Siraj Article
വഖ്ഫ് സ്വത്ത് കൈയേറ്റം: പ്രതിക്കൂട്ടിലാരെല്ലാം?
കേരളത്തിലെ വഖ്ഫുകളില്‍ സിംഹഭാഗവും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. ഇതില്‍ വലിയൊരു പങ്കാണ് നിയമം തട്ടിപ്പറിച്ചു കൊണ്ടുപോയത്. ശേഷിച്ചതും പിൽക്കാലത്ത് ലഭിച്ച നാമമാത്ര വഖ്ഫുകളും പുതിയ അതിക്രമങ്ങളെ നേരിട്ടു. കൈകാര്യ കര്‍ത്താക്കള്‍ അപഹര്‍ത്താക്കളായതാണ് പുതിയ പ്രശ്‌നം. വളച്ചു കെട്ടിയും പിടിച്ചടക്കിയും വകമാറ്റിയും കള്ള പ്രമാണങ്ങള്‍ ചമച്ചും വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്നു ഇപ്പോഴും. മഹല്ലുകള്‍ അടക്കിവാഴുന്നവര്‍ തന്നെ ഇവിടെയും പ്രതിസ്ഥാനത്ത്
കേരളത്തിലെ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ കാലാകാലങ്ങളായി മുഖ്യമായും രണ്ട് തരത്തിലുള്ള അതിക്രമങ്ങളാണ് നടന്നിട്ടുള്ളത്. വലിയ തോതില്‍ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുവെന്നതാണ് ഒന്നാമത്തെ പ്രശ്‌നം. വാഖിഫിന്റെ (വഖ്ഫ് ചെയ്ത വ്യക്തിയുടെ) ഉദ്ദേശ്യത്തിനു വിരുദ്ധമായി വഖ്ഫുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടുവെന്നതാണ് രണ്ടാമത്തെ പ്രശ്‌നം.
രണ്ടും ഗൗരവതരവും ഇസ്‌ലാമിക ശരീഅത്തിനും രാജ്യത്തെ വഖ്ഫ് നിയമങ്ങള്‍ക്കും കടകവിരുദ്ധവുമാണ്. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു? ആരാണിതിനുത്തരവാദികള്‍? നിര്‍ഭാഗ്യവശാല്‍ ഈ രണ്ട് ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരമേയുള്ളൂ; ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്.
വലതുപക്ഷം ഭരിക്കുമ്പോള്‍ മുന്നണിയിലോ പുറത്തോ ഉള്ള ഒരു പാര്‍ട്ടിയും വഖ്ഫിലേക്ക് എത്തിനോക്കുക പോലും ചെയ്യില്ല; കാരണം അത് ഇസ്‌ലാം കാര്യമായിട്ടാണ് ഗണിച്ചിരുന്നത്. ഇനി ഭരണം ഇടതു പക്ഷത്തിനായാലും മുസ്‌ലിം വിഷയമായി കണ്ട് അവരും വഖ്ഫിനെ അവഗണിക്കും. ഏറിയാല്‍ ഒരു വഖ്ഫ് ബോര്‍ഡ് കമ്മിറ്റി രൂപവത്കരണം, ഒരു ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് – അതോടെ ഇടതിന്റെ വഖ്ഫ് ദൗത്യം അവസാനിക്കും. മുതവല്ലി പ്രതിനിധികളുടെ എണ്ണം തുടങ്ങി പല ചേരുവകളാല്‍ വഖ്ഫ് ബോര്‍ഡില്‍ എപ്പോഴും ഒരു പണത്തൂക്കം മുന്നില്‍ ലീഗായിരിക്കും. ഭരണമെന്ന ചക്കരക്കുടവുമായി താരതമ്യം ചെയ്യുമ്പോള്‍ വഖ്ഫ് വെറുമൊരു ചീള് കേസാണ്. ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ ഇറച്ചിപ്പറ്റ് നന്നേ കുറഞ്ഞ ഈ ഇനം വേറെ അലമ്പൊന്നും ഉണ്ടാക്കാതിരിക്കാന്‍ വേണ്ടി ലീഗിന് എറിഞ്ഞു കൊടുക്കുകയാണ് പതിവ്. ചുരുക്കിപ്പറഞ്ഞാല്‍ ആരു ഭരിച്ചാലും യഥേഷ്ടം നടന്നുമേയാന്‍ എല്ലാ കാലത്തും വഖ്ഫ് ബോര്‍ഡ് എന്ന പുറമ്പോക്ക് ലീഗിന്റെ കൈയില്‍ സുരക്ഷിതമായിരിക്കും.
ഇഷ്ടമുള്ളവരെ ബോര്‍ഡില്‍ കയറ്റും, ഇഷ്ടക്കാരെ ഓഫീസില്‍ നിയമിക്കും, തീര്‍ത്തും ഇഷ്ടപ്പെട്ടവര്‍ക്ക് വഖ്ഫ് രജിസ്‌ട്രേഷന്‍ കൊടുക്കും, ഇഷ്ടമില്ലാത്തവര്‍ക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിക്കും… ഇങ്ങനെ പാര്‍ട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കാനുള്ള കറക്കുകമ്പനി ആസ്ഥാനമായി വഖ്ഫ് ബോര്‍ഡ് പരിണമിച്ചു. എല്ലാവരും സ്വന്തക്കാരും വേണ്ടപ്പെട്ടവരുമായതിനാല്‍ കാര്യങ്ങള്‍ക്കെല്ലാം ഒരു സ്വകാര്യതയുണ്ടായിരുന്നു. ഈ സ്വകാര്യതയിലേക്ക് പി എസ് സി വഴി “അപരിചിതര്‍’ കടന്നുവരാന്‍ പോകുന്നു എന്ന ബേജാറാണ് ലീഗിന്റെ ഇപ്പോഴത്തെ മരണപ്പിടച്ചിലിനു കാരണം.
1957ലെ ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിക്കുകയും 1967-69ലെ രണ്ടാം ഇ എം എസ് ഭരണകാലത്ത് ഏതാണ്ട് പൂര്‍ണതയിലെത്തുകയും 70ലെ അച്യുതമേനോന്‍ സര്‍ക്കാറിന്റെ കാലത്ത് നടപ്പാകുകയും ചെയ്ത ഭൂപരിഷ്‌കരണ നിയമമാണ് വലിയ അളവില്‍ വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനമാകാന്‍ ഇടവരുത്തിയത്. കേരളത്തിലെ രാഷ്ട്രീയ ഭരണ രംഗത്ത് അടിമുടി അനിശ്ചിതത്വം നിറഞ്ഞുനിന്ന കാലമായിരുന്നു 1957-70.
നാല് തിരഞ്ഞെടുപ്പുകള്‍, ആറ് മന്ത്രിസഭകള്‍, നാല് മുഖ്യമന്ത്രിമാര്‍, സഭ കാണാത്ത സാമാജികര്‍, വിമോചന സമരം, കേന്ദ്രത്തിന്റെ പിരിച്ചുവിടല്‍.. ഇങ്ങനെ സംഭവ ബഹുലമായ ഒരു വ്യാഴവട്ടം. അതിനിടയില്‍ ഞെങ്ങിയും ഞെരുങ്ങിയും മുടന്തിയും മുന്നോട്ടുപോയ ഭൂപരിഷ്‌കരണ നിയമത്തിന്റെ കാര്യത്തില്‍ പാര്‍ട്ടികളും നേതാക്കളും ദത്തശ്രദ്ധരായിരുന്നു. കാരണം, നേതാക്കളില്‍ പലരുടെയും കൈയില്‍ വലിയ തോതില്‍ ഭൂസ്വത്തുണ്ടായിരുന്നു. അതില്‍ നിന്ന് പരമാവധി മോചിപ്പിച്ചെടുക്കാനുള്ള തന്ത്രങ്ങളും സൂത്രപ്പണികളും അണിയറയില്‍ ഒപ്പിച്ചുകൊണ്ടിരുന്നു. 57ലെ ഒന്നാം ഇ എം എസ് സര്‍ക്കാറിലൊഴികെ 70 വരെ കയറിയിറങ്ങിയ സര്‍ക്കാറുകളിലെല്ലാം ലീഗിന് ഏറിയും കുറഞ്ഞും പങ്കാളിത്തമുണ്ടായിരുന്നു. ആറ് മുതല്‍ 14 വരെ എം എല്‍ എമാരും നിയമം നടപ്പായ സര്‍ക്കാറുകളില്‍ മന്ത്രിമാരും ഉണ്ടായിരുന്നു. തത്വത്തില്‍ പൊതുസ്വത്ത് എന്ന പരിഗണന ലഭിക്കേണ്ട വഖ്ഫ് ഭൂമികള്‍ക്ക് ആ പരിഗണന ലഭിച്ചില്ല. അതു പേശി വാങ്ങേണ്ടത് മുസ്‌ലിം ലീഗായിരുന്നു. ലീഗത് ചെയ്തില്ലെന്നു മാത്രമല്ല; ഇതൊരു പ്രശ്‌നമാക്കി രംഗത്തുവന്ന പണ്ഡിതന്മാരെ വേട്ടയാടുക കൂടി ചെയ്തു. താജുല്‍ഉലമാ കെ കെ സ്വദഖത്തുല്ലാഹ് മുസ്‌ലിയാര്‍ക്ക് സമസ്ത അധ്യക്ഷ പദവി രാജിവെച്ചു പോകേണ്ടതായി വന്നതും ശംസുല്‍ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടിക്കാട് കോളജില്‍ നിന്ന് പുറത്തായതും ലീഗിന്റെ ആജന്മ ശത്രുവായതും ഇക്കാരണങ്ങള്‍ കൊണ്ടു കൂടിയായിരുന്നു.
കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും കൈവശം വെക്കാവുന്ന ഭൂമിയുടെ അളവ് നിര്‍ണയിക്കപ്പെട്ടതോടെ ഭൂപരിഷ്‌കരണ നിയമത്തിന്റെ കത്രികപ്പൂട്ടില്‍ നിന്ന് സ്വന്തം മണ്ണ് രക്ഷപ്പെടുത്തിയെടുക്കാന്‍ വന്‍കിട ഭൂവുടമകള്‍ കുതന്ത്രങ്ങളുമായി രംഗത്തിറങ്ങി. ഇടതന്മാര്‍ ഭരിച്ചപ്പോള്‍ നിയമം മുറുകി, കാരണം അവരില്‍ വന്‍കിട ഭൂസ്വാമിമാര്‍ കുറവായിരുന്നു. ഇടവേളകളില്‍ വന്ന വലതന്മാര്‍ മുറുകിയതിനിടയില്‍ തുളയിട്ടു നൂണ്ടുകയറാന്‍ പഴുതുകളുണ്ടാക്കി വെച്ചു, നിയമത്തിലെ പല വകുപ്പുകളും നടപ്പാക്കേണ്ട തീയതികളുടെ കാര്യത്തില്‍ പൊരിഞ്ഞ തര്‍ക്കം നടന്നു. കോടതികള്‍ കയറിയിറങ്ങി, ഒരു തീയതി മാറിമറിഞ്ഞാല്‍ അതിനിടയില്‍ തിരുകാന്‍ പ്രമാണങ്ങള്‍ റജി. ഓഫീസുകളില്‍ വരിനിന്നു. “ബിനാമി’ ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നത് ഇക്കാലത്താണ്. എല്ലാ തര്‍ക്കങ്ങളും വ്യവഹാരങ്ങളും നിയമപ്രശ്‌നങ്ങളും അടിക്കടിയുണ്ടായ സമരങ്ങളും പൊതുവില്‍ ഭൂവുടമകള്‍ക്ക് അനുകൂലമായിട്ടാണു ഭവിച്ചത്. അങ്ങനെ പാട്ട ഭൂമികള്‍ തോട്ട ഭൂമികളായി; മറിച്ചും. ഈ കൂട്ടപ്പൊരിച്ചിലിനിടയില്‍ വഖ്ഫ് ഭൂമി കുടികിടപ്പായും മിച്ചഭൂമിയായും മാറിയത് നോക്കാന്‍ ആരുമുണ്ടായില്ല. ലീഗായിരുന്നു അത് നോക്കേണ്ടിയിരുന്നത്, നോക്കിയില്ല. താത്പര്യം കാണിച്ചില്ല എന്ന് പറയുന്നതാകും ശരി. നഷ്ടപ്പെട്ട വഖ്ഫ് സ്വത്തുക്കളെക്കുറിച്ച് പരാതി പറയാന്‍ ചെന്ന മുതവല്ലിമാരെ ലീഗ് നേതാക്കള്‍ ആശ്വസിപ്പിച്ചതിങ്ങനെ: “ബേജാറാകേണ്ട, നമുക്ക് വഖ്ഫ് ഭൂമി നഷ്ടപ്പെട്ടെങ്കില്‍ അവര്‍ക്ക് ദേവസ്വം ഭൂമിയും നഷ്ടപ്പെട്ടിട്ടുണ്ട്’. അതായത്, ഒരടി കിട്ടിയ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ രണ്ടടി കിട്ടിയ ആളെ ചൂണ്ടിക്കാണിച്ച് ആശ്വസിപ്പിക്കുന്ന അതേ നീതിശാസ്ത്രം.
വാഴക്കാട് ദാറുല്‍ഉലൂമിനു നഷ്ടമായത് നാനൂറേക്കറാണെങ്കില്‍ ലീഗിന്റെ സ്വന്തം പട്ടിക്കാട് കോളജിന് പോയ്ക്കിട്ടിയത് 3,000 പറ പാട്ടം കിട്ടിയിരുന്ന ഭൂസ്വത്ത്! ഇതിലേറെ വരും പൊന്നാനി മഊനത്തിനു നഷ്ടമായത്. മറ്റു നിരവധി പള്ളി, മത ധര്‍മ സ്ഥാപനങ്ങള്‍ക്ക് ചെറുതും വലുതുമായി നഷ്ടമായത് ആയിരക്കണക്കിന് ഏക്കറുകള്‍.
ചെറുവിരലനക്കാനാകാതെ ലീഗ് നോക്കിനിന്നു. മറ്റൊരു വിധം പറഞ്ഞാല്‍, ലീഗിനെ കുറ്റം പറയാനുമാകില്ല. അധികാരം ആദ്യമായി കൈവെള്ളയില്‍ വന്നതിന്റെ ത്രില്ലിലായിരുന്നു പാര്‍ട്ടി, മധുവിധു ആഘോഷിക്കുകയായിരുന്നു അവര്‍. മധുരമനോജ്ഞമായ ആ നല്ല നേരത്ത് സി പി എമ്മിനെയോ മുഖ്യമന്ത്രി ഇ എം എസിനെയോ അലോസരപ്പെടുത്തുന്നതൊന്നും ചെയ്യാന്‍ ലീഗിന് മനസ്സുണ്ടായിരുന്നില്ല.
കുറ്റം തന്നെ പറയരുതല്ലോ, രണ്ട് പതിറ്റാണ്ടാണ് അധികാരലബ്ധിക്കായി ലീഗ് കാത്തിരുന്നത്. നാലഞ്ച് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു, മെച്ചപ്പെട്ട വോട്ടും സീറ്റും നേടി. കോണ്‍ഗ്രസ്സിനൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്ന് 1957ലെ ഇ എം എസ് മന്ത്രിസഭയെ പുറത്താക്കാന്‍ ഒഴുക്കിയ വിയര്‍പ്പ് കുറച്ചൊന്നുമായിരുന്നില്ല. എന്നിട്ടും കോണ്‍ഗ്രസ്സ് പിന്നില്‍ നിന്ന് കുത്തി. ഒരിക്കല്‍ ഹറാമാക്കിയ കമ്മ്യൂണിസത്തെ ഗത്യന്തരമില്ലാതെ ഹലാലാക്കേണ്ടതായി വന്നതിന്റെ കയ്പും ചവര്‍പ്പും വേറെ. ഇങ്ങനെ പ്രതിസന്ധികള്‍ പലതു പിന്നിട്ട്, കാത്തുകാത്തിരുന്നു ആറ്റുനോറ്റു കിട്ടിയ രണ്ട് മന്ത്രി സ്ഥാനങ്ങള്‍ “അതുമിതും’ പറഞ്ഞ് പെരുവഴിയില്‍ കളയാന്‍ ലീഗിന് കഴിയില്ലായിരുന്നു; സംഗതി പള്ളിയായാലും പടച്ചോനാണെങ്കിലും!
കേരളത്തിലെ വഖ്ഫുകളില്‍ സിംഹഭാഗവും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. ഇതില്‍ വലിയൊരു പങ്കാണ് നിയമം തട്ടിപ്പറിച്ചു കൊണ്ടുപോയത്. ശേഷിച്ചതും പിൽക്കാലത്ത് ലഭിച്ച നാമമാത്ര വഖ്ഫുകളും പുതിയ അതിക്രമങ്ങളെ നേരിട്ടു. കൈകാര്യ കര്‍ത്താക്കള്‍ അപഹര്‍ത്താക്കളായതാണ് പുതിയ പ്രശ്‌നം. വളച്ചു കെട്ടിയും പിടിച്ചടക്കിയും വകമാറ്റിയും കള്ള പ്രമാണങ്ങള്‍ ചമച്ചും വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്നു ഇപ്പോഴും. മഹല്ലുകള്‍ അടക്കിവാഴുന്നവര്‍ തന്നെ ഇവിടെയും പ്രതിസ്ഥാനത്ത്.
(നാളെ: വഖ്ഫിന് മേല്‍ സലഫിസത്തിന്റെ കടന്നുകയറ്റങ്ങള്‍)