Kerala
പമ്പയില്‍ കടന്നല്‍ ആക്രമണം; 14 തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു
സാരമായി പരുക്കേറ്റ അഞ്ച് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പത്തനംതിട്ട | ശബരിമല പാതയില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെ യാത്ര ചെയ്ത 14 തീര്‍ത്ഥാടകര്‍ക്ക് കടന്നലിന്റെ കുത്തേറ്റു. സാരമായി പരുക്കേറ്റ അഞ്ച് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഹൈദ്രബാദ് സ്വദേശികളായ ബഗീരഥ് (32), സമ്മൂഹന്‍(33), വിക്രം(36), സന്തോഷ്(36), കുമാര്‍(45) എന്നിവരെ ആണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിസ്സാര പരുക്കേറ്റ 11 പേരെ പമ്പ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
സ്വാമി അയ്യപ്പന്‍ റോഡില്‍ ഒന്നാം വളവിന് സമീപം ചെളിക്കുഴി ഭാഗത്തു വെച്ചാണ് കടന്നലിന്റ ആക്രമണം ഉണ്ടായത്. കുരങ്ങോ, പരുന്തോ കടന്നല്‍കൂട് ആക്രമിച്ചതാകാം കടന്നല്‍ ഇളകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡിലൂടെ തീര്‍ഥാടകരെയും ട്രാക്ടറും കടത്തിവിടുന്നത് പോലീസ് തടഞ്ഞു.