Articles
മാലിന്യ സംസ്‌കരണം: മതത്തില്‍ വഴിയുണ്ട്
മണ്ണും വെള്ളവും വായുവും തുടങ്ങി പ്രകൃതി വിഭവങ്ങള്‍ മലിനമാക്കുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ ഒരു ഇടപെടലും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിക നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും അതുവഴി ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതും കുറ്റകരമായ കാര്യമായാണ് മതം എണ്ണിയത്.
ബ്രഹ്‌മപുരം മാലിന്യ കേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടര്‍ന്നുള്ള പുക താത്കാലികമായി ഒതുങ്ങിയെന്ന് ആശ്വസിക്കാമെങ്കിലും കൊച്ചി നഗര പരിസരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല ആ പുകയുടെ വ്യാപ്തി. ഏത്‌നിമിഷവും കത്തിപ്പുകയാമെന്ന മട്ടില്‍ കുറെയേറെ നഗര മാലിന്യക്കൂട്ടങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇപ്പോഴും ശേഷിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഈ മാലിന്യക്കൂമ്പാരങ്ങളുടെ അവസ്ഥാന്തരം ആ പരിസരങ്ങളില്‍ ജീവിക്കുന്നവരെയെല്ലാം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. ബ്രഹ്‌മപുരം വിഷയാനന്തരം കോഴിക്കോട്ടെ ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണ ശാലക്ക് മുന്നിലെല്ലാം വലിയ തോതില്‍ പൊതുജന പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു.
എങ്ങനെയാണ് നമ്മുടെ നഗര പ്രാന്ത പ്രദേശങ്ങളിലും ഗ്രാമങ്ങളിലെ തന്നെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലും ഇത്രമേല്‍ മാലിന്യം കുന്നുകൂടിയത്. സംസ്‌കരിക്കാനെന്ന പേരില്‍ വീടുകളില്‍ നിന്നും കച്ചവട കേന്ദ്രങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ ശരിയായ വിധം സമയാസമയങ്ങളില്‍ സംസ്‌കരിക്കപ്പെടാത്തതുകൊണ്ടാണ് മാലിന്യങ്ങള്‍ ഇത്ര കുന്നുകൂടിയതും പലവിധ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉടലെടുത്തതും എന്ന് നമുക്ക് ഒറ്റശ്വാസത്തില്‍ പറയാമെങ്കിലും അതാണോ യാഥാര്‍ഥ്യം! മാലിന്യങ്ങള്‍ കുന്നുകൂടുന്നതില്‍ സര്‍ക്കാറിനെയും തദ്ദേശ സ്ഥാപനങ്ങളെയും പ്രാഥമികമായി നമുക്ക് പഴിചാരാമെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമാണോ മാലിന്യ സംസ്‌കരണം. വീടും പരിസരവും നാടും നഗരവും വഴിയും പുഴയുമെല്ലാം വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ടെന്നത് ഈ മാലിന്യപ്പുകയുടെ കാലത്തും നാം മനഃപൂര്‍വം വിസ്മരിക്കുകയാണ്.
മാലിന്യ പ്ലാന്റുകളെന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ഥലം കണ്ടെത്തി നിര്‍ണയിച്ച ഇടങ്ങളില്‍ മാത്രമല്ല മാലിന്യമുള്ളത്. വെറുതെയൊന്ന് നമ്മുടെ നഗരങ്ങളിലൂടെയും ഗ്രാമപാതകളിലൂടെയും സഞ്ചരിച്ചാല്‍ നമുക്കീ യാഥാര്‍ഥ്യം ബോധ്യപ്പെടും. എത്രയെത്ര വഴിയോരങ്ങളിലാണ് ജൈവ-അജൈവ മാലിന്യങ്ങള്‍ നിരന്നു കിടക്കുന്നത്. ഓരോ രാവ് പുലരുമ്പോഴും എത്ര തോടുകളിലും വഴിവക്കിലും ഒഴിഞ്ഞ പറമ്പുകളിലുമാണ് മാലിന്യം നിറഞ്ഞ പ്ലാസ്റ്റിക് കവറുകള്‍ ഉപേക്ഷിക്കപ്പെടുന്നത്. ഇവയൊന്നും സര്‍ക്കാര്‍ സ്വരുക്കൂട്ടിയുണ്ടാക്കിയ മാലിന്യങ്ങളല്ലല്ലോ. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമായി വ്യക്തികള്‍ സൃഷ്ടിക്കുന്നവയാണ് ഈ കാണുന്ന മാലിന്യങ്ങളെല്ലാം. വര്‍ഷ കാലത്തിന്റെ തുടക്കത്തില്‍ മഴപെയ്ത് പുഴയും തോടുകളും നിറഞ്ഞൊഴുകുന്ന രംഗം കണ്ടിട്ടില്ലേ നിങ്ങള്‍? എത്ര മാലിന്യങ്ങളാണ് ആ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നത്. പുഴവക്കിലോ പറമ്പുകളിലോ റോഡുവക്കിലോ നിക്ഷേപിക്കുന്നവ മഴയാകുമ്പോള്‍ വെള്ളത്തിലൂടെ പുഴയിലെത്തി ഒഴുകുന്നു. ഇപ്പോള്‍ നമ്മുടെ കടല്‍ത്തീരങ്ങള്‍ കണ്ടിട്ടില്ലേ, അവിടെയും എത്ര പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുന്നുകൂടി കിടക്കുന്നത്. അവയും അവിടെ ഉണ്ടാകുന്നതല്ലല്ലോ.
മലിനീകരണ പ്രശ്‌നങ്ങള്‍ ദിനംപ്രതി വ്യാപിക്കുകയും കേന്ദ്രീകൃത സംസ്‌കരണ സംവിധാനങ്ങള്‍ എങ്ങുമെത്താതെ പോകുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ എന്താണ് പ്രതിവിധി എന്നാലോചിച്ചിട്ടുണ്ടോ. മാലിന്യം സൃഷ്ടിക്കുന്ന അനേകം മനുഷ്യരില്‍ ഒരാളാണ് ഞാനുമെന്ന് സ്വയം ചിന്തിച്ചിട്ടുണ്ടോ. നമ്മുടെ അശ്രദ്ധ കൊണ്ടും ആര്‍ത്തി കൊണ്ടും ദുര്‍വിനിയോഗം കൊണ്ടും രൂപപ്പെടുന്നതാണ് ഈ മാലിന്യ കൂമ്പാരങ്ങളും ദുര്‍ഗന്ധങ്ങളും വിശപ്പുകയെന്നും തിരിച്ചറിഞ്ഞിട്ടുണ്ടോ? ഓരോ വ്യക്തിയുമാണ് മാലിന്യം ഉത്പാദിപ്പിക്കുന്നതെന്നും മാലിന്യ നിര്‍മാര്‍ജനത്തില്‍ ഓരോ വ്യക്തിക്കുമുള്ള പങ്ക് വളരെ വലുതാണെന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് ഈ പ്രശ്നങ്ങളെ അടിസ്ഥാനപരമായി പരിഹരിക്കാന്‍ സാധിക്കുക.
എന്തുണ്ട് പരിഹാരം
മനുഷ്യ ജീവിതത്തിന്റെ സര്‍വ മേഖലകളിലും കൃത്യമായ നിലപാടുള്ള ഒരു ദര്‍ശനമെന്ന നിലയില്‍ മനുഷ്യന്‍ എങ്ങനെയാണ് ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഇവിടുത്തെ വിഭവങ്ങള്‍ എങ്ങനെയാണ് വിനിയോഗിക്കേണ്ടതെന്നും ചുറ്റുമുള്ള പരിസ്ഥിതിയോടും ഇതര ജീവജാലങ്ങളോടും എങ്ങനെയാണ് പെരുമാറേണ്ടതെന്നും കൃത്യമായി മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട് ഇസ്‌ലാം. സ്രഷ്ടാവ് വിശ്വസിച്ചേല്‍പ്പിച്ച സൂക്ഷിപ്പുമുതലായാണ് ഭൂമിയെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ഭൂമിയുടെ മേല്‍നോട്ടക്കാരനാണ് മനുഷ്യന്‍. ഭൂമിയെയും അതിലെ സൃഷ്ടിജാലങ്ങളെയും ശ്രദ്ധയോടെ സംരക്ഷിക്കുന്നതിനു വേണ്ടി വ്യക്തമായ നിര്‍ദേശങ്ങള്‍ ഇസ്‌ലാം മനുഷ്യന് നല്‍കുന്നു. സ്രഷ്ടാവിന്റെ പ്രതിനിധിയെന്നതാണ് ഭൂമിയില്‍ മനുഷ്യന്റെ സ്ഥാനം. പ്രതിനിധിയെന്ന നിലയില്‍ പ്രാപഞ്ചിക സന്തുലിതാവസ്ഥയെ നിലനിര്‍ത്താനും എല്ലാ ഭൗതിക വിഭവങ്ങളോടും കാരുണ്യത്തോടെ സമീപിക്കാനും മനുഷ്യന് സാധിക്കേണ്ടതുണ്ട്.
മണ്ണും വെള്ളവും വായുവും തുടങ്ങി പ്രകൃതി വിഭവങ്ങള്‍ മലിനമാക്കുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമായ ഒരു ഇടപെടലും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്നതാണ് ഇസ്‌ലാമിക നിര്‍ദേശം. ഖുര്‍ആന്‍ പറയുന്നു: “ഭൂമിയില്‍ നന്മ വരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ കുഴപ്പമുണ്ടാക്കരുത്'(7:56). ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും വിനാശകാരികളാകുകയും ചെയ്യുന്നവരെ പ്രപഞ്ച നാഥന് ഇഷ്ടമല്ല എന്ന് ഖുര്‍ആന്‍ വിവിധയിടങ്ങളില്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.
വിസര്‍ജന മര്യാദകളായി പ്രവാചകന്‍ പഠിപ്പിച്ചുതന്ന കാര്യങ്ങളെല്ലാം മലിനീകരണ പ്രവര്‍ത്തനങ്ങള്‍ വിശ്വാസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന പാഠങ്ങളാണ്. നബി(സ)പറഞ്ഞു: “സര്‍വരും ശപിക്കുന്ന മൂന്ന് സ്ഥലങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കൂ. വിശ്രമിക്കുന്ന തണലിലും പൊതുവഴികളിലും വെള്ളമെടുക്കുന്ന സ്ഥലങ്ങളിലും നിങ്ങള്‍ മലമൂത്ര വിസര്‍ജനം നടത്തരുത്'(അഹ്‌മദ്). ഇതു കൂടാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ഒഴുകുന്ന നദിയുടെ കരയിലും മലമൂത്ര വിസര്‍ജനം നടത്തുന്നതുകൂടി പ്രവാചകന്‍ വിലക്കി. ഏറ്റവും പ്രാഥമികമായി മനുഷ്യന്‍ പുറന്തള്ളുന്നതും ഒഴിവാക്കാന്‍ കഴിയാത്തതുമായ മാലിന്യമാണ് വിസര്‍ജ്യം. അതുപോലും അശ്രദ്ധയോടെയാകരുതെന്നും മറ്റുള്ളവരുടെ ജീവിതത്തിന് പ്രയാസം ഉണ്ടാക്കരുതെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതും അതുവഴി ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതും കുറ്റകരമായ കാര്യമായാണ് മതം എണ്ണിയത്. പൊതു നിരത്തിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന ഇടങ്ങളിലുമുള്ള മാലിന്യമോ തടസ്സമോ ബുദ്ധിമുട്ടുകളോ നീക്കം ചെയ്യുന്നത് ഏറെ പുണ്യമുള്ള കാര്യമായി ഗണിക്കുന്നുമുണ്ട്.
വിഭവ വിനിയോഗം
മാലിന്യ സംസ്‌കരണത്തെക്കാളുപരി മാലിന്യങ്ങള്‍ രൂപപ്പെടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വിഭവങ്ങളുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും ഉപയോഗത്തിലുമുള്ള അശ്രദ്ധയും സൂക്ഷ്മതക്കുറവും. കമ്പോളവും ആധുനിക കച്ചവട മാര്‍ഗങ്ങളും ഓരോ നാടുകളിലും വ്യാപിച്ചതിനാല്‍ തന്നെ ഉപഭോഗ സംസ്‌കാരം ഓരോ മനുഷ്യരെയും വല്ലാതെ പിടികൂടിയിട്ടുണ്ട്. ഓരോ മനുഷ്യനും അത്യാവശ്യമുള്ളതും ആവശ്യമുള്ളതും വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞ് വെറുതെ കൗതുകത്തിന് വാങ്ങി ഉപേക്ഷിക്കുന്ന പ്രവണത വരെ നമ്മെ പിടികൂടിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്ക് വേണ്ടി വസ്തുക്കളും ഭക്ഷ്യ വിഭവങ്ങളും വാങ്ങിയിരുന്ന കാലത്ത് മാലിന്യങ്ങള്‍ സ്വാഭാവികമായും വളരെയേറെ കുറയുമല്ലോ. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. നമ്മുടെ വീടുകള്‍ക്കകം വെറുതെ ഒന്ന് പരിശോധിച്ചു നോക്കൂ, ആവശ്യമില്ലാത്ത എത്രയോ വസ്തുക്കള്‍ നിമിഷനേരം കൊണ്ട് നമുക്ക് വേര്‍തിരിച്ചെടുക്കാനാകും. ഈ വസ്തുക്കളാണ് പതിയെ പതിയെ മാലിന്യങ്ങളായി മാറുന്നത്.
വിഭവ വിനിയോഗത്തില്‍ സജീവമായ ശ്രദ്ധ വേണമെന്ന് മതം ഉണര്‍ത്തുന്നുണ്ട്. ഭൂമിയിലുള്ള സര്‍വ വസ്തുക്കളും മനുഷ്യന് കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നുവെന്നും മനുഷ്യന് ഉപയോഗിക്കാമെന്നും പറയുന്ന ഇസ്‌ലാം ഒരു വിഭവവും അമിതമായി ഉപയോഗിക്കരുതെന്ന ജാഗ്രത പങ്കുവെക്കുന്നുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ആധുനിക കാലത്ത് രൂപം കൊണ്ട ചില സമീപനങ്ങളാണ് ഓരോ വസ്തുവിന്റെയും ഉപഭോഗത്തിലും ഉപയോഗത്തിലും ഉപയോഗാനന്തരവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. നിരസിക്കുക, പുനരുപയോഗിക്കുക, പുനര്‍നിര്‍മിക്കുക (റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍) തുടങ്ങി ആധുനിക കാലഘട്ടത്തിലെ മാലിന്യ സംസ്‌കരണ തത്ത്വങ്ങള്‍ ഇസ്‌ലാമിക അധ്യാപനങ്ങളില്‍ നമുക്കേറെ കാണാന്‍ സാധിക്കും.
നാം ഉപയോഗിക്കുന്ന വസ്തുക്കളുടെ തോത് കുറക്കുക, അത്യാവശ്യത്തിന് വേണ്ടിയുള്ളത് മാത്രം വാങ്ങുക എന്നൊക്കെയാണ് റെഡ്യൂസ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അനാവശ്യ വിഭവങ്ങള്‍ സ്വരുക്കൂട്ടുക വഴി മാലിന്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത വളരെയേറെ ഉണ്ടെന്നതാണ് സത്യം. ഭക്ഷണം, വസ്ത്രം, ഭൗതിക വിഭവങ്ങള്‍ തുടങ്ങി യാതൊന്നിലും ധൂര്‍ത്ത് പാടില്ലെന്ന് ഇസ്‌ലാം പറയുന്നു. “ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിലും എല്ലാ ആരാധനാ വേളകളിലും നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക, എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’ (ഖുര്‍ആന്‍ 7:31). മുസ്‌ലിം സമുദായത്തിന്റെ ഒരു ഗുണമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞ മറ്റൊരു വിശേഷണമാണ് മിതത്വം പാലിക്കുന്നവര്‍ എന്നുള്ളത്. അല്ലാഹു പറയുന്നു. “അപ്രകാരം നിങ്ങളെ നാം ഒരു മിതസമുദായമാക്കിയിരിക്കുന്നു’ (ഖുര്‍ആന്‍ 2:143). മിനിമലിസം, അഥവാ കുറഞ്ഞ ഭൗതിക വിഭവങ്ങള്‍ ഉപയോഗിച്ച് ജീവിക്കാന്‍ ശീലിക്കുകയെന്നത് ആധുനിക കാലത്ത് ഏറെ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിത രീതിയാണ്. വിഭവങ്ങളുടെ അശാസ്ത്രീയവും അനാവശ്യവുമായ വിനിയോഗം നിമിത്തം പരിസ്ഥിതി മലിനീകരണങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് ലളിത ജീവിതത്തിന് വലിയ അര്‍ഥമുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വസ്തുക്കള്‍ ഉപേക്ഷിച്ച് മാലിന്യമാക്കുന്നതിന് പകരം ഓരോ വസ്തുവും കഴിയാവുന്ന കാലത്തോളം, കഴിയുന്ന രൂപത്തില്‍ ഉപയോഗിക്കുന്നതിനെയാണ് പുനരുപയോഗം കൊണ്ട് അര്‍ഥമാക്കുന്നത്. കീറിയ വസ്ത്രം തുന്നി ഉപയോഗിക്കുന്നതും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ മാറ്റി കുറെ നാള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന കവറുകള്‍ സ്വീകരിക്കുന്നതുമെല്ലാം ഈ പരിധിയില്‍പെടും. പൊട്ടിയ പാത്രങ്ങളും മറ്റും ചെടിച്ചട്ടി പോലുള്ള മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതും വസ്ത്രമായി കൊണ്ടുനടന്നിരുന്ന തുണി ഉപയോഗശൂന്യമാകുമ്പോള്‍ ഉപേക്ഷിക്കാതെ സഞ്ചിയായും തലയണയായും ചവിട്ടിയായും ഉപയോഗപ്പെടുത്തുന്നതും പുനരുപയോഗ സാധ്യതകളാണ്. കീറിയ തുണികള്‍ തുന്നിയും ചെരുപ്പുകള്‍ നന്നാക്കിയും തനിക്കാവശ്യമില്ലാത്തത് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയും പ്രവാചകരടക്കമുള്ള മഹത്തുക്കള്‍ ഇക്കാര്യത്തില്‍ നമുക്ക് മാതൃക കാണിച്ചുതന്നിട്ടുണ്ട്.
പുനരുപയോഗം സാധ്യമല്ലാത്ത വസ്തുക്കളെ പുനര്‍നിര്‍മാണത്തിലൂടെ മറ്റെന്തെങ്കിലും വസ്തുക്കളായി ഉപയോഗിക്കുക എന്നതാണ് പുനഃചംക്രമണം കൊണ്ടുദ്ദേശിക്കുന്നത്. ഉപയോഗശൂന്യമായതോ മാലിന്യമെന്ന പേരില്‍ ഒഴിവാക്കിയതോ ആയ വസ്തുക്കള്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തുന്ന പ്രവാചക വചനങ്ങളുണ്ട്. ഒരിക്കല്‍ തിരുനബി(സ) ഒരു ചത്ത ആടിനെ കാണാനിടയായി. മൈമൂനയുടെ അടിമസ്ത്രീയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു അത്. “ആടിന്റെ തൊലി ശുദ്ധിയാക്കി അവര്‍ക്ക് ഉപയോഗപ്പെടുത്താമായിരുന്നില്ലേ’ എന്ന് തിരുനബി(സ) കൂടെയുള്ളവരോട് പറഞ്ഞു. ഇതുകേട്ട അനുചരര്‍ ചോദിച്ചു: അത് ചത്തതല്ലേ, അവിടുന്ന് മറുപടി പറഞ്ഞു: “ചത്തതിനെ കഴിക്കുന്നത് മാത്രമാണ് അല്ലാഹു വിലക്കിയിട്ടുള്ളത്’ (മുസ്‌ലിം). ചത്ത മൃഗത്തിന്റെ തൊലി മാലിന്യമായി ഒഴിവാക്കുന്നതിനു പകരം അത് ശുദ്ധിയാക്കി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്നതാണ് ഈ ഹദീസിന്റെ സന്ദേശം.
മലിനീകരണം പാടില്ലെന്നും ചുറ്റുമുള്ള മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാകും വിധം ഭൂമിയില്‍ ഇടപെടുന്നതും മാലിന്യം ഉപേക്ഷിക്കുന്നതും കുറ്റകരമാണെന്നാണ് ഇസ്‌ലാമിന്റെ പക്ഷം. വിഭവങ്ങള്‍ എല്ലാം ഉപയോഗിക്കാമെങ്കിലും പാഴായി പോകാതെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നതാണ് മറ്റൊരു മത നിര്‍ദേശം. ഇസ്‌ലാം പങ്കുവെക്കുന്ന ഈ രണ്ട് സമീപനങ്ങളും കൃത്യമായി പാലിച്ചുകഴിയുന്ന ഒരു മനുഷ്യന് മാലിന്യം കുറക്കാനും ശരിയായി നിര്‍മാര്‍ജനം ചെയ്യാനും ഒട്ടേറെ വഴികള്‍ സ്വന്തം മുന്നില്‍ തെളിഞ്ഞുവരും.