waqf board appointment
വഖ്ഫ് ബോര്‍ഡ് നിയമനം; ലീഗ് അനുകൂല മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിന്
സമരങ്ങളുടെ ആദ്യഘട്ടം വെള്ളിയാഴ്ച ആരംഭിക്കും. മഹല്ലുകളില്‍ ഇത് സംബന്ധിച്ച് പ്രഭാഷണം നടത്താനാണ് തീരുമാനം
കോഴിക്കോട് | വഖ്ഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതുൾപ്പെടെയുള്ള നടപടികൾക്കെതിരെ വെള്ളിയാഴ്ച പള്ളികളിൽ പ്രചാരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം. “നമുക്ക് നീതി നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉത്തരവദി ഇടതുപക്ഷ സർക്കാറാണ് എന്ന് ബോധ്യപ്പെടുത്തുക്കൊടുക്കാനുള്ള പ്രഭാഷണങ്ങൾ പള്ളികളിൽ നടക്കും. വെള്ളിയാഴ്ച ജുമഅ പ്രാർഥനയോടൊപ്പം ഇതിനെതിരെയുള്ള ബോധവത്കരണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി എസ് സിക്ക് വിട്ട സർക്കാർ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കാനും ഒരു വിഭാഗം മുസ്‌ലിം സംഘടനകൾ തീരുമാനിച്ചു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് ചേർന്ന സംഘടനകളുടെ തീരുമാന പ്രകാരം ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗമാണ് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്.
കോഴിക്കോട്ടും തിരുവനന്തപുരത്തും ബഹുജന പ്രതിഷേധ സമ്മേളനങ്ങൾ നടത്തും. യോഗത്തിൽ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഡ്വ. പി എം എ സലാം സംസാരിച്ചു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (സമസ്ത ഇ കെ വിഭാഗം), ഡോ. എം ഐ അബ്ദുൽ മജീദ് സ്വലാഹി (കെ എൻ എം), ബി പി എ ഗഫൂർ (കെ എൻ എം മർകസുദ്ദഅ്‌വ),ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), കെ സജ്ജാദ് (വിസ്ഡം ഇസ്്‌ലാമിക്് ഓർഗനൈസേഷൻ), പി മമ്മദ്‌കോയ (എം എസ് എസ്), ശംസുദ്ദീൻ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), അഖ്‌നിസ് എം (മെക്ക), കമൽ എം മാക്കയിൽ (കേരള മുസ്്‌ലിം ജമാഅത്ത് കൗൺസിൽ), അഡ്വ. വി കെ ബീരാൻ (മുൻ അഡീഷനൽ അഡ്വ. ജനറൽ) സംബന്ധിച്ചു.