Connect with us

Editorial

മാലിന്യ സംസ്‌കരണവും കേരളീയ സാഹചര്യവും

സമഗ്രമായ പഠനത്തിന്റെയും നിരീക്ഷണങ്ങളുടെയും ജനകീയ ബോധവത്കരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം മാലിന്യ സംസ്‌കരണവും അതിനാവശ്യമായ പ്ലാന്റുകളുടെ സ്ഥാപനവും നടത്തേണ്ടത്. അവിചാരിതമായ അനിഷ്ട സംഭവങ്ങളുടെയോ കോടതി വിമര്‍ശങ്ങളുടെയോ അടിസ്ഥാനത്തില്‍ തിരക്കുപിടിച്ച് നടപ്പാക്കേണ്ടതല്ല ഇത്തരം പദ്ധതികള്‍.

Published

|

Last Updated

മാലിന്യ സംസ്‌കരണത്തിന് സമഗ്ര കര്‍മ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന സര്‍ക്കാറിന്റെ ഉന്നതതല യോഗം. ഉറവിട മാലിന്യ സംസ്‌കരണം, വാതില്‍പ്പടി സേവനം, മാലിന്യങ്ങളുടെ സംഭരണം, നിര്‍മാര്‍ജനം, ശുചിമുറി മാലിന്യ സംസ്‌കരണം, പൊതുസ്ഥലത്ത് നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങി മൂന്ന് മാസത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഏഴിന പദ്ധതിയാണ് നടപ്പാക്കുന്നത്. കൊച്ചി നിവാസികളെ ദിവസങ്ങളോളം മാലിന്യപ്പുക കൊണ്ട് ശ്വാസം മുട്ടിച്ച ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് അഗ്നിബാധയുടെയും ഇതുസംബന്ധിച്ച കോടതി വിമര്‍ശത്തിന്റെയും അടിസ്ഥാനത്തിലാണ് പദ്ധതി പ്രഖ്യാപനം. മാലിന്യമില്ലാത്ത അന്തരീക്ഷം ജനങ്ങളുടെ അവകാശമാണെന്നു ചൂണ്ടിക്കാണിച്ച കോടതി, മാലിന്യ നീക്കത്തിന് കാര്യക്ഷമമായ സംവിധാനം വേണമെന്നും ഓര്‍മപ്പെടുത്തിയിരുന്നു. പൊതുജനാരോഗ്യ നേട്ടങ്ങളെ മെച്ചപ്പെടുത്തുന്നതിലും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നതാണ് മാലിന്യങ്ങളുടെ സമുചിതമായ സംസ്‌കരണം.

മാലിന്യ സംസ്‌കരണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നേരത്തേ നിയമങ്ങള്‍ പാസ്സാക്കുകയും പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. 2016ലാണ് കേന്ദ്ര സര്‍ക്കാര്‍ ഖരമാലിന്യ സംസ്‌കരണ നിയമം പാസ്സാക്കിയത്. വീണ്ടെടുക്കല്‍, പുനരുപയോഗം, റീസൈക്ലിംഗ് എന്നീ പ്രക്രിയകളിലൂടെ മാലിന്യം ഫലപ്രദമായി സംസ്‌കരിക്കാന്‍ ലക്ഷ്യമിടുന്ന ഈ നിയമം മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. മാലിന്യം സൃഷ്ടിക്കുന്നവര്‍ തന്നെ അത് ഏഴായി തരംതിരിക്കണം. ജൈവ മാലിന്യം, അപകടകാരികളായ ഗാര്‍ഹിക മാലിന്യം, ആശുപത്രി മാലിന്യം, ഉദ്യാന സസ്യ മാലിന്യം, നിര്‍മാണ-നശീകരണ മാലിന്യം, പുനരുപയോഗ സാധ്യതയുള്ള ജൈവേതര മാലിന്യം, ഇതര വിഭാഗം എന്നിങ്ങനെയാണ് മാലിന്യത്തെ വേര്‍തിരിക്കേണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് മാലിന്യം ശേഖരിക്കുന്നതിന്റെയും സംസ്‌കരിക്കുന്നതിന്റെയും ചുമതല. മാലിന്യം തരംതിരിച്ച് നല്‍കാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയും പൊതു ഇടങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ മാലിന്യം വലിച്ചെറിയുന്നതിനെതിരെയും നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരവുമുണ്ട്. ഈ കേന്ദ്ര നിയമത്തിന് അനുസൃതമായി 2018ല്‍ കേരള സര്‍ക്കാര്‍ സംസ്ഥാന നയം രൂപവത്കരിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ 2008ല്‍ രൂപവത്കരിച്ച ശുചിത്വ മിഷന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം മാലിന്യ സംസ്‌കരണവും ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കലുമാണ്. പൊതുനിരത്തിലേക്ക് വീട്ടുമാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന് “എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ തുടങ്ങി പല ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട് ശുചിത്വ മിഷന്‍. മാലിന്യ സംസ്‌കരണത്തില്‍ പ്രശ്നം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയും ശാസ്ത്രീയ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വവുമുണ്ട് മിഷന്.

നാല് വര്‍ഷം മുമ്പ് നാഷനല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (നാഫെഡ്) മാലിന്യ സംസ്‌കരണത്തിന് മറ്റൊരു പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് പ്രകൃതിവാതകവും ജൈവ വളവും ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഏറ്റെടുത്ത് വിതരണം നടത്താന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി നാഫെഡ് ധാരണയുണ്ടാക്കുകയും ചെയ്തു. സി എന്‍ ജി വാഹനങ്ങള്‍ കൂടുതല്‍ വിപണിയിലെത്തുന്നതിന്റെ സാധ്യത കണക്കിലെടുത്താണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പദ്ധതിയുടെ ഭാഗമായത്. സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ സഹകരണ സംഘങ്ങള്‍ വഴി മാലിന്യ സംസ്‌കരണമാണ് നാഫെഡ് വിഭാവനം ചെയ്യുന്നത്. ഇന്ത്യയിലാകെ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ച് പ്രകൃതിവാതകം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

പദ്ധതികള്‍ നിരവധി നിലവില്‍ വന്നെങ്കിലും സംസ്ഥാനത്ത് മാലിന്യ പ്രശ്‌നത്തിന് ഒരു കുറവുമില്ല. ശരിയായ തോതില്‍ നടക്കുന്നുമില്ല മാലിന്യ സംസ്‌കരണം. സ്വന്തം വീട്ടുമാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടി ജലാശയങ്ങളിലോ പൊതുനിരത്തുകളിലോ വഴിയരികിലോ വലിച്ചെറിയുന്നവര്‍ ഇന്നും കുറവല്ല സംസ്ഥാനത്ത്. തങ്ങള്‍ വലിച്ചെറിയുന്ന അഴുക്കുകള്‍ നാളെ തങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തിലേക്ക് മഹാമാരികളായും മറ്റു ഗുരുതരമായ പ്രശ്നങ്ങളായും തിരിച്ചെത്തുമെന്ന് അവര്‍ ചിന്തിക്കുന്നില്ല. അതേസമയം, മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ ചില പരിമിതികളുമുണ്ട് കേരളത്തില്‍. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലാണിവിടം. ജനവാസമില്ലാത്ത ഒഴിഞ്ഞ പ്രദേശങ്ങള്‍ കുറവാണ്. അതിവേഗം നഗരവത്കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനത്തെ ഗ്രാമങ്ങള്‍. ആശുപത്രികളുടെയും വീടുകളുടെയും കെട്ടിടങ്ങളുടെയും എണ്ണവും വര്‍ധിതമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മാലിന്യ പ്ലാന്റ് പോലുള്ള പദ്ധതികള്‍ക്ക് ശക്തമായ ജനകീയ എതിര്‍പ്പ് നേരിടേണ്ടി വരും. കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ മലബാര്‍ എന്‍വിറോ വിഷന്‍ കമ്പനി പ്ലാന്റ്, കോഴിക്കോട് വെള്ളയില്‍ ആവിക്കല്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, തിരുവനന്തപുരം പാലോടിലെയും പാലക്കാട് മലമ്പുഴ പുതുശ്ശേരിയിലെയും ഐ എം എ മാലിന്യ പ്ലാന്റുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പും പ്രതിഷേധവും മറക്കാറായിട്ടില്ല. വിളപ്പില്‍ശാലയും കോഴിക്കോട് ഞെളിയന്‍പറമ്പും വന്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ്. എതിര്‍പ്പ് മൂലം പല മാലിന്യ പദ്ധതികളും നടപ്പാക്കാനാകാതെ അധികൃതര്‍ക്ക് പിന്തിരിയേണ്ടി വന്നിട്ടുണ്ട്. കേരളത്തിന്റെ ഈ പ്രത്യേക സാമൂഹിക, പാരിസ്ഥിതിക പശ്ചാത്തലത്തില്‍ സമഗ്രമായ പഠനത്തിന്റെയും നിരീക്ഷണങ്ങളുടെയും ജനകീയ ബോധവത്കരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം മാലിന്യ സംസ്‌കരണവും അതിനാവശ്യമായ പ്ലാന്റുകളുടെ സ്ഥാപനവും നടത്തേണ്ടത്. അവിചാരിതമായ അനിഷ്ട സംഭവങ്ങളുടെയോ കോടതി വിമര്‍ശങ്ങളുടെയോ അടിസ്ഥാനത്തില്‍ തിരക്കു പിടിച്ച് നടപ്പാക്കേണ്ടതല്ല ഇത്തരം പദ്ധതികള്‍.

Latest