Connect with us

Cover Story

ആരും ജയിക്കാത്ത യുദ്ധങ്ങൾ

യുദ്ധം എത്രയും വേഗം അവസാനിക്കണം. ഇരകൾക്കൊപ്പം മനസ്സ് കൊണ്ടെങ്കിലും നിൽക്കാൻ നമുക്ക് സാധിക്കണം. എല്ലാ രാഷ്ട്രീയ ശരികൾക്കുമപ്പുറം മനുഷ്യത്വം എന്ന വികാരം നാം ഉൾക്കൊള്ളണം. യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരോടൊപ്പം നിൽക്കുക. അവരുടെ വേദനകൾ നമ്മുടെ കൂടി വേദനകളാകുക. അപ്പോൾ മാത്രമാണ് യുദ്ധം പ്രമേയമാകുന്ന തമാശകളും ട്രോളുകളും പോലും നമുക്ക് തിരസ്‌കരിക്കാൻ സാധിക്കുക.

Published

|

Last Updated

“All war is a symptom of man’s failure as a thinking animal.’
John Steinbeck

നിസ്സഹായതയുടെ, ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് മനുഷ്യരെ എടുത്തെറിയുന്ന രോദനങ്ങളാണ് ഓരോ യുദ്ധവും. ഒരു യുദ്ധം അവസാനിക്കുമ്പോൾ നാം ആഗ്രഹിക്കുന്നത് മറ്റൊരു യുദ്ധം ഉണ്ടാകരുതെന്നാണ്. എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരുടെ കരച്ചിലും രോദനവുമല്ലാതെ മറ്റൊന്നും യുദ്ധങ്ങൾ നൽകുന്നില്ല. രക്തത്തിന്റെയും ഭയത്തിന്റെയും ഇരുട്ടിലേക്ക് മനുഷ്യജീവിതത്തെ തളച്ചിടുന്ന ഈ മഹാപാതകത്തിൽ ആരും തന്നെ വിജയിക്കുന്നില്ല. ബാക്കിയാകുന്നതോ, തീവ്രമായ ദുഃഖവും വിവരിക്കാനാകാത്ത നഷ്ടങ്ങളും.

ലോകം മറ്റൊരു വലിയ യുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണിപ്പോൾ. യുക്രൈനെ റഷ്യ ആക്രമിച്ചിരിക്കുന്നു. റഷ്യയുടെ കടന്നാക്രമണത്തിൽ പൂർണമായും ഒറ്റപ്പെട്ട് നിൽക്കുകയാണ് യുക്രൈൻ. എല്ലാ നിസ്സഹായതയും ഉൾവഹിച്ച് അവിടുത്തെ സ്വദേശികളും വിദേശികളുമായ സാധാരണക്കാർ അക്ഷരാർഥത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങൾ കൂട്ടമായി പലായനം ആരംഭിച്ചിരിക്കുന്നു. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മാത്രം 138 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 306 പേർക്ക് പരുക്കേറ്റു. 160ലേറെ മിസൈലുകൾ യുക്രൈനിന്റെ വിവിധ മേഖലകളിൽ റഷ്യ വർഷിച്ചു.

ആദ്യദിനം തന്നെ ഇത്രയും വലിയ ആൾനാശം ഈ യുദ്ധത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്നുണ്ട്. യുക്രൈനിലെ മിക്കയിടങ്ങളിലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു. സഞ്ചാര സ്വാതന്ത്ര്യവും ജീവിതോപാധികളും അടഞ്ഞിരിക്കുന്നു. യുക്രൈനിന്റെ ആണവനിലയങ്ങൾ സ്ഥിതിചെയ്യുന്ന ചെർണോബിൽ റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. നഗര പ്രദേശങ്ങളിൽ കൂട്ടപലായനമാണ് കാണാൻ സാധിക്കുന്നത്. നാല് ലക്ഷത്തോളം പേർ സുരക്ഷിത സ്ഥലം തേടി ഇതിനകം പലായനം ചെയ്തുകഴിഞ്ഞു. സൈനിക കേന്ദ്രങ്ങളും വിമനത്താവളങ്ങളും കേന്ദ്രീകരിച്ച് വ്യാപക ആക്രമണമാണ് തുടരുന്നത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിഷ്‌കളങ്കരായ മനുഷ്യർ ജീവനും കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന ദയനീയ കാഴ്ചയാണ് യുക്രൈനിലെങ്ങുമുള്ളത്. കിവ്, ഖാർകോവ്, നീപെർ, സൈനിക ആസ്ഥാനങ്ങൾ, ആയുധ സംഭരണ ശാലകൾ എന്നിവിടങ്ങളിൽ ശക്തമായ ആക്രമണങ്ങളാണ് റഷ്യ നടത്തിയത്.

യുദ്ധം തുടങ്ങാൻ എളുപ്പമാണ്. യുക്രൈൻ തങ്ങൾക്ക് ഭീഷണിയാണെന്ന് റഷ്യ കണ്ടെത്തുന്ന കാരണം പോലെ നിരവധി ന്യായങ്ങൾ യുദ്ധത്തിന് കോപ്പുകൂട്ടുന്നവർക്ക് നിരത്തുകയുമാകാം. കോർപറേറ്റുകൾക്ക് ആയുധവിപണിയിൽ ലാഭം കൊയ്യാനും രാഷ്ട്രീയാധികാരം വികസിപ്പിക്കാനും വലിയ സാമ്പത്തിക ലാഭം കൊയ്യാനും ഈ യുദ്ധം എളുപ്പത്തിൽ വഴിയൊരുക്കിയേക്കാം. അടിസ്ഥാനപരമായി ഇപ്പോൾ ആരംഭിച്ചിരിക്കുന്ന യുദ്ധം യുക്രൈൻ എന്ന രാജ്യത്തെ തകർത്ത് ആയിരക്കണക്കിന് കുടുംബങ്ങളെയാണ് പൂർണമായി ഇല്ലാതാക്കുന്നത്. അതിലേറെ കുട്ടികളെയാണ് അനാഥരാക്കുന്നത്. സാധാരണക്കാർക്കുണ്ടാവുന്ന ഭയവും ഭീകരതയും നഷ്ടവും നിസ്സഹായതയും വേദനയുമൊന്നും ഒരു കണക്കിലും പെടാതെ കിടക്കും. അല്ലെങ്കിലും യുദ്ധം അവശേഷിപ്പിക്കുന്ന മാനസിക വേദന എങ്ങനെയാണ് നാം അടയാളപ്പെടുത്തുക?

റഷ്യ തുടങ്ങിവെച്ച ഈ യുദ്ധത്തിന്റെ ഭയാനകത വിശദീകരിച്ച് ബി ബി സി യുക്രൈൻ എഡിറ്റർ മാർട്ട ഷോകലോ എഴുതുന്നു: “ഇവിടുത്തെ സാധാരണക്കാരുടെ ഏറ്റവും വലിയ ഭയം വൈദ്യുതിയും ഇന്റർനെറ്റും തടസ്സപ്പെട്ടതാണ്. അപ്പോൾ നമ്മൾ ശരിക്കും ഒറ്റപ്പെട്ടുപോകും. നഗരത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ വിഭജിച്ച് ഡൈനിപ്പർ നദിക്ക് കുറുകെയുള്ള പാലങ്ങൾ ബോംബെറിഞ്ഞ് തകർക്കുമെന്നതാണ് മറ്റൊരു ഭയം. എന്റെ വീടിനടുത്തുള്ള സൂപ്പർമാർക്കറ്റുകൾക്ക് പുറത്ത്, എ ടി എമ്മുകളിൽ വലിയ ക്യൂകളുണ്ട്; അവയിൽ പലതിലും പണം തീർന്നു. ചില പെട്രോൾ സ്റ്റേഷനുകളും എണ്ണ കഴിഞ്ഞതിനെ തുടർന്ന് പൂട്ടി. രാജ്യം മുഴുവനും ആക്രമണത്തിനിരയാണെന്ന് അറിയുമ്പോൾ പരിഭ്രാന്തിയുടെ അന്തരീക്ഷമാണ് എങ്ങും. നഗരത്തിന് പുറത്തുള്ള റോഡുകൾ ട്രാഫിക്കിൽ തടസ്സപ്പെട്ടിരിക്കുന്നു. പക്ഷേ, ഇത് ഒരു അപകടകരമായ യാത്രയാണ്. ട്രാഫിക്കിന്റെ നീണ്ട, സാവധാനം നീങ്ങുന്ന ക്യൂവിൽ ഇരിക്കുമ്പോൾ ഇന്ധനം എളുപ്പത്തിൽ തീർന്നുപോകാം. ട്രെയിനുകൾ ഓടുന്നു, പക്ഷേ, സീറ്റ് ലഭിക്കാൻ ശ്രമിക്കുന്നവരുടെ വലിയ തിരക്കാണ്. പ്രസിഡന്റ് സെലെൻസ്‌കി കൊണ്ടുവന്ന പട്ടാള നിയമപ്രകാരം യുക്രൈനിയൻ വ്യോമാതിർത്തി അടച്ചിരിക്കുന്നു. സൈനിക ലക്ഷ്യങ്ങൾ മാത്രമല്ല നശിപ്പിക്കപ്പെട്ടത്, രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ഫോട്ടോഗ്രാഫുകൾ ഞങ്ങളുടെ പക്കലുണ്ട്. റഷ്യൻ ബോംബാക്രമണം രാജ്യത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചു. പോളിഷ് അതിർത്തിയോട് ചേർന്നുള്ള ലിവിവിൽ പോലും ഇന്ന് രാവിലെ സൈറണുകൾ മുഴങ്ങി. ഒരു സഹപ്രവർത്തകന് ബോംബ് ഷെൽട്ടറിൽ അഭയം തേടേണ്ടി വന്നു. നാട്ടിൻപുറങ്ങൾ നഗരത്തേക്കാൾ സുരക്ഷിതമായിരിക്കാം, എന്നാൽ വടക്ക്, കിഴക്ക്, തെക്ക് എന്നിവിടങ്ങളിൽ നിന്ന് ആക്രമണത്തിനിരയായ ഒരു രാജ്യത്ത്, ഇവിടെ യഥാർഥത്തിൽ സുരക്ഷിതമായ ഒരു സ്ഥലമില്ല.’

ഒളിക്കാൻ പോലും സുരക്ഷിതമായ ഒരിടമില്ലാതെ യുക്രൈനിലെ സാധാരണക്കാർ നെട്ടോട്ടം ഓടുകയാണ്. എത്രമേൽ ഭീകരമായാണ് യുദ്ധം ഒരു രാജ്യത്തെ ജനതയെ ഭയാനകമായ ഒറ്റപ്പെടുത്തലിലും അരക്ഷിതാവസ്ഥയിലും തളച്ചിടുന്നത്? കുട്ടികൾക്ക് ഭക്ഷണം നൽകാനില്ലാതെ ഹൃദയം തകർന്ന രക്ഷിതാക്കളുടെ നിലവിളി സങ്കൽപ്പിച്ചുനോക്കൂ. കൺമുന്നിൽ പ്രിയപ്പെട്ടവരെല്ലാം മരിച്ചുവീഴുന്നത് ഓർത്തുനോക്കൂ. ചുറ്റും രക്തത്തിന്റെ മണവും കരച്ചിലിന്റെ ശബ്ദവും മനസ്സിൽ അനുഭവിച്ചുനോക്കൂ. ഇതാണ് ഇപ്പോൾ യുക്രൈനിലെ ജനതയുടെ ജീവിതം. ഇതാണ് അവിടുത്തെ സാധാരണക്കാരുടെ തേങ്ങൽ.

റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഭൂവിസ്തൃതിയിൽ രണ്ടാമത്തെ ഏറ്റവും വലിയ രാഷ്ട്രവും പ്രധാന സൈനിക ശക്തികളിൽ ഒന്നുമാണ് യുക്രൈൻ. അത്തരമൊരു അയൽരാഷ്ട്രം നാറ്റോ പാളയത്തിൽ എത്തുന്നതും ആയുധസമാഹരണം നടത്തുന്നതും വിദേശ സൈനികത്താവളമായി മാറുന്നതും റഷ്യക്ക് സ്വാഭാവികമായും ഇഷ്ടപ്പെടില്ല. സോഷ്യലിസ്റ്റ് വിപ്ലവത്തിന് മുന്പ് റഷ്യൻ സാമ്രാജ്യത്തിന്റെയും തുടർന്ന് സോവിയറ്റ് യൂനിയന്റെയും ഭാഗമായിരുന്ന യുക്രൈനിന്റെ വംശീയ പ്രശ്നങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ജനസംഖ്യയിൽ 77 ശതമാനം വരുന്ന കിഴക്കൻ സ്ലാവ് ജനതയും റഷ്യൻ ഭാഷ സംസാരിക്കുന്ന ന്യൂനപക്ഷവും തമ്മിലുള്ള ബന്ധം ഒരിക്കലും പൂർണതോതിൽ യോജിച്ചിരുന്നില്ല. 2014 ലെ അട്ടിമറിയോടെ രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ക്രീമിയയിലെയും കിഴക്കൻ അതിർത്തി പ്രദേശങ്ങളായ ലുഹാൻസ്‌ക്, ഡോണെട്സ്‌ക് എന്നീ മേഖലകളിലുമുള്ള റഷ്യൻ ഭൂരിപക്ഷം സ്വയംഭരണാധികാരം അടക്കമുള്ള അവകാശവാദങ്ങൾ ശക്തമാക്കി. അതാണ് ക്രീമിയയെ റഷ്യയോട് കൂട്ടിച്ചേർക്കുന്നതിൽ കലാശിച്ചത്. സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ഉണ്ടാക്കിയ കരാർ അനുസരിച്ചു ലുഹാൻസ്‌കിനും ഡോണെട്സ്‌കിനും സ്വയംഭരണാവകാശം നൽകാൻ യുക്രൈൻ ഇനിയും തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് യുക്രൈനെ നാറ്റോ അംഗരാഷ്ട്രമാക്കാനുള്ള നീക്കം റഷ്യക്ക് വെല്ലുവിളിയാകുന്നത്.

യുക്രൈനിലേക്ക് റഷ്യൻ സൈന്യം അതിക്രമിച്ച് കയറുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ തങ്ങളുടെ പൗരന്മാർ യുക്രൈൻ വിടണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമായ വസ്തുതയാണ്. ബ്രിട്ടനും പാശ്ചാത്യസഖ്യശക്തികളും തങ്ങളുടെ പൗരന്മാരെ മാത്രമല്ല നയതന്ത്ര കാര്യാലയങ്ങൾതന്നെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ആഗോള രാഷ്ട്രീയ മാറ്റങ്ങൾ അധികാരവുമായും സാമ്പത്തികമായും ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. പലപ്പോഴും യുദ്ധത്തിന്റെ മാനവികവിരുദ്ധതയോ ഭീകരതയോ ഒന്നും ഈ അധികാരക്കൊതിയിലെ ചർച്ചകളിൽ കടന്നുവരാറില്ല. ലോകത്തുടനീളം റഷ്യ-യുക്രൈൻ യുദ്ധത്തിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ നയതന്ത്രനീക്കങ്ങളിൽ ഇരുപക്ഷങ്ങളുണ്ട്. ഈ യുദ്ധം അനിവാര്യമാണെന്ന് വിശ്വസിക്കുന്ന രാഷ്ട്രനേതാക്കളും കോർപറേറ്റുകളുമുണ്ട്. ആയുധക്കച്ചവടവും സാമ്പത്തികാഘാതങ്ങളും രാഷ്ട്രീയപ്രതിരോധങ്ങളുമെല്ലാം കഴിഞ്ഞേ അന്താരാഷ്ട്ര നയതന്ത്ര ചർച്ചകളിൽ മാനവിക നഷ്ടത്തെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചുമുള്ള ആലോചനകൾക്ക് സാധ്യതയുള്ളൂ.
യുദ്ധം എത്രയും വേഗം അവസാനിക്കണം. ഇരകൾക്കൊപ്പം മനസ്സ് കൊണ്ടെങ്കിലും നിൽക്കാൻ നമുക്ക് സാധിക്കണം. എല്ലാ രാഷ്ട്രീയ ശരികൾക്കുമപ്പുറം മനുഷ്യത്വം എന്ന വികാരം നാം ഉൾക്കൊള്ളണം. യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരോടൊപ്പം നിൽക്കുക. അവരുടെ വേദനകൾ നമ്മുടെ കൂടി വേദനകളാകുക. അപ്പോൾ മാത്രമാണ് യുദ്ധം പ്രമേയമാകുന്ന തമാശകളും ട്രോളുകളും പോലും നമുക്ക് തിരസ്‌കരിക്കാൻ സാധിക്കുക.
.