Siraj Article
വഖ്ഫ് ബോര്‍ഡ്: സ്ഥാപിതലക്ഷ്യം മറക്കരുത്
വഖ്ഫുകളുടെ അധിനിവേശവും കൈമാറ്റങ്ങളും കണ്ടുപിടിച്ചു തിരിച്ചു പിടിക്കുകയും വാഖിഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് വഖ്ഫ് ബോര്‍ഡുകളുടെ പരമമായ സ്ഥാപിത ലക്ഷ്യമാണ്
വഖ്ഫ് ബോര്‍ഡിലെ ഉദ്യോഗസ്ഥ നിയമനം പി എസ് സിക്ക് വിടുന്ന കാര്യം സര്‍ക്കാറും വഖ്ഫുകളെ പ്രതിനിധാനം ചെയ്യുന്ന മതസംഘടനകളും ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെ! എന്നാല്‍ വഖ്ഫ് ബോര്‍ഡ് രൂപവത്കരണത്തിന്റെ ലക്ഷ്യങ്ങള്‍ പരിശോധിക്കുന്നത് ആവശ്യമായി വന്നിരിക്കുന്നു.
ചിട്ടയായ ഒരു നിയമ വ്യവസ്ഥയുടെ അഭാവത്തില്‍ പൗരാണികര്‍ തങ്ങളുടെ പരലോക ഗുണത്തിന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വഖ്ഫ് ചെയ്ത ധാരാളം സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകുകയോ കൈയേറി കൈവശം വെക്കുകയോ ചെയ്തിരുന്ന ഒരു ദുഷ് പ്രവണത നിലനിന്നിരുന്നു. അന്യാധീനപ്പെട്ടുപോയവ തിരിച്ചുപിടിച്ചും വാഖിഫിന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു സംരക്ഷിക്കുന്നതിനും ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗീകരിച്ച നിയമമാണ് 1954ലെ 29ാം നമ്പര്‍ വഖ്ഫ് ആക്ട്.
നിയമ നിര്‍മാണം മൂലം ഇന്ത്യയില്‍ ആദ്യമായി മുസല്‍മാന്‍ വഖ്ഫ് വാലിഡേറ്റിംഗ് ആക്ട് 1913ല്‍ തന്നെ പ്രാബല്യത്തില്‍ വന്നിരുന്നു. അതിനു മുമ്പുള്ള കുടുംബ വഖ്ഫ് (വഖ്ഫുല്‍ ഔലാദി അഥവാ ഖുര്‍ആന്‍ പാരായണം, നേര്‍ച്ച തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വഖ്ഫ് ചെയ്യപ്പെട്ടവ) 1930ല്‍ പൂര്‍വകാല പ്രാബല്യം നല്‍കി അംഗീകരിക്കപ്പെട്ടു. 1950ല്‍ ഭരണ ഘടനയില്‍ വഖ്ഫുകള്‍ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ വഖ്ഫ് സംബന്ധിച്ച നിയമ നിര്‍മാണത്തിനുള്ള അധികാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ നിക്ഷിപ്തമായി. മുകളില്‍ പറഞ്ഞ 1954ല്‍ പ്രാബല്യത്തില്‍ വന്ന 29ാം നമ്പര്‍ ആക്ട് സമഗ്രമായി ഭേദഗതി ചെയ്തു പാര്‍ലിമെന്റില്‍ അംഗീകരിച്ചതാണ് 1995ലെ വഖ്ഫ് ആക്ട്. 1996 ജനുവരി മുതല്‍ ഇത് പ്രാബല്യത്തിലായി. വഖ്ഫ് ബോര്‍ഡില്‍ നിക്ഷിപ്തമായ അധികാരങ്ങളുപയോഗിച്ചു സമ്പൂര്‍ണ റഗുലേഷന്‍ തയ്യാറാക്കപ്പെട്ടു.
സംസ്ഥാനങ്ങളിലെ വഖ്ഫുല്‍ ഔലാദ് അടക്കം എല്ലാ വഖ്ഫുകളുടെയും മേല്‍നോട്ടവും അന്യാധീനപ്പെട്ടവ തിരിച്ചുപിടിക്കുന്നതും വഖ്ഫ് ബോര്‍ഡിന്റെ ചുമതലയായി. വഖ്ഫുകളുടെ അധിനിവേശവും കൈമാറ്റങ്ങളും കണ്ടുപിടിച്ചു തിരിച്ചു പിടിക്കുകയും വാഖിഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് വഖ്ഫ് ബോര്‍ഡുകളുടെ പരമമായ സ്ഥാപിത ലക്ഷ്യമാണ്.
മേല്‍ റൂള്‍സ് പ്രകാരം മത-ധര്‍മ സ്ഥാപനങ്ങളും ഖുര്‍ആന്‍ പാരായണ വഖ്ഫ് പോലെയുള്ള വഖ്ഫുല്‍ ഔലാദ് (കുടുംബ വഖ്ഫ്) വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്യാതെയുള്ള വഖ്ഫ് ഭാരവാഹി (മുതവല്ലി)യുടെ പേരില്‍ പിഴയും തടവ് ശിക്ഷയും വിധിക്കപ്പെടാവുന്നതാണ്. പള്ളി-മദ്റസ-സ്ഥാപനങ്ങള്‍, മഖാമുകള്‍, ഖബര്‍സ്ഥാനുകള്‍ തുടങ്ങി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന എല്ലാ വഖ്ഫുകള്‍ക്കും പരിരക്ഷ നല്‍കാനും അധിനിവേശ കൈമാറ്റങ്ങള്‍ കണ്ടുപിടിച്ചു നടപടി സ്വീകരിക്കാനും വഖ്ഫ് ബോര്‍ഡിന് അധികാരമുണ്ട്. രജിസ്റ്റര്‍ ചെയ്ത എല്ലാ വഖ്ഫുകള്‍ക്കും റെന്റ് കണ്‍ട്രോള്‍ ആക്ട്, ലാന്‍ഡ് അക്വിസിഷന്‍ ആക്ട്, ലാന്‍ഡ് റിഫോംസ് തുടങ്ങിയ നിയമങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്. വഖ്ഫ് ബോര്‍ഡിന്റെ സോഷ്യല്‍ വെല്‍ഫയര്‍ സ്‌കീം മുഖേന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പാവപ്പെട്ടവര്‍ക്കുള്ള ചികിത്സ, വിവാഹ സഹായം, പള്ളി ഖാദിം, ഉസ്താദ് എന്നിവര്‍ക്ക് പെന്‍ഷന്‍ എന്നീ ജീവകാരുണ്യ സഹായം ലഭിക്കുന്നതാണ്. സര്‍ക്കാറില്‍ നിന്ന് വഖ്ഫ് ബോര്‍ഡിന് ഗ്രാന്റ് വര്‍ഷം തോറും അനുവദിച്ചു വരുന്നു.
രജിസ്റ്റര്‍ ചെയ്ത വഖ്ഫിന്റെ വരവു ചെലവു കണക്കുകള്‍ എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 കൂടിയ കാലയളവിലുള്ളത് ബോര്‍ഡില്‍ സമര്‍പ്പിക്കണം. കെട്ടിട വാടക, ചെമ്പ് കസേര വരുമാനം, വരിസംഖ്യ, നേര്‍ച്ച ആഘോഷങ്ങള്‍, ഭണ്ഡാരം, നികാഹ്, പറമ്പിലെ നാളികേരം, റബ്ബര്‍, നബിദിനം, സ്വലാത്ത് എന്നിവയുടെ വരുമാനത്തില്‍ നിന്ന് ചെലവു കഴിച്ച് ബാക്കി വരുന്ന തുകയുടെ ഏഴ് ശതമാനം വിഹിതമായി ബോര്‍ഡ് ഈടാക്കുന്നുണ്ട്. സംഭാവന, പാട്ടപ്പിരിവ്, ഒറ്റത്തെങ്ങ് നാളികേരം, ധര്‍മപ്പെട്ടി, വിദ്യാഭ്യാസ ഫീസ്, ലോണ്‍ തുടങ്ങിയവക്ക് വിഹിതം കെട്ടുകയില്ല.
ഈ വരുമാനത്തില്‍ നിന്നാണ് വഖ്ഫ് ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങള്‍ നടത്തപ്പെടുന്നത്. കൃത്യമായി കണക്കു കൊടുക്കാത്ത വഖ്ഫുകള്‍ക്ക് ഡിവിഷനല്‍ ഓഫീസര്‍ അസ്സസ്മെന്റ് തുകയും ഈടാക്കുന്നു. ആയതിനു അപ്പീല്‍ നല്‍കാവുന്നതാണ്. യാതൊരു സ്ഥിര വരുമാനവും ഇല്ലാത്ത പള്ളി, മദ്റസ, സ്ഥാപനങ്ങള്‍ ഒരു വലിയ അളവോളം സംഭാവന പിരിച്ചും സ്വലാത്ത്, ബദര്‍, നബിദിന പിരിവുകള്‍ സംഘടിപ്പിച്ചുമാണ് നടത്തിപ്പോരുന്നത്. അതില്‍ നിന്നുള്ള വിഹിതം ബോര്‍ഡില്‍ അടക്കേണ്ടി വരുമെന്നതിനാല്‍ രജിസ്‌ട്രേഷന് മടിക്കുന്ന ചില ഭാരവാഹികളുമുണ്ട്. വഖ്ഫ് രജിസ്‌ട്രേഷന്‍, സൊസൈറ്റീസ് രജിസ്‌ട്രേഷന്‍, ട്രസ്റ്റ് രജിസ്‌ട്രേഷന്‍ എന്നിവ സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിനും കൈവിട്ടു പോകാതിരിക്കാനുമുള്ള രേഖകളാണ്. ഇത്തരം രേഖകള്‍ ഉണ്ടാക്കിയാണ് കോഴിക്കോട് സിറ്റിയിലെ പാളയം മുഹ്്യിദ്ദീന്‍ പള്ളി, പട്ടാളപ്പള്ളി, എളാന്റെ പള്ളി, പരപ്പില്‍ ശാദുലിപ്പള്ളി, ഖലീഫ പള്ളി തുടങ്ങിയവയും മറ്റു ചില സ്ഥലങ്ങളിലെ പള്ളികളും സുന്നികളില്‍ നിന്ന് പിടിച്ചെടുക്കപ്പെട്ടത്. പ്രസ്തുത പള്ളികളില്‍ എല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗതമായ സുന്നി ആചാര പ്രകാരം ആരാധനകളും റാത്തീബ്, മൗലിദ് തുടങ്ങിയവയും നടന്നുവന്നതാണ്.
എന്നാല്‍ വഖ്ഫ് ബോര്‍ഡിനെക്കുറിച്ച് വിഹിതം പിരിക്കുന്നതിനുള്ള പ്രസ്ഥാനം മാത്രമായി പൊതുജനങ്ങള്‍ ധരിച്ചിരിക്കുന്നത് സ്വാഭാവികമാണ്. ആയിരക്കണക്കിനു വഖ്ഫുകള്‍ അന്യാധീനപ്പെട്ടത് തിരിച്ചുപിടിക്കുക എന്ന വഖ്ഫ് ബോര്‍ഡിന്റെ സ്ഥാപിത ലക്ഷ്യം നടത്തിക്കാണാത്തതാണ് പ്രസ്തുത ധാരണക്ക് കാരണം. ചിലതെല്ലാം തിരിച്ചു പിടിച്ചതായി കാണാവുന്നതാണ്. എന്നാലും ചില പ്രധാനപ്പെട്ട വഖ്ഫുകള്‍ ഇന്നും കൈയേറി കൈവശം വെച്ചവരുടെ അധീനതയിലാണ്. ഇവയെല്ലാം തിരിച്ചു പിടിച്ചു വാഖിഫിന്റെ ഉദ്ദേശ്യ പ്രകാരം വിനിയോഗിക്കുക എന്നത് വഖ്ഫ് ബോര്‍ഡിന്റെ സ്ഥാപിത ലക്ഷ്യത്തില്‍പ്പെട്ടതാണ്.
1954ലെ ആക്ട് പ്രകാരമാണ് 1961ല്‍ കേരള വഖ്ഫ് ബോര്‍ഡ് രൂപവത്കരിച്ചത്. 1965ല്‍ നിയമങ്ങളും ചട്ടങ്ങളും എന്ന റൂള്‍സില്‍ വഖ്ഫ് ബോര്‍ഡില്‍ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന തസ്തികകളില്‍ അമുസ്‌ലിംകളെയോ പരമ്പരാഗത വിശ്വാസം ഇല്ലാത്തവരെയോ ദൈവ നിഷേധികളെയോ സ്വതന്ത്ര ചിന്താഗതിക്കാരെയോ നിയമിക്കരുതെന്ന് നിര്‍ദേശിക്കുന്നുണ്ട്. 2016ല്‍ ഇത് തിരുത്തപ്പെട്ടതില്‍ കാര്യമായ ദുരൂഹത നിലനില്‍ക്കുന്നു. 1965ലെ നിയമങ്ങളും ചട്ടങ്ങളും പുനഃസ്ഥാപിക്കപ്പെടുകയും വഖ്ഫ് ബോര്‍ഡിന്റെ സ്ഥാപിത ലക്ഷ്യത്തില്‍ ഊന്നല്‍ നല്‍കുകയും ചെയ്താല്‍ എല്ലാ വിവാദങ്ങളും അവസാനിക്കും.