Connect with us

Articles

വഖ്ഫ് ഭൂമി തിരിച്ചുകിട്ടണം; ഇരകള്‍ക്ക് നീതിയും

വഖ്ഫ് ഭൂമിയുടെ ആധാരവും കൊണ്ട് രജിസ്ട്രാഫീസില്‍ ചെന്നാല്‍ ഒരു രജിസ്ട്രാറും വില്‍പ്പനാധാരം ചെയ്തു കൊടുക്കുകയില്ല. മുനമ്പത്തെയും തലപ്പുഴയിലെയും ചാവക്കാട്ടെയും ഇരകള്‍ക്ക് പിന്നെങ്ങനെ വഖ്ഫ് ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടി? അതേക്കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടത്. ഒരു കാര്യം ഉറപ്പ്; വഖ്ഫ് ഭൂമിയുടെ ഈ അനധികൃത കച്ചവടത്തില്‍ മറ്റു പലര്‍ക്കും പങ്കുണ്ട്. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനകളും നടന്നിട്ടുണ്ടാകണം.

Published

|

Last Updated

വഖ്ഫ് വിവാദം തീരാന്‍ ഒറ്റ വഴിയേയുള്ളൂ. വഖ്ഫ് എന്ന പൊതു സ്വത്ത് വിറ്റ് കാശാക്കിയവരില്‍ നിന്ന് പണം തിരിച്ചു പിടിക്കുക. ഇവരാണ് ഈ വിവാദത്തിലെ ശരിയായ പ്രതികള്‍. വഖ്ഫ് സ്വത്താണെന്നറിയാതെ നല്ല കാശ് കൊടുത്തു വാങ്ങി കബളിപ്പിക്കപ്പെട്ട നിരപരാധികളെ തിരിച്ചുപിടിക്കുന്ന പണം ഉപയോഗിച്ച് മാന്യമായി പുനരധിവസിപ്പിക്കുക. പുനരധിവസിപ്പിക്കാന്‍ പഴയ തീരുവില മതിയാകുകയില്ല. ഇപ്പോള്‍ അന്തസ്സായ പുനരധിവാസത്തിന് ആവശ്യമായതെത്രയാണോ അത്രയും അപഹര്‍ത്താക്കളില്‍ നിന്ന് ഈടാക്കുക. മുനമ്പവും ചാവക്കാട്ടും തലപ്പുഴയും മാത്രമല്ല; സംസ്ഥാനത്തുടനീളം ഇവ്വിധം വഖ്ഫ് സ്വത്തുക്കള്‍ കള്ളക്കച്ചവടം നടത്തിയിട്ടുണ്ട്. അവ മുഴുവന്‍ തിരഞ്ഞു പിടിച്ച് വീണ്ടെടുക്കണം. അതിന് സമഗ്രമായ അന്വേഷണവും നടപടികളും വേണം.

വഖ്ഫുകള്‍ സമുദായത്തിന്റെ പൊതു സ്വത്താണ്. രാജ്യത്തെ നിയമമനുസരിച്ചും ഇസ്‌ലാമിക നിയമമനുസരിച്ചും വഖ്ഫ് സ്വത്തുക്കള്‍ വില്‍ക്കാനോ അനന്തരമെടുക്കാനോ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. കുറ്റം ചെയ്തവരില്‍ നിന്ന് തിരിച്ചുപിടിച്ചാല്‍ മാത്രമായില്ല; കുറ്റം ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യുകയും വേണം. രണ്ട് കാര്യങ്ങള്‍ കട്ടായം. വഖ്ഫ് ബോര്‍ഡിന്റെ രേഖകളില്‍ വഖ്ഫായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഒരു ഭൂമിയുടെ പേരിലും ബോര്‍ഡ് നോട്ടീസ് അയക്കില്ല. വഖ്ഫ് ഭൂമിയുടെ ആധാരവും കൊണ്ട് രജിസ്ട്രാഫീസില്‍ ചെന്നാല്‍ ഒരു രജിസ്ട്രാറും വില്‍പ്പനാധാരം ചെയ്തു കൊടുക്കുകയുമില്ല. മുനമ്പത്തെയും തലപ്പുഴയിലെയും ചാവക്കാട്ടെയും ഇരകള്‍ക്ക് പിന്നെങ്ങനെ വഖ്ഫ് ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടി? അതേക്കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടത്. ഒരു കാര്യം കൂടി ഉറപ്പ്; വഖ്ഫ് ഭൂമിയുടെ ഈ അനധികൃത കച്ചവടത്തില്‍ മറ്റു പലര്‍ക്കും പങ്കുണ്ട്. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനകളും നടന്നിട്ടുണ്ടാകണം. പ്രതിസ്ഥാനത്ത് വരുന്ന എല്ലാവരെയും വരിവരിയായി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

നിയമപരമായി കൈമാറ്റം ചെയ്യാന്‍ വകുപ്പില്ലാത്ത വഖ്ഫ് സ്വത്തുക്കളുടെ രജിസ്റ്റര്‍ നടന്നിട്ടുണ്ടെന്നു വ്യക്തം. എങ്ങനെ? സാധ്യതകള്‍ പറയാം. വഖ്ഫ് ഭൂമിയുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ചിരിക്കാം. ആധാരത്തിലെ ഏതെങ്കിലും വകുപ്പുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കാം. നിയമം പച്ചക്ക് ലംഘിച്ച് ആധാരം ചെയ്തു കൊടുത്തിരിക്കും. എങ്കില്‍ ആരാകും ഈ കുറ്റകൃത്യം ചെയ്തിരിക്കുക? ഒന്ന്, വഖ്ഫ് സ്വത്ത് നോക്കി നടത്താന്‍ ചുമതലയേല്‍പ്പിക്കപ്പെട്ടയാള്‍ (വര്‍/കമ്മിറ്റി). രണ്ട്, വഖ്ഫ് ബോര്‍ഡ് (ഉദ്യോഗസ്ഥര്‍). മൂന്ന്, ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ (ഉദ്യോഗസ്ഥര്‍).
ഈ മൂന്ന് കക്ഷികള്‍ക്കിടയില്‍ കുറ്റകരമായ ഗൂഢാലോചനയില്ലാതെ കാര്യം നടക്കില്ല. ഇതിന് ഇടനിലക്കാരും ഉണ്ടാകാം. ക്രയവിക്രയം സാധ്യമല്ലാത്ത ഭൂമി ഒരാളും പണം കൊടുത്ത് വാങ്ങില്ല. അതിനാല്‍, ഇപ്പോഴത്തെ കൈവശക്കാര്‍ (റിസോര്‍ട്ടുകാരും ബാര്‍ ഹോട്ടലുകാരുമല്ല) കബളിപ്പിക്കപ്പെട്ടവരാണ്, നിരപരാധികളാണ്, ഇരകളാണ്. ജാതിയോ മതമോ ഏതായാലും അവര്‍ക്ക് നീതി കിട്ടണം.

വഖ്ഫ് ഭൂമിയില്‍ മാത്രമല്ല; വഖ്ഫ് ബോര്‍ഡിലും ചില “കുടികിടപ്പുകാര്‍’ ഉണ്ടായിരുന്നു. അവരും അവരുടെ പാര്‍ട്ടിയും മാത്രമേ വഖ്ഫ് ബോര്‍ഡിന്റെ അകം കാണൂ എന്നായിരുന്നു ഈ “കുടികിടപ്പു’കാരുടെ വിചാരം. മാറിമാറി വന്ന സര്‍ക്കാറുകളും വഖ്ഫ് എന്നാല്‍ ഈ കുടികിടപ്പുകാരുടെയും അവരുടെ പാര്‍ട്ടിയുടെയും സ്വന്തം കാര്യമായി കണ്ട് അവഗണിച്ചു. നിലാവുണ്ടായിരുന്നത് നേരാണ്; നേരം വെളുത്തതും നേരാണ്, നിസാര്‍ കമ്മീഷന്‍ വന്നതും നേരാണ്, ബോര്‍ഡിന്റെ ഓഫീസില്‍ “അപരിചിതര്‍’ വന്നതും നേരാണ്. ഇമ്മാതിരി പുതിയ കുറെ നേരുകളാണ് ഇപ്പോള്‍ സുനാമിയായി ആര്‍ത്തലച്ചു വന്നിരിക്കുന്നത്.
വഖ്ഫ് അപഹര്‍ത്താക്കള്‍ പരിഭ്രാന്തരാണ്. വിറ്റതൊന്നും വഖ്ഫായിരുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവരുടെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കുക, ആ കണ്ണുകളില്‍ ഭീതിയുടെ നിഴലാട്ടമുണ്ട്. “സാമുദായിക സൗഹാര്‍ദം അപായപ്പെടു’മെന്ന് ആശങ്കപ്പെടുന്നവരുടെ സ്വരപ്പകര്‍ച്ച ശ്രദ്ധിക്കുക, അതില്‍ പേടിയുടെ ചുടുനിശ്വാസമുണ്ട്. തിരിമറി നടത്തിയവര്‍ കോ ഓര്‍ഡിനേഷന്റെ മറവില്‍ ചകിതരായി പതിയിരിക്കുന്നുണ്ട്. സമുദായം ജാഗ്രത പാലിക്കണം.
ഇരകള്‍ക്ക് നീതി കിട്ടിയേ പറ്റൂ. അതേ ഊക്കില്‍ അതേ സ്വരത്തില്‍ പറയുക; സമുദായത്തിന് അവരുടെ വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ. രണ്ടും ഒരേ നീതിയുടെ രണ്ട് പുറങ്ങളാണ്, രണ്ടും പരിഗണിക്കപ്പെടണം. രണ്ടാമത്തേതില്‍ ആരും ഉരുളരുത്.
വഖ്ഫ് വിറ്റുതുലച്ചവരെ നിഷ്‌കരുണം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇരകളെ മാന്യമായി പുനരധിവസിപ്പിക്കാന്‍ മതിയായത് ഇവരില്‍ നിന്ന് പിടിച്ചെടുക്കണം. അതിനു കഴിയാതെ വന്നാല്‍ നിരപരാധികളെ സമുദായം സ്വന്തം ചെലവില്‍ പുനരധിവസിപ്പിക്കണം. ഒടുവില്‍ പറഞ്ഞത് നടപ്പാക്കുന്നതിനു മുമ്പ് അപഹര്‍ത്താക്കളെ നുള്ളിപ്പെറുക്കിയെടുത്ത് നിയമത്തിന് മുമ്പില്‍ ഹാജരാക്കണം.

വാല്‍ക്കുറ്റി:
67ല്‍ ഭൂപരിഷ്‌കരണ നിയമം വന്നപ്പോള്‍ പൊതുസ്വത്ത് എന്ന നിലക്ക് വഖ്ഫുകളെ ആക്ടില്‍ നിന്ന് നിഷ്പ്രയാസം ഒഴിവാക്കാമായിരുന്നു. അത് ചെയ്യേണ്ടവര്‍ കമ്മ്യൂണിസ്റ്റുകാരുടെ ഔദാര്യത്തില്‍ ആദ്യമായി കിട്ടിയ അധികാരത്തിന്റെ മധുനുകര്‍ന്ന് മയങ്ങിക്കിടന്നു. ഫലം സമുദായത്തിനു താങ്ങാവേണ്ട കോടികളുടെ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു. പട്ടിക്കാട് കോളജിനു മാത്രം 3000 (5000?) പറ ആദായം കിട്ടിയിരുന്ന ഭൂസ്വത്താണ് നഷ്ടമായത്. നഷ്ടമാകുമായിരുന്ന സ്വന്തം ഭൂസ്വത്ത് മോചിപ്പിക്കാന്‍ ഈ പ്രമാണിമാര്‍ “ഇഷ്ടദാനം’ കൊണ്ടുവരികയും ചെയ്തു!

Latest