Connect with us

Travelogue

മഞ്ഞുമലയിലെ കുളിരോർമകൾ

മഞ്ഞുമലയിലേക്കുള്ള യാത്ര ആരംഭിച്ചു. അഞ്ച് സെഡാൻ കാറുകളിലായാണ് പോകുന്നത്. താഷ്‌കെന്റ് പ്രവിശ്യയെന്നത് പത്തോളം ജില്ലകൾ കൂടിയതാണ്. അതിൽ മിറാബാദ് ജില്ലയിലാണ് നമ്മുടെ ഹോട്ടലും പ്രധാന സ്ഥലങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ മുഖ്യ ആകർഷണ വലയത്തിൽ നിന്നും പുറത്ത് കടക്കാൻ ഏകദേശം അര മണിക്കൂർ സഞ്ചരിച്ചാൽ മതി. അതോടെ അങ്ങകലെ വെള്ള പുതച്ചു കിടക്കുന്ന മഞ്ഞുമലകൾ കണ്ടു തുടങ്ങും.

Published

|

Last Updated

ഉസ്‌ബെക്കിസ്ഥാനിലെ നാലാം ദിനം. സുബ്ഹിയുടെ മുന്നേ എഴുന്നേറ്റു. നിസ്‌കരിക്കാൻ സ്ഥലം സജ്ജമാക്കിയത് ഹകീം അസ്ഹരി ഉസ്താദിന്റെ റൂമിലാണ്. എല്ലാവരും നേരത്തെ തന്നെ എത്തിച്ചേർന്നിട്ടുണ്ട്. പതിവുപോലെ നിസ്‌കാരവും അനുബന്ധ വിർദുകളും ചെയ്തു. നാട്ടിലെ സമയവുമായി വലിയ വ്യത്യാസം ഇല്ലാത്തതിനാൽ ഉറക്കത്തിന്റെ പ്രശ്‌നമൊന്നും ആർക്കും ഉണ്ടായിട്ടില്ല. യാത്ര തുടങ്ങിയ നാട്ടിൽ നിന്നും വലിയ ടൈം സോൺ വ്യത്യാസം വരുമ്പോൾ എത്തിച്ചേർന്ന നാട്ടിലെ തുടക്ക ദിനങ്ങളിൽ ക്ഷീണം വരാനൊക്കെ സാധ്യതയുണ്ട്. ഇന്നേ ദിവസം ശാരീരിക വ്യായാമത്തിനു നീന്തലാണ് നല്ലതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഹോട്ടൽ മിരാൻ ഇന്റർനാഷനൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു അത്യാധുനിക പഞ്ചനക്ഷത്ര ഹോട്ടലാണ്. താമസക്കാർക്ക് ഒട്ടുമിക്ക സൗകര്യങ്ങളും അധികം കാശ് നൽകാതെ തന്നെ ഉപയോഗിക്കാനാകും. തണുത്തുറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. ഈ പ്രഭാതത്തിൽ തന്നെ എങ്ങനെ നീന്താൻ കഴിയുമെന്ന ഒരു ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിലായി വലിയൊരു നീന്തൽ കുളവും ജിംനേഷ്യവും ജാകൂസിയും സോനാ ബാത്തിനുള്ള സൗകര്യങ്ങളുമൊക്കെയുണ്ട്. സ്വിമ്മിംഗ് പൂളിന്റെ ഹാളുകൾ ചൂട് പിടിപ്പിച്ചു വെച്ചിരിക്കുകയാണ്. പക്ഷേ, വെള്ളത്തിൽ കാൽ കുത്തിയതോടെ ശരീരത്തിലാകെ തണുപ്പ് കുത്തിക്കയറി. എങ്കിലും പ്രകടമാക്കാതെ ആ കുളിയെന്ന കർമം നിർവഹിച്ചു.

താഷ്‌കെന്റ് നഗരത്തെ ആദ്യം കേൾക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി മരണപ്പെട്ടത് താഷ്‌കെന്റ് സന്ദർശത്തിനിടയിലാണെന്ന് പഠിച്ചപ്പോഴാണ്. താഷ്‌കെന്റ് കരാർ ഒപ്പിട്ടതിനു ശേഷം ഹൃദയാഘാതം വന്നു ഹോട്ടലിൽ വെച്ച് മരണപ്പെട്ടെന്നും അതല്ല നെഹ്‌റു കുടുംബത്തിൽ പ്രധാനമന്ത്രി സ്ഥാനം നിലനിർത്താൻ വേണ്ടി ശ്രീമതി ഇന്ദിര ഗാന്ധി ചെയ്യിപ്പിച്ചതാണെന്ന് കോൺഗ്രസ് എതിരാളികളും ആരോപിക്കുന്നുണ്ട്. വസ്തുത എന്താണെന്ന് ഇപ്പോഴും അവ്യക്തം. ഇന്നും അദ്ദേഹത്തെ അനുസ്മരിക്കുന്ന തെരുവും സ്മാരകവുമൊക്കെ താഷ്‌കെന്റ് നഗരത്തിൽ നിർമിക്കപ്പെട്ടിട്ടുണ്ട്.
താഷ്‌കെന്റ് പട്ടണത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ചിംഗാൻ (chimgan) മഞ്ഞുമലയിലേക്കാണ് ഇന്നത്തെ യാത്ര.

മഞ്ഞുമലയിലേക്കുള്ള യാത്ര ആരംഭിച്ചു. അഞ്ച് സെഡാൻ കാറുകളിലായാണ് പോകുന്നത്. താഷ്‌കെന്റ് പ്രവിശ്യയെന്നത് പത്തോളം ജില്ലകൾ കൂടിയതാണ്. അതിൽ മിറാബാദ് ജില്ലയിലാണ് നമ്മുടെ ഹോട്ടലും പ്രധാന സ്ഥലങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ മുഖ്യ ആകർഷണ വലയത്തിൽ നിന്നും പുറത്ത് കടക്കാൻ ഏകദേശം അര മണിക്കൂർ സഞ്ചരിച്ചാൽ മതി. അതോടെ അങ്ങകലെ വെള്ള പുതച്ചു കിടക്കുന്ന മഞ്ഞുമലകൾ കണ്ടു തുടങ്ങും. നഗരത്തിന്റെ എല്ലാ തിരക്കുകളിൽ നിന്നും മാറിനിൽക്കുന്ന വളരെ ശാന്തസുന്ദരമായ പ്രദേശത്തിലേക്കുള്ള യാത്ര. ചുരം റോഡുകളും വിശാലമായ താഴ്്വരകളും മഞ്ഞിന്റെ വിശാല ലോകവുമാണ് നമ്മെ കാത്തു നിൽക്കുന്നതെന്ന് ഓർക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം പിടികൂടിയിട്ടുണ്ട്. തണുത്ത കാറ്റ് ആഞ്ഞുവീശുന്നുണ്ട്.

കാറിന്റെ ഉള്ളിലെ വീർപ്പ് മുട്ടലിൽ നിന്നും മുക്തി നേടാൻ ഞാൻ റൂഫിനിടയിലൂടെ തല പുറത്തിട്ട് അൽപ്പം ആ കുളിര് ആസ്വദിച്ചു. പാതക്കിരുവശവും മഞ്ഞുപാളികൾ വീണു കിടപ്പുണ്ട്. ദൂരെയുള്ള മലകളിലൂടെ ഇടയന്മാരും നാടോടി വേഷം ധരിച്ച സ്ത്രീകളും വലിയ ചെമ്മരിയാട്ടിൻ കൂട്ടത്തെ തെളിച്ചു പോകുന്നത് കാണാം. കൂർത്ത് നിൽക്കുന്ന ചെടികളും വളരെ അപൂർവമായി കാണുന്ന പക്ഷികളുടെ കൂട്ടങ്ങളുമൊക്കെ യാത്രാ പഥം സന്തോഷത്തിലാക്കിത്തന്നു. ഏകദേശം ഒന്നര മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ ബേസ്‌മെന്റ് ക്യാന്പിൽ എത്തിച്ചേർന്നു. ഇനി മലമുകളിലേക്ക് കേബിൾ കാർ ഉപയോഗിച്ച് വേണം യാത്ര ചെയ്യാൻ.
സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയരത്തിലാണിപ്പോഴുള്ളത്. സൂര്യപ്രകാശം നല്ല പോലെ ലഭിക്കുന്നുണ്ട്. എന്നാൽ, അന്തരീക്ഷം തണുത്തിട്ടുമാണ്. വെയിലിന്റെ കാഠിന്യം കണ്ണ് തുറന്നു നോക്കാൻ പോലും കഴിയാത്ത അത്രമേൽ ശക്തമായിരുന്നു. എല്ലാവരും വെയിലിൽ നിന്നും രക്ഷപ്പെടാൻ കൂളിംഗ് ഗ്ലാസ് കരുതിയിരുന്നു. അവിടെ പർവത ചെരുവിൽ കുറേ സ്ത്രീകൾ കൂളിംഗ് ഗ്ലാസ് സുലഭമായി വിൽപ്പനക്ക് വെച്ചിട്ടുണ്ട്.

വാങ്ങാൻ ചെന്നപ്പോൾ ഞാൻ പറയുന്നത് അവർക്കും, അവർ പറയുന്നത് എനിക്കും ഒട്ടും മനസ്സിലാകുന്നില്ല. എന്റെ സംസാരം ഇംഗ്ലീഷും അറബിയും ഉറുദുവിലുമൊക്കെയായി രൂപം മാറുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും വിഷയം ധരിപ്പിച്ചു കുറച്ച് കിഴിവ് കണ്ണടയിൽ ലഭിക്കാനുള്ള തത്രപ്പാടായിരുന്നു അത്.

അപ്പോഴാണ് ഹകീം അസ്ഹരി ഉസ്താദിന്റെ രംഗ പ്രവേശനം “എന്തേ കണ്ണട വാങ്ങിയോ?’
ഇല്ല , വിലയങ്ങട് ഒത്ത് വരുന്നില്ല !
അവർ പറയുന്നത് മനസ്സിലായില്ല !
ഉസ്താദ് വളരെ ലളിതമായി മലയാളത്തിൽ തന്നെ സംസാരിച്ചു കണ്ണട വാങ്ങി. എന്നിട്ടൊരു വർത്തമാനവും “മാതൃഭാഷക്ക് പുറമെ മറ്റൊരു ഭാഷയുമറിയാത്തവരോട് ഇംഗ്ലീഷും അറബിയും ലോക ഭാഷയാണെന്നു കരുതി സംസാരിക്കാൻ ശ്രമിക്കരുത്. അവരോടു നമ്മുടെ ഭാഷയിൽ മാത്രം സംവദിക്കുക, വിഷയം നടക്കും.’

മാതൃഭാഷയിൽ വികാരങ്ങളുടെ കൈമാറ്റം എളുപ്പത്തിൽ നടക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. ഇത് കേട്ട് പകച്ചു നിന്ന എന്റെ മുഖത്തേക്ക് കണ്ണട വിൽപ്പനക്കാരിയുടെ ഒരു പുളിച്ച ചിരിയും… നിത്യ സഞ്ചാരിയോടൊപ്പമുള്ള ഒരു ചെറുയാത്ര പോലും അദ്ദേഹത്തിന്റെ ഒരുപാട് യാത്രകളുടെ പരിച്ഛേദമായിരിക്കും.

Latest