Kerala
പാര്‍ട്ടിയില്‍ തനിക്കെതിരെ പടയൊരുക്കം; പ്രതിരോധ കരുനീക്കങ്ങള്‍ ശക്തമാക്കി കെ എം ഷാജി
കേസുകളില്‍ കുടുങ്ങിയതോടെ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടാവുമെന്നു ഭയന്ന ഷാജി തന്റെ മാത്രം അനുയായി വൃന്ദത്തെ സൃഷ്ടിച്ചു പാര്‍ട്ടിയുടെ നീക്കം പ്രതിരോധിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. ഇതിനു തടയിടുന്ന രൂപത്തിലാണ് പാര്‍ട്ടിയുടെ നീക്കം.
കോഴിക്കോട് | മുസ്ലിം ലീഗില്‍ തനിക്കെതിരെ നീക്കം നടക്കുന്നതായി മനസിലാക്കി പ്രതിരോധം ഒരുക്കാന്‍ കെ എം ഷാജിയുടെ ശ്രമം. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ നീക്കം നടക്കുന്നു എന്ന തരത്തില്‍ കെ എം ഷാജി വിദേശത്ത് നടത്തിയ പ്രസംഗം ഇതിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. അവിഹിത സ്വത്തു സമ്പാദനം, അഴിമതി, കള്ളപ്പണ കേസുകളില്‍ കുടുങ്ങിയതോടെ പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടിയുണ്ടാവുമെന്നു ഭയന്ന ഷാജി തന്റെ മാത്രം അനുയായി വൃന്ദത്തെ സൃഷ്ടിച്ചു പാര്‍ട്ടിയുടെ നീക്കം പ്രതിരോധിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. ഇതിനു തടയിടുന്ന രൂപത്തിലാണ് പാര്‍ട്ടിയുടെ നീക്കം.
തനിക്കെതിരെ ഉയര്‍ന്ന എല്ലാ സാമ്പത്തിക ആരോപണത്തിനു പിന്നിലും പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമാണെന്നാണ് ഷാജി ആദ്യം മുതല്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതിച്ഛായ തകര്‍ത്ത ശേഷം തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഷാജിയുടെ പ്രതികരണം. ഇതിന്റെ ഭാഗമായി അടുത്തകാലത്ത് എല്ലാ പ്രസംഗത്തിലും നേതൃത്വത്തിലെ ചിലര്‍ക്കെതിരെ ശക്തമായ ഒളിയമ്പുകള്‍ ഷാജി പ്രയോഗിക്കുകയും ചെയ്തു. ഗള്‍ഫ് സന്ദര്‍ശനം നടത്തുന്ന ഷാജി വെള്ളിയാഴ്ച മസ്‌കത്തില്‍ നടത്തിയ പ്രസംഗത്തില്‍ നേതൃത്വത്തില്‍ ചിലര്‍ തന്നെ പുറത്താക്കാന്‍ നീക്കം നടത്തുന്നു എന്നു വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നിരന്തരം ഉന്നയിച്ചാല്‍ താന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് ആരും കരുതേണ്ട എന്നാണു പ്രസംഗത്തില്‍ പറഞ്ഞത്. ശത്രുപാളയത്തില്‍ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരുടെ കൂട്ടത്തില്‍ താനുണ്ടാകില്ലെന്ന പ്രയോഗത്തിലൂടെ ഷാജി വീണ്ടും നേതൃത്വത്തെ ലക്ഷ്യമിട്ടു. ഒമാനില്‍ മസ്‌കത്ത് കെ എം സി സി വേദിയിലായിരുന്നു ഷാജിയുടെ പ്രസംഗം. ലീഗ് യോഗത്തില്‍ കെ എം ഷാജിക്കെതിരെ വിമര്‍ശനമുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ഷാജിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ ശക്തമായ നീക്കമുണ്ടായി. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെയും പാര്‍ട്ടിയെയും അപമാനിക്കുന്നതും പ്രതിരോധത്തിലാക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം. ഷാജിയെ കയറൂരി വിടരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
എല്‍ ഡി എഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ജൂലൈയില്‍ കൊച്ചിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ കെ എം ഷാജി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രവര്‍ത്തക സമിതിയില്‍ കെ എം ഷാജിയെ നിയന്ത്രിച്ചില്ലെങ്കില്‍ തലവേദനയാവുമെന്ന ചര്‍ച്ച ഉയര്‍ന്നത്. വിദേശത്തായതിനാല്‍ ഷാജി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
പാര്‍ട്ടിയില്‍ അഞ്ചംഗ അച്ചടക്ക സമിതി രൂപവത്കരിക്കാനും അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചതിനു പിന്നില്‍ തന്നെയാണു ലക്ഷ്യമിടുന്നതെന്നും ഇതിനു ചരടുവലിച്ചതു പി കെ കുഞ്ഞാലിക്കുട്ടി വിഭാഗമാണെന്നും ഷാജി കരുതുന്നു. ഉന്നതാധികാര സമിതിയെന്ന ഭരണഘടനാ ബാഹ്യമായ സംവിധാനം ഇല്ലാതാക്കി സെക്രട്ടേറിയറ്റിന് കൂടുതല്‍ അധികാരം നല്‍കുന്നതടക്കം പാര്‍ട്ടി സംഘടനയെ നവീകരിച്ചു മുന്നോട്ടു പോകാനാണു പാര്‍ട്ടി തീരുമാനം. ഇതിന്റെ ഭാഗമായാണ് ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ചംഗ അച്ചടക്ക സമിതിയും നിലവില്‍ വരുന്നത്. ഇതോടെ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വത്തിനെതിരെ കരുനീക്കം നടത്തുന്ന ഷാജി അടക്കമുള്ളവര്‍ക്കും പൂട്ടു വീഴും.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുകള്‍ പ്രയോഗിച്ചു കൊണ്ടാണ് കഴിഞ്ഞ കുറേ കാലമായി കെ എം ഷാജി മറ്റൊരു വിഭാഗത്തിന്റെ പിന്തുണ പിടിച്ചു പറ്റുന്നത്. അതേസമയം ഷാജിക്കെതിരെ കുഞ്ഞാലിക്കുട്ടി പക്ഷം കരുനീക്കം നടത്തിയിരുന്നു. എല്‍ ഡി എഫ് സര്‍ക്കാരിനോട് പി കെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെ എം ഷാജിയും കെ എസ് ഹംസയും നടത്തിയ കടന്നാക്രമണം ഇതിന്റെ ഭാഗമായിരുന്നു. കെ എസ് ഹംസയെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും അണികളുടെ പിന്തുണ കാട്ടി ഷാജി രക്ഷപ്പെടുകയായിരുന്നു.
കുഞ്ഞാലിക്കുട്ടി ഭരണപക്ഷത്തോ പ്രതിപക്ഷത്തോ എന്ന് ചോദിച്ച കെ എസ് ഹംസക്കു സംസ്ഥാന സെക്രട്ടറി, നിര്‍വാഹകസമിതി അംഗത്വം തുടങ്ങിയ എല്ലാ പദവികളും നഷ്ടപ്പെട്ടു. അന്ന് കെ എം ഷാജി, പി കെ ബഷീര്‍ എന്നിവര്‍ക്കെതിരെയും നടപടി ആവശ്യം ഉയര്‍ന്നുവെങ്കിലും താത്ക്കാലികമായി രക്ഷപ്പെടുകയായിരുന്നു.
പാര്‍ട്ടി സംഘടിപ്പിച്ച വിവിധ പൊതു പരിപാടികളില്‍ ഷാജിയുടെ സാന്നിധ്യം ആഘോഷിക്കാന്‍ ആസൂത്രിത നീക്കം നടന്നിരുന്നു. ഷാജിയുടെ പ്രസംഗത്തിനായി മുറവിളി ഉയരുകയും ഷാജി എത്തുമ്പോള്‍ പ്രത്യേകമായ ആരവം ഉയരുകയും ചെയ്തത് ആസൂത്രിതമായിരുന്നു എന്നു നേതൃത്വം കരുതുന്നു. വിവിധ രാജ്യങ്ങളിലെ കെ എം സി സി കളെയും യുവാക്കളില്‍ ഒരു വിഭാഗത്തെയും അണിനിരത്തിയാണ് ഷാജി ഈ നീക്കം നടത്തിയതെന്നാണ് വിവരം. നേതാക്കളില്‍ ചിലരെ ശത്രുപക്ഷത്തു നിര്‍ത്തി സ്വന്തം പേരില്‍ ഒരു ഗ്രൂപ്പ് വളര്‍ത്തിക്കൊണ്ടുവരാനുള്ള ഷാജിയുടെ നീക്കത്തിനാണ് പാര്‍ട്ടി മൂക്കുകയറിട്ടിരിക്കുന്നത്. ഇതു തിരിച്ചറിഞ്ഞാണു തന്നെ പുറത്താക്കാനുള്ള നീക്കം നടക്കുന്നു എന്ന തരത്തില്‍ ഷാജി പ്രതികരണം നടത്തിയിരിക്കുന്നത്.