National
വഖ്ഫ് ബില്‍ ചര്‍ച്ച: പ്രിയങ്ക പാര്‍ലിമെന്റില്‍ എത്താതിരുന്നത് വിപ്പ് ലംഘിച്ച്; സഭയില്‍ ഉണ്ടായിട്ടും മിണ്ടാതെ രാഹുല്‍
ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും വയനാട്ടില്‍ നിന്നുള്ള എം പിയായ പ്രിയങ്ക പങ്കെടുത്തില്ല

ന്യൂഡല്‍ഹി | പാര്‍ട്ടി വിപ്പ് ലംഘിച്ച് പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലെ വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത് ചര്‍ച്ചയാവുന്നു.
ചര്‍ച്ചയുടെ ഒരു ഘട്ടത്തിലും വയനാട്ടില്‍ നിന്നുള്ള എം പിയായ പ്രിയങ്ക പങ്കെടുത്തില്ല. അസാന്നിധ്യത്തിന്റെ കാരണം പ്രിയങ്കയും പാര്‍ട്ടിയും വ്യക്തമാക്കിയില്ല. ക്രൈസ്തവ വിഭാഗത്തിന്റെ പ്രീതി നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രപൂര്‍വമായ പിന്‍മാറ്റമാണ് പ്രിയങ്കയുടേതെന്ന ആരോപണം ശക്തമാണ്. മുസ്്‌ലീം ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നുള്ള എം പി ഇങ്ങനെ നിലപാട് സ്വീകരിച്ചതില്‍ ലീഗിലും അസംതൃപ്തി പുകയുകയാണ്.
ലോക്‌സഭയില്‍ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. എക്സിലൂടെ മാത്രമാണ് രാഹുല്‍ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്. മുസ്്‌ലിം ന്യൂനപക്ഷത്തെ പിന്തുണച്ചാല്‍ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാവുമോ എന്ന ഭയം മൂലമാണ് രാഹുലും ഈ തന്ത്രം സ്വീകരിച്ചതെന്നാണ് വിലയിരുത്തല്‍. വഖഫ് ഭേദഗതി ബില്‍ മുസ്ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നും എക്‌സില്‍ കുറിച്ച് രാഹുല്‍ ഗാന്ധി സ്വന്തം ഭാഗം സുരക്ഷിതമാക്കി എന്നാണ് വിലയിരുത്തല്‍.
ഗൗരവമായുള്ള കാര്യങ്ങള്‍ക്കല്ലാതെ ആരെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് എന്ന് ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു. അത്തരം നടപടികളോട് യോജിക്കാനാവില്ല. ഞങ്ങളുടെ പാര്‍ട്ടിയുടെ ഏറ്റവും സുപ്രധാന സമ്മേളനം മധുരയില്‍ നടക്കുമ്പോള്‍ അതൊഴിവാക്കിയാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. മധുരയിലേക്ക് പോയവര്‍ വരെ തിരിച്ചുവന്ന് ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തുവെന്നും ബ്രിട്ടാസ് പറഞ്ഞു. എന്തുകൊണ്ട് പങ്കെടുത്തില്ല എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് അവര്‍ തന്നെയെന്നും ബ്രിട്ടാസ് പറഞ്ഞു.
എന്നാല്‍ വഖഫ് നിയമ ഭേദഗതി ബില്ലിലെ കോണ്‍ഗ്രസ് നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ബില്ല് അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും ഭരണഘടന ലംഘനമാണ് നടന്നതെന്നും ബി ജെ പിയുടെ ധ്രുവീകരണ അജണ്ടയാണ് ബില്ലിന് പിന്നിലെന്നും സോണിയ ഗാന്ധി പറഞ്ഞു.
വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ ഇന്ന് പുലര്‍ച്ചെയാണ് പാസാക്കിയത്. 14 മണിക്കൂര്‍ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. 288 പേര്‍ ബില്ലിനെ അനൂകൂലിച്ചപ്പോള്‍ 233 പേര്‍ ബില്ലിനെ എതിര്‍ത്തു. പ്രതിപക്ഷം കൊണ്ടുവന്ന ഒരു കൂട്ടം ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളിയാണ് ബില്‍ ലോക്‌സഭ കടന്നത്. ഇന്ന് രാജ്യസഭയിലും ബില്‍ അവതരിപ്പിച്ച് പാസാക്കും.