Connect with us

International

യുദ്ധം: ഓരോ മിനുട്ടിലും ഒരു കുഞ്ഞ് അഭയാർഥിയാകുന്നുവെന്ന് യു എൻ

ഫെബ്രുവരി 24 ന് റഷ്യ യുക്രെെനെ ആക്രമിച്ചതിനുശേഷം മൂന്ന് ദശലക്ഷത്തിലധികം പേർ അഭയാർത്ഥികളായി മാറിയെന്നും അവരിൽ 1.4 ദശലക്ഷം കുട്ടികളാണെന്നും ഐക്യരാഷ്ട്രസഭ

Published

|

Last Updated

ജനീവ | റഷ്യയും യുക്രെെനും തമ്മിലുള്ള പോരാട്ടം നാലാം വാരത്തിലേക്ക് കടക്കാനിരിക്കെ, സംഘർഷം മൂലം ഓരോ മിനിറ്റിലും ഒരു കുഞ്ഞ് അഭയാർത്ഥിയായി മാറുന്നതായി ഐക്യരാഷ്ട്രസഭ. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000-ത്തിലധികം കുട്ടികൾ അഭയാർത്ഥികളായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യുണിസെഫ് വക്താവ് പറഞ്ഞു.

ഫെബ്രുവരി 24 ന് റഷ്യ യുക്രെെനെ ആക്രമിച്ചതിനുശേഷം മൂന്ന് ദശലക്ഷത്തിലധികം പേർ അഭയാർത്ഥികളായി മാറിയെന്നും അവരിൽ 1.4 ദശലക്ഷം കുട്ടികളാണെന്നും ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു.

റഷ്യയുടെ ‘പ്രത്യേക സൈനിക ഓപ്പറേഷൻ’ ആരംഭിച്ചതിന് ശേഷം 79 കുട്ടികൾ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതിൽ ഭൂരിഭാഗം കുട്ടികളും കൈവ്, ഖാർകിവ്, ഡൊനെറ്റ്സ്ക്, സുമി, കെർസൺ, സൈറ്റോമിർ മേഖലകളിൽ നിന്നുള്ളവരാണ്.

തെക്ക്-കിഴക്കൻ നഗരമായ മരിയുപോളിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ കഴിഞ്ഞയാഴ്ച റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് യുദ്ധത്തിൽ തകർന്ന രാജ്യത്ത് കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.