Meeting of Muslim organizations convened by the Chief Minister
വഖ്ഫ് ബോര്‍ഡ് നിയമനം: മുഖ്യമന്ത്രി വിളിച്ച മുസ്ലിം സംഘടനകളുടെ യോഗം ഇന്ന്
22 മുസ്ലിം സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം | വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് എസിക്ക് വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം ഇന്ന് ചേരും. വൈകുന്നേരം തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ 22 മുസ്ലീം സംഘടനാ പ്രതിനിധികളെയാണ് ക്ഷണിച്ചിരിക്കുന്നത്.
വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതില്‍ ചില സംഘടനകള്‍ ആശങ്ക അറിയിച്ചിരുന്നു. കൃത്യമായ വ്യവസ്ഥയോടെ പി എസ് സിക്ക് വിടുന്നതിനെ ചില സംഘടനകള്‍ അനുകൂലിക്കുകയു ചെയ്തിരുന്നു.
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് സംസ്ഥാന വഖ്ഫ് ബോഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള ബില്‍ നിയമസഭ ശബ്ദവോട്ടോടെ പാസാക്കിയത്. പിന്നാലെ മുസ്ലിം സംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലിം ലീഗായിരുന്നു സമരങ്ങളുടെ മുന്നില്‍. വിവിധ മുസ്ലിം സംഘടനകളെ അണിനിരത്തി സര്‍ക്കാറിനെതിരെ സമരത്തിന് ലീഗ് കോപ്പ്കൂട്ടി. എന്നാല്‍ പ്രത്യക്ഷ സമരത്തിന് കൂടെയില്ലെന്ന് ഇ കെ സമസ്ത അറിയിച്ചതോടെ ലീഗ് വെട്ടിലാകുകയായിരുന്നു. ഇരുവിഭാഗം സുന്നി സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്ന് അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് ലീഗിന്റെ സമരനീക്കങ്ങള്‍ പൊളിഞ്ഞത്.
അതിനിടെയാണ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വഖ്ഫ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിയമസഭയില്‍ പ്രതികരിച്ചത്. തുടര്‍ന്ന് വീണ്ടും പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി മുസ്ലീം സംഘടനാനേതാക്കളുടെ യോഗം വിളിച്ചത്. ലീഗ് അടക്കമുള്ള ചില സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നും നടക്കും.