വഖഫ് നിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേട്ടു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് 73 ഹർജികൾ പരിഗണിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾക്ക് കാരണമായ പുതിയ നിയമത്തിലെ പല വ്യവസ്ഥകളെയും കുറിച്ച് കോടതി കേന്ദ്ര സർക്കാരിനോട് ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ചു. പ്രത്യേകിച്ച് ‘വഖഫ് ബൈ യൂസർ’ ഉപയോഗം വഴി വഖഫായി കണക്കാക്കപ്പെടുന്ന സ്വത്തുക്കളുമായി ബന്ധപ്പെട്ട വ്യവസ്ഥകളെയും, കേന്ദ്ര വഖഫ് കൗൺസിലിൽ മുസ്ലിമേതര അംഗങ്ങളെ ഉൾപ്പെടുത്തുന്ന വ്യവസ്ഥയെയും കോടതി ചോദ്യം ചെയ്തു. ഹിന്ദു എൻഡോവ്‌മെന്റ് ബോർഡുകളിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറുണ്ടോ എന്നായിരുന്നു സുപ്രീം കോടതിയുടെ നിർണായക ചോദ്യം. ഹരജികളിൽ കോടതിയിൽ വാദം നാളെയും തുടരും.
ഇന്നത്തെ വാദത്തിൽ കോടതി മുന്നോട്ടുവെച്ച ചില നിർണായക നിരീക്ഷണങ്ങളും ചോദ്യങ്ങളും അന്തിമ വിധിയിൽ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം:
‘വഖഫ് ബൈ യൂസർ’ വ്യവസ്ഥയിലെ ആശങ്കകൾ ആണ് ഇതിൽ ആദ്യത്തേത്. ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, പുതിയ നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടനയുടെ ആർട്ടിക്കിൾ 26 ന്റെ ലംഘനമാണെന്ന് വാദിച്ചു. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ഈ അനുച്ഛേദം ഉറപ്പുനൽകുന്നത്. കളക്ടർക്ക് പുതിയ നിയമം നൽകുന്ന അധികാരങ്ങളെയും സിബൽ ചോദ്യം ചെയ്തു. കളക്ടർ സർക്കാരിന്റെ ഭാഗമാണെന്നും, അദ്ദേഹം ഒരു ജഡ്ജിയുടെ പങ്ക് വഹിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു.
‘വഖഫ് ബൈ യൂസർ’ എന്ന വ്യവസ്ഥയെ സിബൽ പ്രത്യേകം പരാമർശിച്ചു. ഈ വ്യവസ്ഥ പ്രകാരം, ഔദ്യോഗിക രേഖകളില്ലാതെ പോലും ദീർഘകാലമായി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്വത്തുക്കളെ വഖഫായി കണക്കാക്കുന്നു. എന്നാൽ പുതിയ നിയമത്തിൽ ഇത്തരം ഭൂമികളെ വഖഫിൽ നിന്ന് ഒഴിവാക്കാൻ അവസരം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെ സിബൽ ചോദ്യം ചെയ്തു.
‘വഖഫ് ബൈ യൂസർ’ ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു സിബലിന്റെ വാദം. പുതിയ വ്യവസ്ഥ അംഗീകരിക്കപ്പെട്ടാൽ 3000 വർഷങ്ങൾക്ക് മുമ്പ് ഒരു വഖഫ് സ്ഥാപിക്കപ്പെട്ടതാണെങ്കിൽ പോലും, അതിന്റെ രേഖകൾ ചോദിക്കുന്ന സ്ഥിതി ഉണ്ടാകുമെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. രാജ്യത്തെ എട്ട് ലക്ഷം വഖഫ് സ്വത്തുക്കളിൽ നാല് ലക്ഷവും ‘വഖഫ് ബൈ യൂസർ’ ഗണത്തിൽ വരുന്നതാണെന്ന് മറ്റൊരു അഭിഭാഷകനായ അഭിഷേക് സിംഗ്‌വിയും കോടതിയെ അറിയിച്ചു.
ഇവിടെ ഇടപെട്ട ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ഡൽഹി ഹൈക്കോടതി പോലും വഖഫ് ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു. എല്ലാ ‘വഖഫ് ബൈ യൂസറും’ തെറ്റാണെന്ന് പറയുന്നില്ലെന്നും, എന്നാൽ ഇതിൽ ആശങ്കകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വഖഫ് ബൈ യൂസർ’ പ്രകാരം ദീർഘകാലമായി നിലനിൽക്കുന്ന വഖഫുകൾ എങ്ങനെ രജിസ്റ്റർ ചെയ്യുമെന്നും, അവർക്ക് എന്ത് രേഖകളാണ് ഉണ്ടാകുകയെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. വഖഫിന്റെ ഭാഗമായ പല പള്ളികളും 13, 14, 15 നൂറ്റാണ്ടുകളിൽ നിർമ്മിച്ചതാണെന്നും അവയ്ക്ക് രേഖകൾ ഹാജരാക്കാൻ കഴിയില്ലെന്നും അദ്ദേഹം പരാമർശിച്ചു. ഡൽഹിയിലെ ജുമാ മസ്ജിദ് പോലുള്ളവ ‘വഖഫ് ബൈ യൂസർ’ പ്രകാരം നിലവിൽ വന്നവയാണെന്നും പുതിയ നിയമം അനുസരിച്ച്, ഇത്തരം സ്വത്തുക്കൾ വഖഫ് ബോർഡിന്റെ നിയന്ത്രണത്തിൽ നിന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
‘വഖഫ് ബൈ യൂസർ’ സ്വത്തുക്കൾ ഡീ-നോട്ടിഫൈ ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. നിയമനിർമാണ സഭയ്ക്ക് ഒരു കോടതി വിധിയെ അസാധുവാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ചില ദുരുപയോഗങ്ങൾ ഉണ്ടായിരിക്കാം, എന്നാൽ യഥാർത്ഥ വഖഫുകളും നിലവിലുണ്ട്. പ്രിവി കൗൺസിൽ വിധികൾ താൻ പരിശോധിച്ചിട്ടുണ്ടെന്നും, ‘വഖഫ് ബൈ യൂസർ’ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് റദ്ദാക്കിയാൽ പ്രശ്നങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് കൗൺസിലിൽ മുസ്ലിമേതര അംഗങ്ങളെ ഉൾപ്പെടുത്തുന്നത സംബന്ധിച്ച വിഷയത്തിലും സുപ്രീം കോടതി ഇടപെട്ടു. പുതിയ നിയമത്തിലെ കേന്ദ്ര വഖഫ് കൗൺസിലിന്റെ ഘടനയെ ചോദ്യം ചെയ്ത കോടതി, എക്സ്-ഓഫീഷ്യോ അംഗങ്ങൾ ഒഴികെ മറ്റെല്ലാ അംഗങ്ങളും ഇസ്‍ലാം മതവിശ്വാസികൾ ആയിരിക്കണമെന്ന് നിർദ്ദേശിച്ചു. “ഹിന്ദു എൻഡോവ്‌മെന്റ് ബോർഡുകളിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താൻ നിങ്ങൾ തയ്യാറുണ്ടോ? തുറന്നു പറയൂ,” എന്നായിരുന്നു കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസിന്റെ നിർണായക ചോദ്യം.
അതിനിടെ, പുതിയ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. സുപ്രീം കോടതി വിഷയം പരിഗണിക്കുന്ന സാഹചര്യത്തിൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിഷേധക്കാർ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണെന്ന് തുഷാർ മേത്ത പറഞ്ഞപ്പോൾ, ആരാണ് സമ്മർദ്ദം ചെലുത്തുന്നതെന്ന് അറിയില്ലെന്ന് കപിൽ സിബൽ പ്രതികരിച്ചു. നിയമത്തിലെ നല്ല വശങ്ങൾ ഉയർത്തിക്കാട്ടണമെന്നും കോടതി അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയുടെ ഇന്നത്തെ നിർണായകമായ നിരീക്ഷണങ്ങൾ അന്തിമ വിധിയിൽ പ്രതിഫലിക്കുമെന്നാണ് നിയമരംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ‘വഖഫ് ബൈ യൂസർ’ വ്യവസ്ഥ റദ്ദാക്കുന്നത് ദീർഘകാലമായി നിലനിൽക്കുന്ന നിരവധി വഖഫ് സ്വത്തുക്കളുടെ നിയമപരമായ നിലനിൽപ്പിനെ ബാധിക്കുമെന്ന കോടതിയുടെ ആശങ്ക ഗൗരവമായി പരിഗണിക്കപ്പെട്ടേക്കാം. ഈ ഭാഗം പുനഃപരിശോധിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കാനുള്ള സാധ്യതയുണ്ട്. അന്തിമ വിധിയിൽ ‘വഖഫ് ബൈ യൂസർ’ എന്ന ആശയം നിലനിർത്തുന്നതിന് പ്രാധാന്യം നൽകുവാനായിരിക്കും കോടതി ശ്രമിക്കുക.
വഖഫ് ബോർഡുകളിൽ മുസ്ലിം അംഗങ്ങൾ മാത്രമേ ഉണ്ടാകാവൂ എന്ന നിരീക്ഷണവും അന്തിമ വിധിയിൽ ഉണ്ടാകാനിടയുണ്ട്. അങ്ങിനെ വന്നാൽ, നിയമത്തിലെ ഈ ഭാഗത്ത് മാറ്റങ്ങൾ വരുത്തേണ്ടി വരും. ഹിന്ദു എൻഡോവ്‌മെന്റ് ബോർഡുകളിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കോടതിയുടെ ചോദ്യം ഈ വിഷയത്തിൽ ഒരു സമതുലിതമായ സമീപനം സ്വീകരിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കളക്ടർക്ക് നൽകിയിട്ടുള്ള ജുഡീഷ്യൽ അധികാരങ്ങളെക്കുറിച്ചുള്ള ഹർജിക്കാരുടെ വാദങ്ങളെ കോടതി ഗൗരവമായി പരിഗണിച്ചാൽ, ഈ അധികാരങ്ങൾ വെട്ടിച്ചുരുക്കാനോ അല്ലെങ്കിൽ മറ്റ് സംവിധാനങ്ങൾക്ക് കൈമാറാനോ സാധ്യതയുണ്ട്.
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീം കോടതിയുടെ വാദം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീണ്ടും തുടരും. അന്തിമ വിധി എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് നിയമ വിദഗ്ധരും പൊതുസമൂഹവും. എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം, നിയമത്തിലെ ചില പ്രത്യേക വ്യവസ്ഥകൾ റദ്ദാക്കിക്കൊണ്ടോ, ഭേദഗതികൾ വരുത്തിക്കൊണ്ടോ അല്ലെങ്കിൽ ഹർജികൾ തള്ളിക്കൊണ്ടോ കോടതിക്ക് അന്തിമ വിധി പുറപ്പെടുവിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.