക് നല്‍കുന്നതാണ് ഒരു ഭേദഗതി. സംസ്ഥാന വഖഫ് ബോര്‍ഡുകളിലെ അംഗങ്ങള്‍ രണ്ട് അമുസ്‌ലിംകള്‍ ആകണം എന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു.
വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നാകണമെന്ന നിലവിലുള്ള വ്യവസ്ഥയും ബില്ലില്‍ നിന്ന് നീക്കി. വിചിത്രമായ വ്യവസ്ഥകള്‍ അടങ്ങിയ ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിവാദ ബില്ലിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. വഖഫ് ബില്ലിനെ സമാജ്വാദി പാര്‍ട്ടിയും പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.