Connect with us

Kerala

വാര്‍ഡ് വിഭജനം: ആകെ ലഭിച്ച പരാതികള്‍ 16,896; കൂടുതല്‍ മലപ്പുറത്ത്, കുറവ് ഇടുക്കിയില്‍

ഗ്രാമപഞ്ചായത്തുകളില്‍ ആകെ 11,874 ഉം, മുന്‍സിപ്പാലിറ്റികളില്‍ 2,864 ഉം, കോര്‍പറേഷനുകളില്‍ 1,607 ഉം പരാതികള്‍ ലഭിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷനുകളിലെ കരട് വാര്‍ഡ് വിഭജന റിപോര്‍ട്ട് സംബന്ധിച്ച് ആകെ 16,896 പരാതികള്‍ ലഭിച്ചു. ഏറ്റവും അധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്-2,834 എണ്ണം. ഏറ്റവും കുറവ് ലഭിച്ചത് ഇടുക്കി ജില്ലയിലും-400.

ഗ്രാമപഞ്ചായത്തുകളില്‍ ആകെ 11,874 ഉം, മുന്‍സിപ്പാലിറ്റികളില്‍ 2,864 ഉം, കോര്‍പറേഷനുകളില്‍ 1,607 ഉം പരാതികള്‍ ലഭിച്ചിട്ടുണ്ട്. കോര്‍പറേഷനുകളില്‍ തിരുവനന്തപുരം 874, കൊല്ലം 149, എറണാകുളം 129, തൃശൂര്‍ 190, കോഴിക്കോട് 181, കണ്ണൂര്‍ 84 പരാതികളാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് ആനക്കയത്ത് ആണ്-96. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ച മുന്‍സിപ്പാലിറ്റി കൊടുവള്ളിയാണ്-308.

സംസ്ഥാനത്തെ 30 ഗ്രാമപഞ്ചായത്തുകളില്‍ പരാതികള്‍ ഒന്നും തന്നെയില്ല. പരാതികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ അന്വേഷിക്കും. പരാതിക്കാരെ ജില്ലാകേന്ദ്രങ്ങളില്‍ നേരില്‍ കേള്‍ക്കും. പരാതികളും അന്വേഷണ റിപോര്‍ട്ടും നേരില്‍ കേട്ട വിവരണങ്ങളും വിശദമായി പരിശോധിച്ചായിരിക്കും കമ്മീഷന്‍ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കുക.

ആദ്യ ഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകളുടെയും, മുന്‍സിപ്പാലിറ്റികളിലെ 3,241 വാര്‍ഡുകളുടെയും കോര്‍പറേഷനുകളിലെ 421 വാര്‍ഡുകളുടെയും പുനര്‍വിഭജനമാണ് നടന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ 1,375 വാര്‍ഡുകളും മുന്‍സിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഏഴ് വാര്‍ഡുകളുമായി ആകെ 1,510 എണ്ണം പുതുതായി നിലവില്‍ വരും.

 

Latest