Connect with us

Kozhikode

വഖ്ഫ് സ്വത്ത് വിൽപ്പന: ബോർഡിന്റെ അനുമതി ആരും ആക്ഷേപം ഉന്നയിക്കാത്തതിനാൽ: മായിൻ ഹാജി

കേരളത്തിൽ വഖ്ഫ് സ്വത്തുക്കൾ കൈയേറിയവരുടെ കൂട്ടത്തിൽ മുസ്‌ലിം ലീഗുകാരില്ല.

Published

|

Last Updated

കോഴിക്കോട് | കുറ്റിക്കാട്ടൂരിലെ വഖ്ഫ് സ്വത്ത് താൻ ഇടപെട്ട് തന്റെ ബന്ധുവിന്റെ സ്വകാര്യ ട്രസ്സിന് വിൽക്കാൻ അനുമതി കൊടുത്തെന്നത് വ്യാജ പ്രചാരണമാണെന്ന് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എം സി മായിൻ ഹാജി. കുറ്റിക്കാട്ടൂരിലെ ഒരു സ്വത്ത് കൈമാറ്റ കേസും താനുൾപ്പെട്ട വഖ്ഫ് ബോർഡ് മുമ്പാകെ വന്നിട്ടില്ല. അവിടെ പ്രവർത്തിക്കുന്ന യതീംഖാന രജിസ്റ്റർ ചെയ്യുന്ന ഒരു അപേക്ഷയാണ് വന്നത്. അത് പരിഗണിക്കുന്നതിനിടയിൽ അതിനെതിരെ പരാതിയും വന്നു. അത് പരിശോധിച്ചതിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീംഖാന കണിയാത്ത്, മാണിയമ്പലം എന്നീ രണ്ട് പ്രബല മഹല്ലുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന അംഗങ്ങൾ ഉൾപ്പെടുന്ന സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ജനകീയ കമ്മറ്റി ഭരണം നടത്തുന്നതെന്നാണ് വഖ്ഫ് ബോർഡ് മുമ്പാകെ ലഭിച്ച തെളിവുകൾ. അതനുസരിച്ചാണ് തീരുമാനമെടുത്തത്. അത് ഒരു സ്വകാര്യ ട്രസ്റ്റാണ് എന്ന ആക്ഷേപം ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ബോർഡിന്റെ തീരുമാനം ശരിയല്ല എന്ന അഭിപ്രായമുള്ളവർക്ക് വഖ്ഫ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും അപ്പീൽ നൽകുന്നതിന് അവസരമുണ്ട്. കേരളത്തിൽ വഖ്ഫ് സ്വത്തുക്കൾ കൈയേറിയവരുടെ കൂട്ടത്തിൽ മുസ്‌ലിം ലീഗുകാരില്ല. ലീഗിനെ എതിർക്കുന്നവരാണ് തന്റെ അറിവിൽ ഇത്തരത്തിൽ കൈയേറ്റക്കാരായുള്ളത്. താനുൾപ്പെട്ട വഖ്ഫ് ബോർഡ് തങ്ങളുടെ ശ്രദ്ധയിൽ വന്ന അന്യാധീനപ്പെട്ട കേസുകളിലൊക്കെ തിരിച്ചുപിടിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നിയമപരമായ നടപടിക്രമങ്ങളും കൈയേറ്റക്കാരുണ്ടാക്കുന്ന തടസ്സങ്ങളും തിരിച്ചുപിടിക്കുന്നതിൽ പലതിലും കാലതാമസമുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. “കള്ളനെ പിടിക്കാൻ ഓടുന്ന ആൾക്കൂട്ടത്തോടൊപ്പം ഓടിയ കള്ളന്റെ സ്വഭാവമാണ്’ ലീഗിനെ ആക്ഷേപിച്ച് ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Latest