Connect with us

Kerala

വിറങ്ങലിച്ച് വയനാട്; മരണം 179ആയി

കാണാതായെന്ന് ബന്ധുക്കള്‍ വിവരം നല്‍കിയ 200ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

Published

|

Last Updated

കല്‍പറ്റ | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 179 ആയി ഉയര്‍ന്നു. 11 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെയാണിത്. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായെന്ന് ബന്ധുക്കള്‍ വിവരം നല്‍കിയ 200ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍, 98 പേരെയാണ് കാണാനില്ലാത്തതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ചൂരല്‍മലയില്‍ സൈന്യം ഇന്ന് രാവിലെ ആറോടെ തന്നെ രക്ഷാദൗത്യം പുനരാരംഭിച്ചിട്ടുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തുമെന്ന് റിപോര്‍ട്ടുണ്ട്.

അഗ്‌നിശമന സേന രാവിലെ ഏഴോടെ തിരച്ചില്‍ ആരംഭിച്ചു. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുകയാണ് സേനയുടെ പ്രധാന ദൗത്യം. സന്നദ്ധപ്രവര്‍ത്തകരും സഹായത്തിനുണ്ട്.

 

അതേസമയം  ഉരുള്‍പൊട്ടലില്‍ 126 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. 70 പേർ പുരുഷൻമാരും 56 പേർ സ്ത്രീകളുമാണ്. 123 മൃത ദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. 63 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. 126 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍ വയനാട്ടില്‍ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

നിലവില്‍ 106 പേരാണ് അഞ്ചു ക്യാമ്പുകളിലായി ഉള്ളത് (വയനാട്-98, മലപ്പുറം-1). ആകെ 195 പേരാണ് ആശുപത്രികളില്‍ എത്തിയത്. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളിൽ എത്തിച്ചത്. ഇതിൽ 90 പേർ വിവിധ ആശുപത്രികളിൽ ചികിത്‌സയിൽ തുടരുന്നു. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളത്.

 

Latest