Malabar Movement 1921
വാരിയന്‍കുന്നന്റെ കാലടിപ്പാട് പതിഞ്ഞ ചിങ്കക്കല്ല്
കാളികാവ് | ആലി മുസ്‌ലിയാര്‍ക്കൊപ്പം ബ്രിട്ടീഷ് വാഴ്ചക്കെതിരെ പോരാടിയ വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദാജി 1922 ജനുവരി ആറിനാണ് കാളികാവിനടുത്ത് കല്ലാമൂല ചിങ്കകക്കല്ലില്‍ നിന്ന് ബ്രിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയില്‍ വീണത്.
ഇടതൂര്‍ന്ന വനത്തിനുള്ളിലെ പുല്‍ത്തകിടിയില്‍ എല്ലാം സര്‍വശക്തനില്‍ സമര്‍പ്പിച്ച് പ്രാര്‍ഥന. അതിനിടയില്‍ കാട്ടിനുള്ളില്‍ തക്കം പാര്‍ത്ത് ഒളിച്ചിരുന്ന വെള്ളപ്പട “ബാറ്ററി’ സൈന്യം ഹാജിയുടെ നേരെ ചാടിവീണു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജി വെള്ളപ്പട്ടാളത്തിനെതിരെ നടത്തിവന്ന പോരാട്ടത്തിന് അതോടെ അന്ത്യംകുറിക്കുകയായിരുന്നു.
നിലമ്പൂര്‍, പന്തല്ലൂര്‍, തുവ്വൂര്‍ പ്രദേശങ്ങളുടെ ഭരണച്ചുമതല കുഞ്ഞഹമ്മദാജിക്കായിരുന്നു. ആലി മുസ്‌ലിയാരും ചെമ്പ്രശ്ശേരി തങ്ങളും പട്ടാളത്തിന്റെ പിടിയിലായതോടെ വാരിയന്‍കുന്നന്‍ തന്റെ പ്രവര്‍ത്തനമേഖല നിലമ്പൂരിലേക്ക് മാറ്റി.
കല്ലാമൂല ചിങ്കക്കല്ല് മലവാരത്തിൽ ഒളിച്ച് താമസിച്ച് അദ്ദേഹം വെള്ളക്കാര്‍ക്കെതിരെ ഒളിപ്പോര് തുടര്‍ന്നു. ബ്രിട്ടീഷുകാരായ തോട്ടം ഉടമകള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് സമരം ശക്തമാക്കി. ഇതിനിടയില്‍ തൊഴിലാളികളോട് മോശമായി പെരുമാറിയ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജര്‍ എസ് വി ഈറ്റൻ സായിപ്പിനെ പോരാളികള്‍ വധിച്ചു. വാരിയന്‍കുന്നനെ പിടികൂടുക എന്ന ലക്ഷ്യവുമായി മലബാര്‍ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് “ബാറ്ററി’ എന്ന പേരില്‍ പ്രത്യേക സേന തന്നെ രൂപവത്കരിച്ചു.
ചാരന്മാരുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വാരിയന്‍കുന്നന്റെ താവളം കണ്ടെത്തി. ഒളിവില്‍ പാര്‍ത്തുവന്ന കുഞ്ഞഹമ്മദാജിയെയും 27 അനുയായികളെയും സേന പിടികൂടി.
തുടര്‍ന്ന് കാളികാവ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് കാല്‍നടയായും കുതിരവണ്ടി വഴിയുമെല്ലാം അടുത്ത ദിവസം മലപ്പുറത്തെത്തിച്ചു. പേരിന് ഒരു വിചാരണ നടത്തി ബ്രിട്ടീഷ് പട്ടാളക്കോടതി 1922 ജനുവരി 20 ന് രാവിലെ 10 മണിയോടെ മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
കോടതിയില്‍ വെച്ച് ജഡ്ജിയോടായി ഹാജിക്ക് ഒരു കാര്യം മാത്രമായിരുന്നു ആവശ്യപ്പെടാനുണ്ടായിരുന്നത്. വെള്ളപ്പട്ടാളം സാധാരണ ചെയ്യുന്നതുപോലെ കണ്ണ് മൂടിക്കെട്ടി പിന്നില്‍നിന്നു വെടിവെക്കരുത്. എന്റെ മുന്നിൽ നിന്ന് നെഞ്ചിലേക്ക് വെടിവെക്കുക എന്ന ആവശ്യമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
അത് പ്രകാരം അദ്ദേഹത്തെ നെഞ്ചിലേക്ക് വെടിയുതിർത്തുവെന്നാണ് ചരിത്രം.