Kerala
വഖ്ഫ് ബില്‍ ഭരണഘടനാ വിരുദ്ധം; രാജ്യത്തിന്റെ മതേതര, ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുന്നത്: ഹാരിസ് ബീരാന്‍ എം പി
മുനമ്പം നിവാസികളെ രക്ഷിക്കാന്‍ മോദി വേണ്ട; കേരളത്തിലെ മതേതര സമൂഹത്തിനറിയാം.

ന്യൂഡല്‍ഹി | മൂന്നാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലിം വഖ്ഫ് ബില്‍ ഭേദഗതിയില്‍ സ്വാഭാവിക നീതിയില്ലെന്നും ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതര, ഫെഡറല്‍ സ്വഭാവങ്ങളെ തകര്‍ത്തെറിയുന്നതുമാണെന്നും മുസ്‌ലിം ലീഗ് രാജ്യസഭാംഗം ഹാരിസ് ബീരാന്‍ എം പി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ ലോക്‌സഭയില്‍ പാസായ ബില്ല് ഉച്ചയ്ക്കു ശേഷം രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോഴും പ്രതിപക്ഷനിരയുടെ പ്രതിഷേധം ശക്തമായി തുടര്‍ന്നു. ഇസ്‌ലാമിക വിശ്വാസ പ്രകാരമുള്ള കാഴ്ചപ്പാടായ വഖ്ഫ് ആജീവനാന്ത കാലത്തേക്കുള്ള സമര്‍പ്പണ രീതിയാണ്. വാക്കാലുള്ള വഖ്ഫ് രീതിയില്‍ ഇന്നുവരെ അത് നിയമമായിരുന്നു. എന്നാല്‍, അതെടുത്തു കളയുന്ന പുതിയ ഭേദഗതി, ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ഭരണഘടന അനുവദിക്കുന്ന മതപരമായ വിശ്വാസ, ആചാര, അനുഷ്ഠാന സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണ്. അതുവഴി ഭരണഘടനയെ വരെ ചോദ്യം ചെയ്യുകയാണെന്നും എം പി കുറ്റപ്പെടുത്തി.
നിയമ ഭേദഗതിയുടെ ക്ലോസ് 3 പ്രകാരം ഉപയോഗിച്ചുള്ള വഖ്ഫ് നേരിട്ട് മുന്‍കാല പ്രാബല്യത്തിലുള്ളത് അല്ലെങ്കിലും, ഭേദഗതിയില്‍ ഒളിഞ്ഞിരിക്കുന്ന നിയമക്കുരുക്കുകള്‍ സാങ്കേതികമായി മുന്‍കാല പ്രാബല്യത്തിലേക്ക് നയിക്കുമെന്നും ഇത് ഉപയോഗിച്ചുള്ള വഖ്ഫിനെ വ്യാപകമായി നിഷേധിക്കുമെന്നും എം പി പ്രതികരിച്ചു. വഖ്ഫ് സ്വത്തില്‍ തര്‍ക്കമുണ്ടാവുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിയോഗിക്കപ്പെടുന്നതോടുകൂടി തീര്‍ത്തും വിശ്വാസപരമായി സമര്‍പ്പിച്ച സ്വത്തുക്കളുടെമേല്‍ സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കും. അതുപോലെ വഖ്ഫ് ബോര്‍ഡിലേക്ക് മുസ്‌ലിം ഇതര വ്യക്തികള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതുവഴി മുസ്ലിം വ്യക്തിനിയമങ്ങളെ മാനിക്കാതെ ഒരു സമുദായത്തിന്റെ ന്യായമായ അവകാശവും അവര്‍ക്ക് ലഭിക്കേണ്ടുന്ന സ്വാഭാവിക നീതിയും നിഷേധിക്കുന്നതാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.
വഖ്ഫ് ചര്‍ച്ചയ്ക്കിടെ മുനമ്പം വിഷയം ഉയര്‍ത്തിക്കാട്ടി കേരളീയ സമൂഹത്തെ പരസ്പരം ഭിന്നിപ്പിച്ച് നേട്ടം കൊയ്യാനാണ് നരേന്ദ്ര മോദിയും ബി ജെ പി സര്‍ക്കാരും ശ്രമിക്കുന്നത്. കേരളത്തിലെ മതേതര സമൂഹത്തെ രക്ഷിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ലോക്‌സഭയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ മുനമ്പത്തിന്റെ രക്ഷകനായി ഉയര്‍ത്തിക്കാട്ടിയതിനെ ശക്തമായ ഭാഷയില്‍ എതിര്‍ത്ത ഹാരിസ് ബീരാന്‍ മോദിയും സംഘ്പരിവാറും 2002 ല്‍ ഗുജറാത്തിലെ മുസ്‌ലിംങ്ങളെ രക്ഷിച്ചത് എങ്ങനെയാണെന്ന് ഓരോ ഇന്ത്യക്കാരനും അറിയാമെന്നും അത്തരത്തിലുള്ള യാതൊരു വിഭാഗീയ ശ്രമവും കേരളത്തില്‍ വിലപ്പോവില്ലെന്നും പറഞ്ഞു.