Connect with us

Kerala

വഖഫ് ഭേദഗതി: മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ ലഭ്യമായ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ മെമ്മോറാണ്ടം ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി(ജെ പി സി) ചെയമാന് അയച്ചു നല്‍കിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര പാര്‍ലമെന്ററി – ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തി.

ഈ മാസം 10 ന് എറണാകുളത്ത് കേരള സംസ്ഥാന വഖഫ് വകുപ്പിന്റെയും വഖഫ് ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ ലഭ്യമായ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ മെമ്മോറാണ്ടം ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി(ജെ പി സി) ചെയമാന് അയച്ചു നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. വഖഫുമായി ബന്ധപ്പെട്ട ഇന്ത്യയിലുള്ള എല്ലാ കാര്യങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള പ്രൊപ്പോസല്‍ ആണ് ജെ പി സിക്ക് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. മെമ്മോറാണ്ടത്തിന്റെ പകര്‍പ്പ് കേന്ദ്രമന്ത്രിക്ക് നല്‍കി. ജെ പി സി അധ്യക്ഷനെ നേരിട്ട് കാണുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളേയും വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിന് പ്രത്യേക ക്ഷണമില്ല. വഖഫ് ബോര്‍ഡിനെ ആണ് ക്ഷണിച്ചിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ കേരളത്തിന്റെ ഭാഗം കേള്‍ക്കുന്നതിന് പ്രത്യേകം സമയം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി കൂടിക്കാഴ്ചയില്‍ ഉറപ്പ് നല്‍കി.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ലഭിക്കുന്ന തുകയ്ക്കായി 400 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചുവെങ്കിലും ആവശ്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇക്കാര്യവും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി അബ്ദുറഹിമാന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും കേന്ദ്രമന്ത്രിയെ അറിയിച്ചു. അടുത്ത ഹജ്ജിന് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

 

Latest