Connect with us

Kerala

വഖഫ് നിയമനം: നിയമ ഭേദഗതി നടത്താനുള്ള തീരുമാനം സ്വാഗതാർഹം: കാന്തപുരം

വഖഫ് ബോർഡിലെ നിയമനങ്ങൾ സുതാര്യമാക്കണമെന്നും പി എസ് സിക്ക് വിടുമ്പോൾ ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Published

|

Last Updated

കോഴിക്കോട് | വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച് വഖഫ് നിയമന വിഷയത്തിൽ നിയമ ഭേദഗതി നടത്താനുള്ള സർക്കാർ തീരുമാനം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സ്വാഗതം ചെയ്തു. വഖഫ് ബോർഡിലെ വിവിധ തസ്തികകളിൽ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

വഖഫ് ബോർഡിലെ നിയമനങ്ങൾ സുതാര്യമാക്കണമെന്നും പി എസ് സിക്ക് വിടുമ്പോൾ ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും സർക്കാർ വിളിച്ചുചേർത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിലും മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തുടങ്ങിവെച്ച ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു.