wakaf issue
വഖ്ഫ് നിയമനം: മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
അടുത്തമാസം 20ന് തിരുവനന്തപുരത്താണ് യോഗം
തിരുവനന്തപുരം | സംസ്ഥാനത്തെ വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. അടുത്തമാസം 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് നേരത്തെ സുന്നി നേതാക്കളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്കും ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
ഇന്നലെ നിയമസഭയില്‍ ചോദ്യത്തോര വേളയില്‍ വഖ്ഫ് ബോര്‍ഡ് നിയമനം ഒരിടവേളക്ക് ശേഷം വീണ്ടും ചര്‍ച്ചയായിരുന്നു. വഖ്ഫ് നിയമനം പി എസ് സിക്ക് വിടുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോകുമെന്ന് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നടപടി സുതാര്യമാണെന്നും നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് നിയമസഭയില്‍ പ്രതിഷേധിച്ചിരുന്നു. ലീഗ് വഖ്ഫ് വിഷയത്തില്‍ തുടര്‍ പ്രക്ഷോഭവും തുടങ്ങിയിരുന്നു. ഈ ഒരു സാഹചര്യത്തില്‍ സമുദായത്തിനുള്ളില്‍ തെറ്റിദ്ധാരണ പരത്താല്‍ ലീഗ് നീക്കം ഇടയാക്കിയേക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി ഔദ്യോഗികമായി തീരുമാനിച്ചത്.