Connect with us

National

വഖ്ഫ് ഭൂമി: ബി ജെ പി സംസ്ഥാന അധ്യക്ഷനെതിരെ കൈക്കൂലി ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി

ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ അന്‍വര്‍ മണിപ്പാടിക്ക് വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നല്‍കാന്‍ ശ്രമം നടത്തിയെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം.

Published

|

Last Updated

ബെംഗളൂരു | വഖ്ഫ് ഭൂമി വിഷയത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വഖ്ഫ് ഭൂമി പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിയമസഭയില്‍ ബി ജെ പി പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് ആരോപണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്.

ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വഖ്ഫ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണ റിപോര്‍ട്ട് വെളിച്ചത്തു വരാതിരിക്കാന്‍ അന്നത്തെ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ അന്‍വര്‍ മണിപ്പാടിക്ക് വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നല്‍കാന്‍ ശ്രമം നടത്തിയെന്നാണ് സിദ്ധരാമയ്യയുടെ ആരോപണം. മണിപ്പാടിയുടെ വീട്ടിലെത്തിയാണ് തുക വാഗ്ദാനം ചെയ്തതെന്നും സിദ്ധരാമയ്യ പറഞ്ഞു.

വിജയേന്ദ്രയെ അന്ന് വീട്ടില്‍ നിന്ന് പുറത്താക്കിയ മണിപ്പാടി സംഭവത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയയ്ക്കുകയും ബി ജെ പി ദേശീയ അധ്യക്ഷനെയും വിവരമറിയിക്കുകയും ചെയ്തിരുന്നതായും സിദ്ധരാമയ്യ വ്യക്തമാക്കി.

യെദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാന്‍ മകന്‍ വിജയേന്ദ്ര 2,000 കോടി രൂപ നല്‍കിയെന്ന് ബി ജെ പി എം എല്‍ എ. ബസനഗൗഡ പാട്ടീല്‍ യത്നല്‍ മുമ്പ് ആരോപിച്ചിരുന്ന കാര്യവും കര്‍ണാടക മുഖ്യമന്ത്രി സൂചിപ്പിച്ചു.

 

 

 

 

Latest