From the print
വഖ്‌ഫ് ബോര്‍ഡ് : സാമൂഹിക ക്ഷേമ പദ്ധതി ധനസഹായ തുക കൂട്ടി
പ്രതിമാസ ധനസഹായം 1,000 ത്തില്‍ നിന്ന് 1,600 രൂപയായും ചികിത്സാസഹായം 15,000 ത്തില്‍ നിന്നും 25,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരം | സംസ്ഥാന വഖ്‌ഫ് ബോര്‍ഡിന്റെ സാമൂഹിക ക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായങ്ങളുടെ തുക വര്‍ധിപ്പിച്ചു. ന്യൂനപക്ഷക്ഷേമ, വഖ്‌ഫ് മന്ത്രി വി അബ്ദുര്‍റഹ്മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പ്രതിമാസ ധനസഹായം 1,000 ത്തില്‍ നിന്ന് 1,600 രൂപയായും ചികിത്സാസഹായം 15,000 ത്തില്‍ നിന്നും 25,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്. വഖ്‌ഫ് ബോര്‍ഡ് വഴിയുള്ള ധനസഹായങ്ങള്‍ക്കുള്ള വരുമാന പരിധി 50,000 രൂപയില്‍ നിന്നും ഒരു ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു.
പ്രതിമാസ ധനസഹായത്തിന് അര്‍ഹരായ മുഴുവന്‍ അപേക്ഷകളും പരിഗണിക്കാന്‍ സാംഗ്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ മാസം 31 വരെ ബോര്‍ഡില്‍ ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായ 117 പേര്‍ക്ക് 15,000 രൂപ വീതം ചികിത്സാ ധനസഹായവും 75 പേര്‍ക്ക് 10,000 രൂപ വീതം വിവാഹ ധനസഹായവും നല്‍കാനും തീരുമാനിച്ചു.
കൂടാതെ, കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇസ്ലാമിക് ചെയറിനുള്ള ഗ്രാന്റ് രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്തി. വഖ്‌ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീറും യോഗത്തില്‍ പങ്കെടുത്തു.