articles
വഖ്ഫ്: സാമൂഹിക ക്ഷേമത്തിന്റെ ഇസ്‌ലാമിക മാതൃക
സാമ്പത്തിക പിന്തുണ ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും വഖ്ഫ് ചെയ്യപ്പെട്ടിട്ടുണ്ട്. റോഡുകളും പാലങ്ങളും നിര്‍മിക്കാന്‍, മരണപ്പെട്ടവരെ മറവു ചെയ്യാന്‍, കഫന്‍ പുടവകള്‍ വാങ്ങാന്‍, അംഗപരിമിതരെ സംരക്ഷിക്കാന്‍, വിവാഹ സഹായം നല്‍കാന്‍, ഗര്‍ഭിണികള്‍ക്ക് മികച്ച ആഹാരം ലഭ്യമാക്കാന്‍, കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാന്‍, മൃഗങ്ങളെ ചികിത്സിക്കാന്‍, ഹജ്ജ് വേളകളില്‍ മക്കയിലും മദീനയിലും എത്തുന്ന മൃഗങ്ങള്‍ക്ക് പുല്ലും വെള്ളവും നല്‍കാന്‍ വരെ ഇസ്‌ലാമിലെ വഖ്ഫുകള്‍ ഉണ്ടായിട്ടുണ്ട്.
സമ്പത്തിന്റെ യഥാര്‍ഥ ഉടമ സ്രഷ്ടാവായ അല്ലാഹുവാണ്. വ്യത്യസ്ത അളവില്‍ അതിന്റെ താത്കാലിക വിനിമയാധികാരം പലര്‍ക്കും അവന്‍ നല്‍കുന്നു. ഇതവര്‍ക്ക് ഒറ്റക്ക് ഉപയോഗിക്കാന്‍ വേണ്ടിയല്ല. “നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക’ (സൂറത്ത് യാസീന്‍). സമ്പത്ത് ലഭിച്ചവര്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് പങ്കുവെക്കണം. സാമൂഹിക ക്ഷേമം ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല. ശേഷിയുള്ള മുഴുവനാളുകളും പങ്കാളികളാകണം. അതിനുള്ള ഏറ്റവും മികച്ച ജനകീയ പദ്ധതിയാണ് ഇസ്‌ലാമിലെ വഖ്ഫ്.
താന്‍ നല്‍കിയ സമ്പത്ത് ജനോപകാരപ്രദമായ രീതിയില്‍ ചെലവഴിക്കുന്നവരോടാണ് സ്രഷ്ടാവിന് ഇഷ്ടം. നബി(സ) പറയുന്നു, സര്‍വ സൃഷ്ടികളും അല്ലാഹുവിന്റെ ആശ്രിതരാണ്. തന്റെ ആശ്രിതരായവര്‍ക്ക് ഏറ്റവും ഉപകാരം ചെയ്യുന്നവരോടാണ് അല്ലാഹുവിന് കൂടുതല്‍ സ്‌നേഹം (ത്വബ്‌റാനി). അല്ലാഹു തന്ന സമ്പത്തിലൂടെ സഹജീവികളുടെ ക്ഷേമം ഉറപ്പാക്കി അവന്റെ തൃപ്തി സമ്പാദിക്കുന്നതിനുള്ളതാണ് വഖ്ഫ്.
മൂല വസ്തു അല്ലാഹുവിന്റെ തൃപ്തിക്കായി നിലനിര്‍ത്തി അതിന്റെ ഗുണഫലങ്ങള്‍ നിശ്ചിത വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ മാറ്റിവെക്കുന്ന സമ്പത്താണ് വഖ്ഫ്. സാമൂഹികക്ഷേമപരമായി വിവിധ കാര്യങ്ങള്‍ക്കായി വിശ്വാസികള്‍ അവരുടെ അധ്വാനത്തിന്റെ ഭാഗം ദാനം ചെയ്തിട്ടുണ്ട്. വഖ്ഫ് കാരുണ്യമാണ്, ആര്‍ദ്രതയാണ്. അത് കിരാതമാണെന്ന് പറയുന്നത് അപര വിദ്വേഷമാണ്.
വഖ്ഫിന്റെ തുടക്കം
സാമൂഹിക പുരോഗതിയില്‍ ഏറെ പങ്കുവഹിച്ച വഖ്ഫ് സമ്പ്രദായത്തിന് തുടക്കമിട്ടത് പ്രവാചകര്‍ മുഹമ്മദ് നബി(സ) തന്നെയാണ്. തന്റെ ചില അനുയായികള്‍ ദാനം നല്‍കിയ ഏഴ് തോട്ടങ്ങള്‍ ദരിദ്രര്‍ക്കും സാധുജനങ്ങള്‍ക്കും വേണ്ടി നബി(സ) വഖ്ഫ് ചെയ്തു. ശേഷം ഉമര്‍(റ) തന്റെ ഖൈബറിലെ ഭൂമി സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി വഖ്ഫ് ചെയ്തു. തുടര്‍ന്ന് അബൂബക്കര്‍ സിദ്ദീഖ്(റ), ഉസ്മാന്‍(റ), അലി(റ), സുബൈര്‍(റ) തുടങ്ങിയവരെല്ലാം ഇതേ വഴി പിന്തുടര്‍ന്നു. ജാബിര്‍(റ) പറയുന്നു, പ്രവാചക ശിഷ്യന്മാരില്‍ നിന്ന് കഴിവുള്ളവരാരും വഖ്ഫ് ചെയ്യാതിരുന്നിട്ടില്ല (തുഹ്ഫ).
സൂറത്തുല്‍ ബഖറയിലെ 245ാം സൂക്തം അല്ലാഹുവിന്റെ തൃപ്തിക്കായി പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ അബുദഹ്ദാഹ്(റ) എന്ന സ്വഹാബി നബി(സ)യെ സമീപിച്ചുകൊണ്ട് പറഞ്ഞു, അവിടുന്ന് കൈ നീട്ടിത്തരണം. ഞാനെന്റെ എഴുന്നൂറ് കുലക്കുന്ന ഈന്തപ്പനകളുള്ള തോട്ടം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുകയാണ്. നബി(സ) അതിന് അംഗീകാരം കൊടുത്തു. ഉടനെ അബുദഹ്ദാഹ് ആ തോട്ടത്തില്‍ താമസിക്കുകയായിരുന്ന കുടുംബത്തോട് തന്റെ ദാനത്തെ പറ്റി പറഞ്ഞപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് തന്റെ ഭാര്യയും മക്കളും വീടും തോട്ടവും വിട്ടിറങ്ങിയത്.
വഖ്ഫിന്റെ വൈപുല്യം
മുസ്‌ലിംകള്‍ വഖ്ഫ് ചെയ്ത മേഖലകള്‍ വിപുലമാണ്. സാമ്പത്തിക പിന്തുണ ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും വഖ്ഫ് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ അതിപ്രധാനമാണ് ഇസ്‌ലാമിന്റെ ആത്മീയ, സാംസ്‌കാരിക കേന്ദ്രങ്ങളായ മസ്ജിദുകള്‍. നെറ്റിത്തടം വെച്ച് സുജൂദ് ചെയ്യുന്നതിനാല്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നു. പള്ളികളോടനുബന്ധിച്ച് വിപുലമായ ശൗചാലയങ്ങള്‍ ഒരുക്കിയിരിക്കും. ശുദ്ധജലം ലഭ്യമാക്കും. യാത്രക്കാരുടെയും പാവപ്പെട്ടവരുടെയും അഭയ കേന്ദ്രങ്ങള്‍ കൂടിയാണ് പള്ളികള്‍. ഇതിനായി വിശ്വാസികള്‍ വഖ്ഫ് ചെയ്തത് കണക്കറ്റ സമ്പത്തുകളാണ്.
പാഠശാലകള്‍, ആശുപത്രികള്‍, പര്‍ണശാലകള്‍ തുടങ്ങിയവക്കും അനവധി പേര്‍ വഖ്ഫ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ പോലും ഏക്കര്‍ കണക്കിന് ഭൂമികളാണ് മുസ്‌ലിംകള്‍ ഇതിനായി മാറ്റിവെച്ചത്. യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ വീടുകള്‍ വഖ്ഫ് ചെയ്തവരുണ്ട്. പാവപ്പെട്ടവര്‍ക്കായി കാന്റീന്‍ നടത്താനും കുളി, പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനും ധാരാളം വഖ്ഫുകളുണ്ട്. മക്കയില്‍ ഹജ്ജിനെത്തുന്നവര്‍ക്കായി താമസിക്കാന്‍ അനേകം കെട്ടിടങ്ങള്‍ മുന്‍ഗാമികള്‍ വഖ്ഫ് ചെയ്തിരുന്നു.
ബഗ്ദാദ് മുതല്‍ മക്ക വരേക്കും ദമസ്‌കസ് മുതല്‍ മദീന വരേക്കുമുള്ള വഴിയോരങ്ങളില്‍ യാത്രക്കാര്‍ക്കായി കിണറുകള്‍ വഖ്ഫ് ചെയ്യപ്പെട്ടിരുന്നു. കാരന്തൂര്‍ മര്‍കസിന് കീഴില്‍ തന്നെ ആയിരക്കണക്കിന് കിണറുകള്‍ കുഴിച്ചു നല്‍കിയത് ഈ മാതൃക പിന്തുടര്‍ന്നാണ്.
റോഡുകളും പാലങ്ങളും നിര്‍മിക്കാന്‍, മരണപ്പെട്ടവരെ മറവു ചെയ്യാന്‍, മരിച്ചവരെ ധരിപ്പിക്കുന്ന കഫന്‍ പുടവകള്‍ വാങ്ങാന്‍, അംഗപരിമിതരെ സംരക്ഷിക്കാന്‍, യുവതി-യുവാക്കള്‍ക്ക് വിവാഹ സഹായം നല്‍കാന്‍, ഗര്‍ഭിണികള്‍ക്ക് മികച്ച ആഹാരം ലഭ്യമാക്കാന്‍, കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാന്‍, മൃഗങ്ങളെ ചികിത്സിക്കാന്‍, ഹജ്ജ് വേളകളില്‍ മക്കയിലും മദീനയിലും എത്തുന്ന മൃഗങ്ങള്‍ക്ക് പുല്ലും വെള്ളവും നല്‍കാന്‍ വരെ ഇസ്‌ലാമിലെ വഖ്ഫുകള്‍ ഉണ്ടായിട്ടുണ്ട്.
ചുരുക്കത്തില്‍ അതിവിപുലമായ സാമൂഹികക്ഷേമ പദ്ധതിയുടെ ഉദാത്തമായ മാതൃകയാണ് ഇസ്‌ലാമിലെ വഖ്ഫ്. ഇതിനെ കിരാതമെന്നാക്ഷേപിക്കണമെങ്കില്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം തലക്ക് പിടിക്കുക തന്നെ വേണം.
മുനമ്പത്തെ വിവാദ ഭൂമി വഖ്ഫ് ഭൂമിയാണെന്ന് അതിന്റെ ആധാരവും കോടതി വിധിയും പരിശോധിച്ചാല്‍ അറിയാം. പല ഭൂമികളും- വ്യക്തികളുടേത് മുതല്‍ സര്‍ക്കാര്‍ ഭൂമി വരെ- പലരും കൈയേറുകയും മറിച്ചു വില്‍ക്കുകയും വീടും കെട്ടിടങ്ങളുമുണ്ടാക്കി ഉപയോഗിച്ച് വരികയും ചെയ്യുന്നുണ്ട്. നിയമപരമായ നടപടികളിലൂടെ അത്തരം കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതും അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റുന്നതും സാധാരണമാണ്. ഭൂമി തട്ടിപ്പുകാരില്‍ നിന്ന് സ്ഥലം വാങ്ങിയ നിരപരാധികളായ പാവപ്പെട്ടവരും ചിലപ്പോള്‍ ഉണ്ടാകും. അത്തരക്കാര്‍ മാനുഷിക പരിഗണന അര്‍ഹിക്കുന്നവരാണ്. അതിനുള്ള പരിഹാരത്തെ കുറിച്ച് ചിന്തിക്കേണ്ടത് സര്‍ക്കാറാണ്. ഇതിന് പകരം വഖ്ഫ് സമ്പ്രദായമാണ് എല്ലാ പ്രശ്‌നത്തിനും കാരണം എന്ന് പറഞ്ഞ് പച്ചവര്‍ഗീയത ഉത്പാദിപ്പിക്കുന്നവരുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടമാണ്.
ഇവിടെ ആദ്യം പരിശോധിക്കപ്പെടേണ്ടത്, വഖ്ഫ് ഭൂമിയുടെ കൈകാര്യം വഖ്ഫ് ചെയ്തവര്‍ ഏല്‍പ്പിച്ച ഫാറൂഖ് കോളജ് അധികൃതരുടെ വഴിവിട്ട ഇടപാടുകളാണ്. വഖ്ഫ് ഭൂമി സംരക്ഷിക്കുന്നതിന് പകരം അത് വില്‍പ്പന നടത്താന്‍ അവര്‍ക്ക് എങ്ങനെ സാധിച്ചു? അതിന് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്? ഇതൊന്നും അന്വേഷിക്കപ്പെടാതെ സമുദായത്തെ മറയാക്കി തടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചതു കൊണ്ട് കാര്യമില്ല. ഇത് പല വഖ്ഫ് കൈയേറ്റക്കാര്‍ക്കും വളമായി മാറും. മുനമ്പത്തെ വഖ്ഫ് ഭൂമിയില്‍ കുറെ പേര്‍ കൈയേറ്റക്കാരായിരിക്കാം. എങ്കിലും ഏറെ പേര്‍ ഭൂമിയെ സംബന്ധിച്ച് അറിയാതെ വില കൊടുത്ത് വാങ്ങിയവരുമാണ്. അത്തരക്കാര്‍ വഞ്ചിക്കപ്പെട്ടതാണെങ്കില്‍ വഞ്ചിതരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കിയാണ് പ്രശ്‌നം പരിഹരിക്കേണ്ടത്.
ഭൂമി ദേവസ്വത്തിന്റേതാണെങ്കിലും ക്രിസ്ത്യന്‍ ചര്‍ച്ചിന്റേതാണെങ്കിലും മുസ്‌ലിം വഖ്ഫ് സ്വത്താണെങ്കിലും നീതിയും നിയമവും മാനദണ്ഡമാക്കിയാകണം പരിഹാരം കാണേണ്ടത്. ഭീഷണികള്‍ക്ക് വഴങ്ങി താത്കാലിക പരിഹാരത്തിന് ശ്രമിക്കുന്നതിന്റെ ദുരന്തം ദൂരവ്യാപകമായിരിക്കും. എന്നാല്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് പരമാവധി വിട്ടുവീഴ്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനാണ് മുസ്്ലിം സമുദായം ആഗ്രഹിക്കുന്നത്. അതേസമയം, ഭൂമാഫിയകളോട് ഈ ഔദാര്യം ഒരിക്കലും കാണിക്കേണ്ടതുമില്ല.