Kerala
വഖ്ഫ് ബോര്‍ഡ് ക്ഷേമ പദ്ധതി; കൂടിശ്ശിക തീര്‍പ്പാക്കാന്‍ ആറ് കോടി ആവശ്യപ്പെട്ടെന്ന് മന്ത്രി
ധനവകുപ്പ് ഇതുവരെ പണം അനുവദിച്ചിട്ടില്ലെന്നും മന്ത്രി
തിരുവനന്തപുരം | വഖ്ഫ് ബോര്‍ഡിൻ്റെ ക്ഷേമ പദ്ധതികളില്‍ കുടിശ്ശിക തീര്‍ക്കാന്‍ ധനവകുപ്പില്‍ നിന്ന് ആറ് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് വഖ്ഫ് മന്ത്രി വി അബ്ദുർറഹ്മാന്‍. വിവിധ പദ്ധതികള്‍ക്കായി വഖ്ഫ് ബോര്‍ഡ് സാംഗ്ഷന്‍ കമ്മിറ്റി പാസ്സാക്കിയതില്‍ കുടിശ്ശികയായിട്ടുള്ള ധനസഹായം അനുവദിക്കുന്നതിനാണ് അധിക തുക ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുവരെ ധനവകുപ്പ് പണം അനുവദിച്ചിട്ടില്ലെന്നും പി ഉബൈദുല്ലയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു കോടി 32 ലക്ഷം രൂപ വകയിരിത്തിയിരുന്നു. ഇതില്‍ ആദ്യഘഡുവായി ഒരു കോടി രൂപ അനുവദിക്കുകയും ഇത് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ബാക്കി 32 ലക്ഷം രൂപ അനുവദിച്ച് ഈ മാസം നാലിന് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി വി അബ്ദുർറഹ്മാന്‍ നിയമസഭയില്‍ അറിയിച്ചു.
പ്രതിമാസ പെന്‍ഷന്‍, മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കുള്ള ചികിത്സാ ധനസഹായം, നിര്‍ധനരായ മുസ്ലീം പെണ്‍കുട്ടികളുടെ ധനസഹായം, കാലികറ്റ് യൂനിവേഴ്‌സിറ്റിക്കുള്ള ഇസ്‌ലാമിക് ചെയര്‍ ഗ്രാൻ്റ് തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്കാണ് വഖ്ഫ് ബോര്‍ഡ് പണം വിനിയോഗിക്കുന്നത്. വഖഫ് മന്ത്രി ചെയര്‍മാനായുള്ള വഖ്ഫ് ബോര്‍ഡ് സാംഗ്ഷന്‍ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് അപേക്ഷകളില്‍ തീര്‍പ്പാക്കുന്നത്.