From the print
വഖ്ഫ് തെളിച്ചു പറയണോ?; മുനന്പത്ത് മുസ്‌ലിം ലീഗ് രണ്ട് തട്ടിൽ
ഷാജിക്ക് പിന്തുണയുമായി ഇ ടിയും മുനീറും • മുനന്പം വഖ്ഫ് ചർച്ചയിലേക്ക് പോകേണ്ടെന്ന് സ്വാദിഖലി തങ്ങൾ
കോഴിക്കോട്| മുനമ്പം വിഷയത്തിൽ മുസ്‌ലിം ലീഗ് രണ്ട് തട്ടിൽ. മുനമ്പത്തെ വിവാദ സ്ഥലം വഖ്ഫ് ഭൂമിയാണെന്ന് വ്യക്തമായി പറയേണ്ടതുണ്ടോ, ഇല്ലേ എന്ന കാര്യത്തിലാണ് നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നത. മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറും കെ എം ഷാജിയും മുനമ്പം വഖ്ഫ് ഭൂമി തന്നെയെന്ന് ഉറപ്പിച്ചു പറയുമ്പോൾ സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ഈ കാര്യത്തിൽ വ്യക്തത നൽകാതെ ഒഴിഞ്ഞുമാറുകയാണ്.
മുനമ്പം വഖ്ഫ് ഭൂമിയാണോ അല്ലേ എന്ന ചർച്ചയിലേക്ക് പോകേണ്ടതില്ലെന്നാണ് സ്വാദിഖലി തങ്ങൾ ഇന്നലെയും വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചത്.
കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ വിഷയത്തിൽ എവിടേയും പിടികിട്ടാത്ത രീതിയിലുള്ള നിലപാടായിരുന്നു ലീഗ് നേതൃത്വം കൈക്കൊണ്ടത്. മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമായി പറഞ്ഞതോടെയാണ് ലീഗ് പ്രതിസന്ധിയിലായത്. പെരുവള്ളൂരിൽ നടന്ന മുസ്‌ലിം ലീഗ് പൊതു യോഗത്തിൽ കെ എം ഷാജിയാണ് ലീഗിലെ വിവാദത്തിന്റെ കെട്ടഴിച്ചത്. വി ഡി സതീശനെ പരസ്യമായി കടന്നാക്രമിച്ചുകൊണ്ടായിരുന്നു ഷാജിയുടെ പ്രസംഗം. സതീശന്റെ അഭിപ്രായം ലീഗിനില്ലെന്നും മുനമ്പം വഖ്ഫ് തന്നെയെന്നും ഈ വഖ്ഫ് ഭൂമി പാവപ്പെട്ട താമസക്കാർക്ക് വിൽപ്പന നടത്തിയവരെയും അതിന് രേഖയുണ്ടാക്കിയവരെയും കണ്ടു പിടിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. എന്നാൽ, ആരും പാർട്ടിയാകാൻ നോക്കേണ്ടതില്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടെ വിഷയം രൂക്ഷമായി. ഷാജിയെ തള്ളാതെ എം കെ മുനീറും രംഗത്ത് വന്നു. ഇന്നലെ ഷാജിയെ പൂർണമായും പിന്തുണച്ചുകൊണ്ട് മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീർ കൂടി രംഗത്ത് വന്നതോടെ മുസ്‌ലിം ലീഗിലെ ഈ കാര്യത്തിലെ ഭിന്നത കൂടുതൽ പ്രകടമാവുകയും ചെയ്തു. മുനമ്പം വഖ്ഫ് ഭൂമിയാണെന്ന് പറയേണ്ടതിന് പകരം വഖ്ഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ അവസാനമായി പ്രതികരിച്ചത്. മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന വാദം പ്രതിപക്ഷ നേതാവിൽ നിന്ന് ഉണ്ടാവുമ്പോൾ ഘടകകക്ഷിയായ ലീഗിന് പാർട്ടിക്കുള്ളിൽ മറുപടി പറയാതിരിക്കാനാകില്ല. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ കൂടിയാണ് ഷാജി, ഇ ടി എന്നിവരുടെ ശ്രമം.
നേരത്തേ മുനമ്പം വഖ്ഫ് ഭൂമി തന്നെയാണെന്ന് നിയമസഭയിൽ മുസ്‌ലിം ലീഗ് നേതാവ് കൂടിയായ കെ പി എ മജീദിന്റെ സബ്മിഷന് മറുപടിയായി മന്ത്രി വി അബ്ദുർറഹ്മാൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ താമസക്കാർക്ക് മുനമ്പത്ത് വസ്തു നികുതി അടയ്ക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ ലീഗിന്റെ നേതൃത്വത്തിൽ സർക്കാറിനെതിരെ സമരവും സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മുനമ്പം വഖ്ഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ നിലപാടിൽ ലീഗ് പ്രതിരോധത്തിലാവുകയാണ്.
അതേസമയം, മുനമ്പം വഖ്ഫ് ഭൂമി വിഷയം വഖ്ഫ് ട്രൈബ്യൂണൽ ഈ മാസം 27ന് പരിഗണിക്കാനിരിക്കുകയാണ്. മുനമ്പം വഖ്ഫ് ആയി പ്രഖ്യാപിച്ച വഖ്ഫ് ബോർഡിന്റെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് ഫാറൂഖ് കോളജ് നൽകിയ ഹരജിയാണ് പരിഗണിക്കുന്നത്. 1950ൽ ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഫാറൂഖ് കോളജിന് വഖ്ഫ് ചെയ്ത സിദ്ദീഖ് സേഠിന്റെ കുടുംബവും വഖ്ഫ് സംരക്ഷണ സമിതിയും കേസിൽ കക്ഷിചേർന്നിട്ടുണ്ട്. കൂടാതെ, സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപോർട്ടും പുറത്തുവരാനുണ്ട്.