Connect with us

National

വഖ്ഫ് ജെ പി സി റിപോര്‍ട്ട് ലോക്‌സഭയിലും; ബഹളമയം, സഭ പിരിഞ്ഞു

രാജ്യവ്യാപകമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി | വഖ്ഫ് ജെ പി സി റിപോര്‍ട്ട് രാജ്യസഭക്ക് പിന്നാലെ ലോക്‌സഭയിലും വെച്ചതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. റിപോര്‍ട്ട് മേശപ്പുറത്ത് വെച്ചതിന് പിന്നാലെ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി മാര്‍ച്ച് 10നാണ് ചേരുക.

പ്രതിഷേധങ്ങള്‍ പരിഗണിക്കാതെ വഖ്ഫ് ജെ പി സി റിപോര്‍ട്ട് രാജ്യസഭ അംഗീകരിച്ചു. വഖ്ഫ് ബില്ലിനെതിരെ പ്രതിപക്ഷം രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ബില്ലും റിപോര്‍ട്ടും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ജെ പി സിയില്‍ സമിതി അംഗങ്ങള്‍ക്ക് പോലും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ നിര്‍ദേശം ചവറ്റുകുട്ടയില്‍ ഇട്ടുവെന്ന് ഹാരിസ് ബീരാന്‍ എം പി കുറ്റപ്പെടുത്തി. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെ പി സി റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വ്യാജ ജെ പി സി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.