Connect with us

Kerala

വഖ്ഫ് നിയമനം പി എസ് സിക്ക്; ലീഗ് എതിര്‍പ്പിന് പിന്നില്‍ അപ്രമാദിത്വം നഷ്ടപ്പെടുമെന്ന ആശങ്ക

Published

|

Last Updated

കോഴിക്കോട് | നിയമനം പി എസ് സിക്ക് വിട്ടതിലുള്ള ലീഗിന്റെ എതിര്‍പ്പിന് പിന്നില്‍ വഖ്ഫ് ബോര്‍ഡില്‍ കാലങ്ങളായുള്ള അപ്രമാദിത്വം നഷ്ടപ്പെടുമെന്ന ആശങ്ക. സാമുദായിക സ്നേഹത്തിനപ്പുറം വോട്ട് ബേങ്ക് രാഷ്ട്രീയമാണ് ലീഗിന്റെ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നാണ് വിമര്‍ശം. കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ കൊള്ള ചെയ്യപ്പെട്ടപ്പോഴും അന്യാധീനപ്പെട്ട സംഭവങ്ങളിലും ഇല്ലാതിരുന്ന ആശങ്ക ലീഗ് നേതാക്കള്‍ക്ക് നിയമന വിഷയത്തില്‍ ഉണ്ടാകുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

സമുദായവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റിലുള്‍പ്പെടെ നിര്‍ണായക തീരുമാനമെടുക്കേണ്ട ഘട്ടത്തില്‍ അന്ധമായ സമീപനം സ്വീകരിച്ച പാര്‍ട്ടി വഖ്ഫ് നിയമന വിഷയം സാമുദായിക വികാരമുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത് ഗുഢലക്ഷ്യത്തോടെയാണെന്നും വിമര്‍ശനമുയരുകയാണ്. ഏത് ഭരണം വന്നാലും വഖ്ഫ് ബോര്‍ഡിലെ ചില ഉദ്യോ ഗസ്ഥരില്‍ നിന്ന് ലീഗിന് അനുകൂല സമീപനങ്ങള്‍ ഉണ്ടാകാറുണ്ടെന്ന ആക്ഷേപമുണ്ട്. ഈ സ്വാധീനമുപയോഗിച്ച് പല മഹല്ലുകളിലും ലീഗിന്റെ രാഷ്ട്രീയ ഇടപെടലുകളുമുണ്ടാകാറുണ്ട്. മഹല്ലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വോട്ട് ബേങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ലീഗ് സ്വീകരിക്കുന്ന നിലപാടാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുള്‍പ്പെടെ 12 സീറ്റുകള്‍ നഷ്ടപ്പെട്ട ലീഗ് മഹല്ലുകളിലുള്‍പ്പെടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുമ്പോഴാണ് വഖ്ഫ് ബോര്‍ഡിലെ ഉദ്യോ ഗസ്ഥരുടെ നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനമുണ്ടായത്.

സമുദായത്തിനിടയില്‍ തന്നെ പിന്തുണ നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആത്മീയ പരിപാടികളിലും മഹല്ല് കേന്ദ്രീകരിച്ചുള്ള പരിപാടികളിലെ കമ്മിറ്റികളിലും സജീവമാകാനുള്ള നീക്കം. വഖ്ഫ് ബോര്‍ഡ് പി എസ് സിക്ക് വിടുന്നത് മുസ്ലിം സമുദായത്തെ പൊതുവെ ബാധിക്കുന്ന പ്രശ്നമായി അവതരിപ്പിച്ച് സമുദായത്തിന്റെ പിന്തുണ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വഖ്ഫ്ബോര്‍ഡില്‍ അമുസ്ലിംകളായ ജീവനക്കാര്‍ നിയമിക്കപ്പെട്ട കണക്കുകള്‍ പുറത്തുവന്നതോടെ ലീഗ് നീക്കം പാളി. ഇതിന് പുറമെ വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ടത് ലീഗ് നേതാക്കള്‍ കൂടി പങ്കെടുത്ത വഖ്ഫ് ബോര്‍ഡ് യോഗത്തിലാണെന്ന രേഖകളും പുറത്തു വന്നു. വഖ്ഫ് ബോര്‍ഡില്‍ അനധികൃത നിയമനം നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രമുഖ ലീഗ് നേതാവ് സമ്മതിച്ചിരുന്നു. ഇത് ഇടതു ഭരണകാലത്തായിരുന്നു എന്നായിരുന്നു ന്യായം. ഇത്തരം അനധികൃത നിയമനങ്ങള്‍ക്ക് തടയിടാന്‍ പി എസ് സിക്ക് വിടുന്നത് അല്ലേ നല്ലത് എന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് മറുപടി ഇല്ലായിരുന്നു.

വിവിധ സംഘടനകളുടെ പിന്തുണ തേടുകയെന്ന പേരില്‍ കഴിഞ്ഞ ദിവസം മുസ്ലിം സംഘടനകളെ ഉള്‍പ്പെടുത്തി കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത യോഗവും ഉദ്ദേശിച്ച ഫലം ചെയ്തില്ല. യോഗ ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും നേതാക്കള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. മുസ്ലിം ലീഗിലെ ചില നേതാക്കളുടെ ഇംഗിതത്തിനനുസരിച്ചായിരുന്നു നേരത്തേ വഖ്ഫ് ബോര്‍ഡിലെ നിയമനങ്ങള്‍ നടന്നിരുന്നത്. ലീഗ് കൈവെള്ളയില്‍ കൊണ്ടുനടന്നിരുന്ന നിയമനത്തിലെ കുത്തക തകരുന്നുവെന്ന ആശങ്കയും പാര്‍ട്ടി പ്രതിഷേധത്തിന് പിന്നിലുണ്ട്.

 

 

Latest