Connect with us

editorial

വഖ്ഫ് കൈയേറ്റക്കാര്‍ വഖ്ഫ് ബോര്‍ഡുകള്‍ക്കെതിരെ

എന്‍ ആര്‍ സിയുടെ തുടര്‍ച്ചയായി വേണം വഖ്ഫ് നിയമ ഭേദഗതി ബില്ലിനെ കാണാന്‍. എന്‍ ആര്‍ സി മുസ്‌ലിംകളുടെ പൗരത്വത്തെയാണ് നിരാകരിക്കുന്നതെങ്കില്‍ വഖ്ഫ് ഭേദഗതി സമുദായത്തിന്റെ നിലനില്‍പ്പിനെയായിരിക്കും ഇല്ലാതാക്കുക.

Published

|

Last Updated

വഖ്ഫുമായും വഖ്ഫ് ബോര്‍ഡുമായും ബന്ധപ്പെട്ട് പെരും നുണകളാണ് ബി ജെ പിയും സംഘ്പരിവാര്‍ വൃത്തങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വഖ്ഫ് ബോര്‍ഡ് ഗ്രാമീണരുടെയും കര്‍ഷകരുടെയും ഭൂമി തട്ടിയെടുക്കുന്നുവെന്നാണ് ഝാര്‍ഖണ്ഡിലെ ബഗ്മാരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം തട്ടിവിട്ടത്. കര്‍ണാടകയില്‍ ഗ്രാമീണരുടെയും ക്ഷേത്രങ്ങളുടെയും കര്‍ഷകരുടെയും ഭൂമി വഖ്ഫ് ബോര്‍ഡ് കൈക്കലാക്കിയതായി ഷാ കുറ്റപ്പെടുത്തി.

കിണ്ണം കട്ടവന്‍ കള്ളനെ തിരഞ്ഞ കഥയാണ് അമിത് ഷായുടെ ഈ പ്രസ്താവന വായിച്ചപ്പോള്‍ ഓര്‍മയില്‍ വരുന്നത്. രാജ്യത്തെവിടെയും വഖ്ഫ് ബോര്‍ഡ് അനധികൃതമായി ഒരാളുടെയും ഭൂമി കൈയേറിയിട്ടില്ല. അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചെടുക്കാനുള്ള ന്യായവും നിയമപരവുമായ നടപടികള്‍ മാത്രമേ കേരളത്തിലെ മുനമ്പത്തടക്കം വഖ്ഫ് ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളൂ. അതേസമയം, സര്‍ക്കാറും അര്‍ധ സര്‍ക്കാര്‍ ഏജന്‍സികളും വഖ്ഫ് സ്വത്തുക്കള്‍ ധാരാളം അനധികൃതമായി കൈയടക്കിയിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏകദേശം 4.9 ലക്ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ട വഖ്ഫ് സ്വത്തുക്കളുണ്ട് രാജ്യത്ത് (മറ്റൊരു റിപോര്‍ട്ടനുസരിച്ച് 8.7 ലക്ഷം വരും). ആറ് ലക്ഷം ഏക്കറിലധികം വരും വഖ്ഫ് ഭൂമിയുടെ അളവ്. ഇതില്‍ നല്ലൊരു പങ്കും മറ്റുള്ളവരുടെ അധീനതയിലാണ്. വഖ്ഫ് സ്വത്തുക്കളുടെ 70 ശതമാനം കൈയേറിയിട്ടുണ്ടെന്നാണ് മുന്‍ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന കെ റഹ്മാന്‍ ഖാന്റെ പക്ഷം.

വഖ്ഫ് സ്വത്തുക്കൾ കൈയടക്കി വെച്ച ചില സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിലുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഡല്‍ഹി വികസന അതോറിറ്റി, ഡല്‍ഹി മുനിസിപല്‍ കോര്‍പറേഷന്‍, ഡല്‍ഹി ജല അതോറിറ്റി, ഡല്‍ഹി പോലീസ്, റെയില്‍വേ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടും. 2002ല്‍ എല്‍ കെ അഡ്വാനി ഉദ്ഘാടനം ചെയ്ത 34 ഏക്കര്‍ വരുന്ന ഡല്‍ഹിയിലെ മില്ലേനിയം പാര്‍ക്കിലെ പത്ത് ഏക്കര്‍ ശ്മശാനത്തിനായി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയാണ്. കേന്ദ്ര-ഡല്‍ഹി സര്‍ക്കാറുകള്‍ കൈയേറിയ 123 വഖ്ഫ് സ്വത്തുക്കള്‍ തിരികെ നല്‍കാന്‍ 2014ല്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതാണ്.

ഈ ലക്ഷ്യത്തില്‍ സച്ചാര്‍ കമ്മിറ്റിയുടെയും വഖ്ഫ് സംബന്ധിച്ച ജോയിന്റ് പാര്‍ലിമെന്ററി കമ്മിറ്റിയുടെയും രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെയും ശിപാര്‍ശകളുടെയും നിയമ മന്ത്രാലയത്തിന്റെ ഉപദേശങ്ങളുടെയും അടിസ്ഥാനത്തില്‍ – “വഖ്ഫ് സ്വത്തുക്കള്‍ (അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കല്‍) ബില്ല് 2014′ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചതുമാണ്. ആ ബില്ല് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുമുണ്ട് സര്‍ക്കാര്‍ അധീനതയില്‍ ധാരാളം വഖ്ഫ് സ്വത്തുക്കള്‍. ഡല്‍ഹിയില്‍ മാത്രം 126 പള്ളികളെങ്കിലും അന്യാധീനപ്പെട്ടിട്ടുണ്ടെന്നാണ് 1947ല്‍ ഇന്ത്യാ സര്‍ക്കാര്‍ നിയോഗിച്ച ബാര്‍ണേ കമ്മിറ്റി കണ്ടെത്തിയത്. 1979ല്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് കൊല്‍ക്കത്തയില്‍ മാത്രം 59 മസ്ജിദുകള്‍ ഹൈന്ദവരുടെ അധീനതയിലാണ്.

വഖ്ഫിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ കൈയേറിയെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. വി ഡി സവര്‍ക്കറെ പോലുള്ള മുന്‍കാല ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് കടമെടുത്ത ആരോപണമാണിത്. ചരിത്രപ്രസിദ്ധമായ മസ്ജിദുകളും മുസ്‌ലിം സാംസ്‌കാരിക കേന്ദ്രങ്ങളും കൈയേറാനുള്ള ആര്‍ എസ് എസ് ഗൂഢപദ്ധതിക്കുള്ള ഒരു മുന്‍കൂര്‍ ജാമ്യമാണിത്. കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതും മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം പണിതതും ഈ കപടവാദത്തിന്റെ പിന്‍ബലത്തിലാണല്ലോ. മഥുര ഈദ്ഗാഹ് മസ്ജിദും ഗ്യാന്‍വാപി മസ്ജിദും കൈയേറി ക്ഷേത്രമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുകൊണ്ടും അവസാനിക്കുന്നില്ല. താജ്മഹല്‍, ചാര്‍മിനാര്‍ തുടങ്ങി ചരിത്ര സ്മാരകങ്ങള്‍ മുതല്‍ വിവിധ കാലങ്ങളില്‍ നിര്‍മിക്കപ്പെട്ട ദര്‍ഗകള്‍ വരെ നീളുന്നതാണ് ഹിന്ദുത്വരുടെ പട്ടിക.

വഖ്ഫ് ബോര്‍ഡ് കൈയേറ്റക്കാരാണെന്ന പ്രചാരണത്തിനു പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ബി ജെ പിക്കുള്ളത്. മുസ്‌ലിംകളെയും വഖ്ഫ് ബോര്‍ഡിനെയും സംബന്ധിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുക, വോട്ട് ബേങ്ക് പുഷ്ടിപ്പെടുത്തുക. സര്‍ക്കാറിന്റെ പരിഗണനയിലുള്ള വഖ്ഫ് നിയമ ഭേദഗതി ബില്ലിന് ന്യായീകരണം സൃഷ്ടിക്കുകയാണ് മറ്റൊന്ന്. അന്യാധീനപ്പെട്ട വഖ്ഫ് തിരിച്ചു പിടിക്കുന്നതിനുള്ള 2014ലെ ബില്ല് പാര്‍ലിമെന്റിന്റെ ശീതീകരണിയില്‍ ഇരിക്കവെയാണ് അത് ഉപേക്ഷിച്ച് വഖ്ഫ് മേഖലക്ക് കടുത്ത ദോഷം ചെയ്യുന്ന പുതിയ ബില്ലുമായി മോദി സര്‍ക്കാര്‍ രംഗത്തു വന്നത്. മുസ്‌ലിം സമുദായത്തെ സാമ്പത്തികമായും സാംസ്‌കാരികമായും തകര്‍ക്കാനും ഇസ്‌ലാമിക സ്ഥാപനങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കാനുമായി ആവിഷ്‌കരിച്ച പദ്ധതിയാണിത്.

മസ്ജിദുകള്‍, ഇസ്‌ലാമിക പാഠശാലകള്‍, ദര്‍ഗകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ നടത്തിപ്പിനും സമുദായത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കും സുരക്ഷക്കുമെല്ലാമായി മുസ്‌ലിം ഭരണാധികാരികളും സമുദായത്തിലെ ധനാഢ്യരും വിശ്വാസികളും നല്‍കിയ സ്വത്തുക്കളാണ് വഖ്ഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ളത്. വഖ്ഫ് ബോര്‍ഡുകളെ തീര്‍ത്തും നിര്‍വീര്യമാക്കി ബോര്‍ഡിനു മേല്‍ സര്‍ക്കാറിനും ബ്യൂറോക്രസിക്കും കൂടുതല്‍ അധികാരം നല്‍കുക, വഖ്ഫ് ട്രൈബ്യൂണലുകളുടെ അധികാരം വെട്ടിച്ചുരുക്കുകയും ജില്ലാ കലക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുകയും ചെയ്യുക തുടങ്ങിയ അപകടകരമായ വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

ബില്ല് പാസ്സായാല്‍ അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കള്‍ വീണ്ടെടുക്കാനുള്ള വഖ്ഫ് ബോര്‍ഡുകളുടെ നീക്കങ്ങള്‍ അവതാളത്തിലാകുകയും കൈയേറ്റക്കാര്‍ക്ക് കൂടുതല്‍ പ്രചോദനമാകുകയും ചെയ്യും. എന്‍ ആര്‍ സിയുടെ തുടര്‍ച്ചയായി വേണം വഖ്ഫ് നിയമ ഭേദഗതി ബില്ലിനെ കാണാന്‍. എന്‍ ആര്‍ സി മുസ്‌ലിംകളുടെ പൗരത്വത്തെയാണ് നിരാകരിക്കുന്നതെങ്കില്‍ വഖ്ഫ് ഭേദഗതി സമുദായത്തിന്റെ നിലനില്‍പ്പിനെയായിരിക്കും ഇല്ലാതാക്കുക.

Latest