kerala waqf board
വഖ്ഫ് സ്വത്തുക്കള്‍ അധികവും സുന്നികളുടേത്; ഉദ്യോഗസ്ഥര്‍ മുഴുവന്‍ മറ്റൊരു വിഭാഗത്തിലുള്ളവര്‍: മന്ത്രി ദേവര്‍കോവില്‍
സുന്നി വിഭാഗത്തില്‍പ്പെട്ട അനേകം സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന സ്ഥിതി നിലവിലുണ്ട്. ഉദ്യോഗസ്ഥ വിഭാഗം അതിന് എതിരു നില്‍ക്കുന്നതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു
മേപ്പാടി | ഏറ്റവുമധികം സ്വത്തുക്കള്‍ വഖ്ഫ് ചെയ്തിട്ടുള്ളത് സുന്നി വിഭാഗമാണെന്നം എന്നാല്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ മുഴുവന്‍ മറ്റൊരു വിഭാഗത്തിലുള്ളവരാണെന്നും മന്ത്രി അഹ്മദ് ദേവര്‍കോവില്‍. സുന്നി വിഭാഗത്തില്‍പ്പെട്ട അനേകം സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പരിഗണിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന സ്ഥിതി നിലവിലുണ്ട്. ഉദ്യോഗസ്ഥ വിഭാഗം അതിന് എതിരു നില്‍ക്കുന്നതുകൊണ്ടാണിതെന്നും മന്ത്രി പറഞ്ഞു. മര്‍കസ് ഓസ്‌മോ വയനാട് കാപ്പന്‍കൊല്ലിയില്‍ നിര്‍മിച്ച റൈഹാന്‍ ഭവനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വഖ്ഫ് ബോര്‍ഡില്‍ കാര്യങ്ങള്‍ നടന്നിരുന്നത് സുതാര്യമായിട്ടല്ലെന്നും ആയിരക്കണക്കിന് ഏക്കര്‍ വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മുസ്‌ലിം സമുദായത്തെ പ്രതിനിധാനം ചെയ്യുന്നവരെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഭരണമാണ് ബോര്‍ഡില്‍ ഇത്രയുംനാള്‍ നടന്നത്.
എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍, സംഘ്പരിവാറിന്റെ മറ്റൊരു പതിപ്പ് എന്ന നിലക്ക് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ബോര്‍ഡില്‍ ഭരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടി ശ്രമിക്കുന്നത്. ഇത് മുസ്‌ലിം സമുദായത്തെപ്പറ്റി പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കാനേ ഉപകരിക്കൂ എന്നും മന്ത്രി പറഞ്ഞു.