Connect with us

National

വഖഫ് ഭേദഗതി ബില്‍ ലോകസഭയില്‍ പാസായി

അനുകൂലിച്ച് 288 വോട്ടുലഭിച്ചു.232 അംഗങ്ങള്‍ എതിര്‍ത്തു.

Published

|

Last Updated

ന്യൂഡല്‍ഹി | വഖഫ് ബില്‍ ലോകസഭയില്‍ പാസായി. അനുകൂലിച്ച് 288 വോട്ടുലഭിച്ചു. 232 അംഗങ്ങള്‍ എതിര്‍ത്തു.  14 മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം പുലര്‍ച്ചെ രണ്ടുമണിക്കു ശേഷമാണ് ബില്‍ പാസായത്. ഇലക്ട്രോണിക് വോട്ടിങ് രീതിയിലായിരുന്നു വോട്ടെടുപ്പ്. ഓരോ ഭേദഗതിയിലും വെവ്വേറെയായിരുന്നു ആദ്യം വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് വൈകിയതോടെ പിന്നീട് ശബ്ദവോട്ടിലേക്ക് മാറുകയായിരുന്നു.

വോട്ടെടുപ്പ് നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഭേദഗതി നിര്‍ദേശങ്ങള്‍ ഒരുമിച്ച് വോട്ടിനിടുകയായിരുന്നു. കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗൊഗോയ് തുടങ്ങിയവരുടെ ഭേദഗതികളെല്ലാം തള്ളി.

ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്‍ മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ട്രൈബ്യൂണലുകളിലുണ്ട്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ബില്ലിലൂടൈ പരിഹാരം കാണാനാവുമെന്ന് മന്ത്രി പറഞ്ഞു.

മുനമ്പം പ്രശ്നവും മന്ത്രി മറുപടി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബില്‍ പാസാകുന്നതോടെ മുനമ്പത്തെ പ്രതിസന്ധി ഒഴിയുമെന്ന് മന്ത്രി പറഞ്ഞു. 600 കുടുംബങ്ങള്‍ തന്നെ വന്നു കണ്ടിരുന്നു. അവരുടെ ദുഃഖം നിങ്ങള്‍ക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് തങ്ങളുടെ അടുത്ത് വന്നത്. ക്രൈസ്തവ സംഘടനകള്‍ക്കും പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് അവര്‍ പ്രസ്താവനയിറക്കിയതെന്നും മന്ത്രി പറഞ്ഞു.

ലോക്സഭയിൽ വഖഫ് ബിൽ ചർച്ചക്കിടെ ബിൽ കീറിക്കളഞ്ഞ് എ ഐ എം ഐ എം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. വഖഫ് ബില്ലിനെതിരെ മഹാത്മാഗാന്ധിയുടെ മാതൃക സ്വീകരിച്ചാണ് തന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് വെള്ളക്കാർക്ക് അനുകൂലമായ ബിൽ കീറിയെറിഞ്ഞായിരുന്നു ​ഗാന്ധിയുടെ സമരം. ഗാന്ധിയെപ്പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും പേരിൽ ഈ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. 10 ഭേദഗതികൾ അംഗീകരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest