National
വഖഫ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
ബില്ലില്‍ നീണ്ട ചര്‍ച്ച നടന്നുവെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും റിജിജു ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

ന്യൂഡല്‍ഹി|ലോക്‌സഭയില്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ബില്ല് ലോക്‌സഭയിലും അവതരിപ്പിച്ചത്. ബില്ലില്‍ നീണ്ട ചര്‍ച്ച നടന്നുവെന്നും സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും റിജിജു ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേല്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.
ഇന്നലെ 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം പുലര്‍ച്ചെ രണ്ടുമണിക്കു ശേഷമാണ് ബില്‍ പാസായത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. ഇലക്ട്രോണിക് വോട്ടിങ് രീതിയിലായിരുന്നു വോട്ടെടുപ്പ്. ഓരോ ഭേദഗതിയിലും വെവ്വേറെയായിരുന്നു ആദ്യം വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് വൈകിയതോടെ പിന്നീട് ശബ്ദവോട്ടിലേക്ക് മാറുകയായിരുന്നു. വോട്ടെടുപ്പ് നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഭേദഗതി നിര്‍ദേശങ്ങള്‍ ഒരുമിച്ച് വോട്ടിനിടുകയായിരുന്നു. കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗൊഗോയ് തുടങ്ങിയവരുടെ ഭേദഗതികളെല്ലാം തള്ളി.
ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ട്രൈബ്യൂണലുകളിലുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ബില്ലിലൂടൈ പരിഹാരം കാണാനാവുമെന്ന് മന്ത്രി പറഞ്ഞു. മുനമ്പം പ്രശ്‌നവും മന്ത്രി മറുപടി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബില്‍ പാസാകുന്നതോടെ മുനമ്പത്തെ പ്രതിസന്ധി ഒഴിയുമെന്ന് മന്ത്രി പറഞ്ഞു. 600 കുടുംബങ്ങള്‍ തന്നെ വന്നു കണ്ടിരുന്നു. അവരുടെ ദുഃഖം നിങ്ങള്‍ക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് തങ്ങളുടെ അടുത്ത് വന്നത്. ക്രൈസ്തവ സംഘടനകള്‍ക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് അവര്‍ പ്രസ്താവനയിറക്കിയതെന്നും മന്ത്രി പറഞ്ഞു.
ലോക്‌സഭയില്‍ വഖഫ് ബില്‍ ചര്‍ച്ചക്കിടെ ബില്‍ കീറിക്കളഞ്ഞ് എ ഐ എം ഐ എം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി. വഖഫ് ബില്ലിനെതിരെ മഹാത്മാഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്ത് വെള്ളക്കാര്‍ക്ക് അനുകൂലമായ ബില്‍ കീറിയെറിഞ്ഞായിരുന്നു ഗാന്ധിയുടെ സമരം. ഗാന്ധിയെപ്പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരില്‍ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു. 10 ഭേദഗതികള്‍ അംഗീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.