Organisation
വഖ്ഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള ശ്രമത്തെ തിരിച്ചറിയണം: റിയാദ് ആര്‍ എസ് സി
പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാന്‍ കഴിയാതെ വോട്ടിനിട്ട് പാസാക്കിയ ബില്ലിന് സുപ്രീം കോടതിയില്‍ തിരിച്ചടി ലഭിച്ചത് ആശ്വാസകരം.

റിയാദ് | ഭരണഘടനാ വിരുദ്ധവും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കാനുള്ളതുമായ ഫാസിസ്റ്റ് നീക്കമാണ് വഖ്ഫ് ഭേദഗതി നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്ന് എന്ന് ആര്‍ എസ് സി റിയാദ് നോര്‍ത്ത് സോണ്‍ വിചാരസദസ്സ് അഭിപ്രായപ്പെട്ടു.
വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. രാജ്യത്തെ മതങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് വഖ്ഫ് ഭേദഗതി നിയമം. ദൈവപ്രീതി ലക്ഷ്യംവെച്ച് വകുപ്പ് ചെയ്ത ഭൂമിയുടെ അവകാശം കൈകടത്താന്‍ മറ്റൊരാളെയും മതം അനുവദിക്കുന്നില്ലെന്നും വിവിധ സെഷനുകളില്‍ റിയാദിലെ മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
വഖ്ഫ് ട്രസ്റ്റുകളില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തി വഖ്ഫ് ബോര്‍ഡിന്റെ അധികാരങ്ങളെ സര്‍ക്കാരിലേക്ക് എത്തിക്കുന്നതിനും രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി മാറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കേന്ദ്രം ഇത്തരത്തിലുള്ള ഭേദഗതിയിലേക്ക് നീങ്ങിയത്. പാര്‍ലിമെന്റില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാന്‍ കഴിയാതെ വോട്ടിനിട്ട് പാസാക്കിയ ബില്ലിന് സുപ്രീം കോടതിയില്‍ തിരിച്ചടി ലഭിച്ചത് ആശ്വാസകരമാണെന്നും വിചാര സദസ്സ് വ്യക്തമാക്കി.
മലാസില്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിചാരസദസ്സ് ഐ സി എഫ് റിയാദ് മുന്‍ പ്രൊവിന്‍സ് സെക്രട്ടറി സൈനുദ്ധീന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. റിയാദ് നോര്‍ത്ത് ചെയര്‍മാന്‍ അഷ്റഫ് സഅദി അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീന്‍ മിസ്ബാഹി, ഷാനിഫ് ഉളിയില്‍, ശിഹാബ് പള്ളിക്കല്‍ വിഷയാവതരണം നടത്തി പ്രസംഗിച്ചു. നിയാസ് മമ്പ്ര സ്വാഗതവും അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.