Uae
ലോകമെമ്പാടുമുള്ള യുദ്ധക്കപ്പലുകൾ അബൂദബിയിൽ പ്രദർശനത്തിന്
ഇന്ന് മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദർശന (ഐഡെക്‌സ്) ത്തോടൊപ്പമാണ് നവിഡെക്‌സ് നടക്കുന്നത്.

അബൂദബി|എട്ടാമത് നേവൽ ഡിഫൻസ് ആൻഡ് മാരിടൈം സെക്യൂരിറ്റി എക്സിബിഷൻ (നവിഡെക്‌സ്) ഭാഗമായി ലോകമെമ്പാടുമുള്ള നിരവധി യുദ്ധക്കപ്പലുകളെ അഡ്നിക് മറീനയിൽ സ്വാഗതം ചെയ്തു. ഇന്ന് മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദർശന (ഐഡെക്‌സ്) ത്തോടൊപ്പമാണ് നവിഡെക്‌സ് നടക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെയും തവാസുൻ കൗൺസിലിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ.
യു എ ഇ, ഇന്ത്യ, ബഹ്റൈൻ, ഒമാൻ, യു കെ, പാകിസ്ഥാൻ, ഗ്രീസ്, കൊറിയ എന്നീ എട്ട് രാജ്യങ്ങളിൽ നിന്നുള്ള നാവിക സേനകളുടെ അസാധാരണമായ പ്രദർശനം പരിപാടിയിൽ ഉണ്ടായിരിക്കും.
യു എ ഇ സായുധ സേനയുടെ ഭാഗമാകുന്ന നിരവധി യുദ്ധക്കപ്പലുകൾ ഈ പരിപാടിയിൽ പ്രദർശനം നടത്തും. 21 കപ്പലുകൾ ഇതിൽ പങ്കെടുക്കും. അത്യാധുനിക പ്രതിരോധ, സുരക്ഷാ സാങ്കേതികവിദ്യകളും പ്രദർശനത്തിലുണ്ടാവും.
പ്രതിരോധ സമ്മേളനം ആരംഭിച്ചു
അന്താരാഷ്ട്ര പ്രതിരോധ സമ്മേളനം എമിറേറ്റ്‌സ് പാലസിൽ ആരംഭിച്ചു. ലോകമെമ്പാടുമുള്ള പ്രതിരോധ, സുരക്ഷാ നേതാക്കളെയും വിദഗ്ധരെയും കമ്പനികളെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ് സമ്മേളനം.
പ്രതിരോധ പുനർരൂപകൽപ്പന: നവീകരണം, സംയോജനം, പ്രതിരോധശേഷി എന്ന പ്രമേയത്തിലാണ് സമ്മേളനം. പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫദൽ അൽ മസ്റൂഇ ഉദ്ഘാടനം ചെയ്തു. മേഖലയിലും പുറത്തുമുള്ള മുതിർന്ന നേതാക്കൾ, ഉദ്യോഗസ്ഥർ, പ്രതിരോധ, സുരക്ഷാ പ്രതിനിധികൾ, അക്കാദമിക്, വ്യവസായ പങ്കാളികൾ പങ്കെടുക്കും.