From the print
വഖ്ഫ് ജെ പി സി: ഒത്തുപോകാനാകില്ല
അധ്യക്ഷന്റെ നിലപാട് ഏകപക്ഷീയം. ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
ന്യൂഡല്‍ഹി | വഖ്ഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലിമെന്ററി സമിതി (ജെ പി സി) യിലെ ഭരണ-പ്രതിപക്ഷ പോര് തുടരുന്നു. സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നുവെന്നും സഹകരിച്ച് പോകാന്‍ കഴിയില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കത്തെഴുതി. അടുത്തിടെ ചേര്‍ന്ന വഖ്ഫ് ബോര്‍ഡ് ജെ പി സി യോഗങ്ങളില്‍ ഭരണപ്രതിപക്ഷ പോര് രൂക്ഷമാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തതിന് പിന്നാലെയാണ് അധ്യക്ഷന്റെ ഏകപക്ഷീയ നിലപാടിനോട് യോജിച്ച് പോകാനാകില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയത്.
ബി ജെ പി അംഗമായ സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത്തരം നിലപാട് തുടര്‍ന്നാല്‍ വഖ്ഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ജെ പി സിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. സിമിതിയുടെ യോഗ തീയതികളും വിവിധ കക്ഷികളെ കേള്‍ക്കുന്നതിനുള്ള തീയതികളും അധ്യക്ഷന്‍ ഏകപക്ഷീയമായി എടുക്കുകയാണ്. വിഷയങ്ങളില്‍ അഭിപ്രായം തേടുന്നതിന് വിവിധ തത്പരകക്ഷികളെ വിളിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ബില്ല് പാസ്സാക്കാന്‍ നീക്കം
ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ലഘൂകരിച്ച് ബില്ല് പാസ്സാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നിയമത്തിലെ ഭേദഗതികള്‍ സംബന്ധിച്ച ആശങ്കകള്‍ അവതരിപ്പിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെങ്കില്‍ ജെ പി സി ബഹിഷ്‌കരിക്കുമെന്നും എം പിമാര്‍ വ്യക്തമാക്കി. സമിതി അധ്യക്ഷന്‍ നടപടിക്രമങ്ങള്‍ ബുള്‍ഡോസ് ചെയ്യുകയാണെന്നും എം പിമാര്‍ ആരോപിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസത്തേക്ക് സമിതിയുടെ സിറ്റിംഗ് നിശ്ചയിക്കുന്നതില്‍ പോലും അധ്യക്ഷന്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും എം പിമാര്‍ ആരോപിച്ചു. ഇത്തരം യോഗങ്ങളില്‍ വ്യക്തികളെയും സംഘടനകളെയും കേള്‍ക്കുന്നുണ്ട്. എം പിമാര്‍ക്ക് തയ്യാറെടുപ്പിനുള്ള സമയം പോലും ലഭിക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ മാസം ചേര്‍ന്ന ജെ പി സി യോഗങ്ങളില്‍ പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ച്ചയായി ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു. വഖ്ഫ് വിഷയത്തില്‍ കക്ഷികളല്ലാത്തവര്‍ക്ക് വാദം ഉന്നയിക്കാന്‍ സമയം നല്‍കുകയും പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ മതിയായ സമയം അനുവദിക്കാതിരിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു ഇറങ്ങിപ്പോക്ക്. കഴിഞ്ഞ മാസം 22ന് ചേര്‍ന്ന യോഗത്തില്‍ തൃണമൂല്‍ അംഗം കല്യാണ്‍ ബാനര്‍ജിയും ബി ജെ പി അംഗം അഭിജിത് ഗംഗോപാധ്യായയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടക്കുകയും വാഗ്വാദം രൂക്ഷമായതോടെ മേശപ്പുറത്ത് വെള്ളം വെച്ചിരുന്ന ചില്ലുകുപ്പി കല്യാണ്‍ ബാനര്‍ജി എറിഞ്ഞുടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ചേര്‍ന്ന യോഗങ്ങളിലും പ്രതിപക്ഷം ബഹിഷ്‌കരണം നടത്തിയിരുന്നു. ആര്‍ എസ് എസ് അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്ത്, ദാവുദി ബോറ നേതാവ് ഡോ. മുഹമ്മദ് ഹനീഫ് അഹമ്മദ്, സ്റ്റുഡന്റ്ആന്‍ഡ് മദ്റസ സെല്‍ കണ്‍വീനര്‍ ഇംറാന്‍ ചൗധരി എന്നിവരെ സമിതി ഇന്ന് കേള്‍ക്കും.