waqf board appointment
വഖ്ഫ് ബോർഡ് നിയമനം: ലീഗിന് ഇരട്ട നിലപാട്; രേഖകൾ പുറത്ത്
താത്കാലികക്കാരെ ഒന്നിച്ച് പിരിച്ചുവിടുന്നത് ബോർഡിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഇവരെ സ്ഥിരപ്പെടുത്തിയ ശേഷം പിന്നീടുള്ള നിയമനങ്ങൾ പി എസ് സിക്ക് വിടുന്ന രീതിയിൽ വ്യവസ്ഥ ചെയ്യുന്നതാണ് ഉചിതമെന്നുമാണ് ഉബൈദുല്ല ആവശ്യപ്പെട്ടത്
കോഴിക്കോട് | പുറത്ത് ശക്തമായ പ്രതിഷേധം നയിക്കുമ്പോൾ തന്നെ വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെ ലീഗ് അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന രേഖ പുറത്ത്. ഈ വിഷയത്തിൽ പാർട്ടിയുടെ ഇരട്ട നിലപാട് വ്യക്തമാക്കുന്ന നിയമസഭാ രേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് പാർട്ടി നേതാവ് പി ഉബൈദുല്ല നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങളിലാണ് പി എസ് സി നിയമനത്തെ അംഗീകരിക്കാമെന്ന് വ്യക്തമാക്കുന്നത്. വഖ്ഫ് ബോർഡിലെ താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷം പി എസ് സിക്ക് വിടാമെന്നാണ് ലീഗ് നിലപാട് അറിയിച്ചിരിക്കുന്നത്.
താത്കാലികക്കാരെ ഒന്നിച്ച് പിരിച്ചുവിടുന്നത് ബോർഡിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഇവരെ സ്ഥിരപ്പെടുത്തിയ ശേഷം പിന്നീടുള്ള നിയമനങ്ങൾ പി എസ് സിക്ക് വിടുന്ന രീതിയിൽ വ്യവസ്ഥ ചെയ്യുന്നതാണ് ഉചിതമെന്നുമാണ് ഉബൈദുല്ല ആവശ്യപ്പെട്ടത്. അതേസമയം താത്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്ന ലീഗിന്റെ ആവശ്യം കൂടിയാണ് ഈ നിയമസഭാ രേഖയിൽ ഉന്നയിച്ചിരിക്കുന്നത്. നിലവിലുള്ള താത്കാലികക്കാരിൽ ഭൂരിപക്ഷം പേരും ലീഗ് അനുഭാവികളോ ബന്ധുക്കളോ ആണെന്ന ആക്ഷേപം നിലനിൽക്കെയാണ് ഈ ആവശ്യം. കഴിഞ്ഞ 30 വർഷമായി നാമമാത്രമായവർ ഒഴികെ താത്കാലികക്കാരെ വെച്ചാണ് ബോർഡ് പ്രവർത്തിച്ചുവരുന്നതെന്നും പി ഉബൈദുല്ല വ്യക്തമാക്കുന്നു.
നിയമനം പി എസ് സിക്ക് വിടുന്നതിനെ പാർട്ടി നിയമസഭയിൽ ശക്തമായി എതിർത്തിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന വഖ്ഫ് സംരക്ഷണ റാലിയുടെ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായ രേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കാര്യമാണ് കേരളത്തിൽ സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും തമിഴ്‌നാട് വഖ്ഫ് ബോർഡ് ചെയർമാന്റെ സാന്നിധ്യത്തിൽ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമസഭയിൽ പി എസ് സിക്ക് വിടുന്നത് പാർട്ടി അനുകൂലിച്ചുവെന്ന രേഖ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ ലീഗ് സ്വീകരിക്കുന്ന രണ്ട് നിലപാടുകൾ ചോദ്യം ചെയ്യപ്പെടുമെന്ന് വ്യക്തമാണ്. വഖ്ഫ് ബോർഡിൽ പരമ്പരാഗത മുസ്‌ലിം വിശ്വാസികളല്ലാത്തവർക്കും മതനിഷേധികൾക്കും നിയമനം നൽകരുതെന്ന നിർദേശം വെട്ടിമാറ്റിയ 2003ലെ യു ഡി എഫ് സർക്കാറിന്റെ കാലത്തെ വഖ്ഫ് ചട്ടം 2010ൽ എൽ ഡി എഫ് സർക്കാർ റദ്ദ് ചെയ്‌തെങ്കിലും 2016ൽ യു ഡി എഫ് സർക്കാർ വീണ്ടും പൊടിതട്ടി അനുമതി നൽകുകയായിരുന്നുവെന്ന രേഖകൾ കഴിഞ്ഞ ദിവസം സിറാജ് പുറത്തുവിട്ടിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി വഖ്ഫ് മന്ത്രിയായിരിക്കെയാണ് 2016ൽ വഖ്ഫ് ഭേദഗതിക്ക് അനുമതി നൽകിയത്.