Kerala
വഖ്ഫ് ഭേദഗതി ബില്‍: കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ മാര്‍ച്ച് 12ന് തൃശൂരില്‍
ഭേദഗതി വഖ്ഫിന്റെ അടിസ്ഥാന തത്വങ്ങളെ ഹനിക്കുന്നത്

തൃശൂര്‍ | വഖ്ഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഈ മാസം 12ന് വൈകിട്ട് നാലിന് തൃശൂരില്‍ പ്രതിഷേധ മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് തൃശൂര്‍ ചെട്ടിയങ്ങാടി പള്ളി പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സ്വരാജ് റൗണ്ട് ചുറ്റി അഞ്ച് മണിയോടെ ഇ എം എസ് സ്‌ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.
ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ക്കെതിരും വഖ്ഫിന്റെ അടിസ്ഥാന തത്വങ്ങളെ ഹനിക്കുന്നതുമാണ് വഖഫ് ഭേദഗതി ബില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ കുറ്റപ്പെടുത്തി. സംയുക്ത പാര്‍ലമെന്റെറി സമിതി (ജെ പി സി) യില്‍ പ്രതിപക്ഷാംഗങ്ങളും ലക്ഷോപലക്ഷം പൊതു ജനങ്ങളും കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാതെ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് വഖഫ് ഭേദഗതി ബില്‍ പാസ്സാക്കിയത്. നിയമപരമായി തന്നെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നു എന്നതാണ് വഖഫ് ഭേദഗതി ബില്ലിന്റെ പ്രധാന പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.
വഖ്ഫ് ബോര്‍ഡിന്റെ അംഗത്വ ഘടനയെ തകിടം മറിച്ചും വഖ്ഫ് നിയമങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ പുനര്‍ നിര്‍വചിച്ചും വഖ്ഫ് സ്വത്തുക്കള്‍ കൈക്കലാക്കാനുള്ള പഴുതുകളെല്ലാം പുതിയ ഭേദഗതി മുഖേന ഉണ്ടാക്കിയെടുത്തിരിക്കുകയാണ്. ഏത് മതത്തില്‍ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും വിശ്വാസ പ്രകാരം അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും നമ്മുടെ ഭരണഘടന ഉറപ്പ് നല്‍കുന്ന വിലപ്പെട്ട അവകാശങ്ങളെല്ലാം ധ്വംസിക്കുന്ന ഭേദഗതിയാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. രാജ്യസഭ പാസ്സാക്കി രണ്ട് ദിവസത്തിനുള്ളിലാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത്. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ല് അംഗീകരിച്ചതോടെ ഏത് വഖ്ഫിലും തര്‍ക്കമുന്നയിക്കപ്പെട്ടാല്‍ അത് വഖ്ഫിന്റെ പരിധിയില്‍ നിന്ന് മാറ്റാന്‍ കഴിയും വിധം ഉദ്യോഗസ്ഥ സംവിധാനമാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വഖ്ഫ് ട്രൈബൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നതാണ് പുതിയ ഭേദഗതിയില്‍ ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ അതിപ്പോഴും സാധ്യമാണ്. പിന്തുടര്‍ച്ചക്കാരില്ലാത്ത വിശ്വാസികള്‍ക്ക് തങ്ങളുടെ സ്വത്ത് കാല ശേഷം വഖ്ഫ് ചെയ്യാനാകാത്ത സ്ഥിതിയും പുതു വിശ്വാസി അഞ്ച് വര്‍ഷത്തിന് ശേഷമേ വഖഫ് പെയ്യാന്‍ പാടുള്ള്ൂവെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി യു അലി, സെക്രട്ടറി സി വി മുസ്തഫ സഖാഫി, സംഘാടക സമിതി കണ്‍വീനര്‍ ശമീര്‍ എറിയാട്, കോ- ഓര്‍ഡിനേറ്റര്‍ റാഫിദ് സഖാഫി, അബ്ദുറസാഖ് അസ്അദി എന്നിവരും സംബന്ധിച്ചു.