Connect with us

economic crisis

വാട്ടർ അതോറിറ്റിയിൽ സാമ്പത്തിക ബാധ്യത 1,900 കോടി; പെൻഷൻ മുടങ്ങി

സർക്കാറിൽ നിന്നുള്ള ഗ്രാന്റ് ലഭിച്ചാൽ പെൻഷൻ വിതരണം ചെയ്യാമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രതീക്ഷ

Published

|

Last Updated

തിരുവനന്തപുരം | വാട്ടർ അതോറിറ്റിയിൽ കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് പെൻഷൻ മുടങ്ങി. ചരിത്രത്തിലാദ്യമായാണ് വാട്ടർ അതോറിറ്റിയിൽ പെൻഷൻ മുടങ്ങുന്നത്.
1,900 കോടിയുടെ ബാധ്യത അതോറിറ്റിക്കുണ്ടെന്നാണ് കണക്കുക്കൾ സൂചിപ്പിക്കുന്നത്. പെൻഷൻ നൽകാൻ പ്രതിമാസം 24 കോടിയും ശമ്പളത്തിനായി 34 കോടിയും വേണം. സർക്കാറിൽ നിന്നുള്ള ഗ്രാന്റ് ലഭിച്ചാൽ പെൻഷൻ വിതരണം ചെയ്യാമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രതീക്ഷ.

സർക്കാറിൽ നിന്ന് പ്രതിവർഷം ലഭിക്കുന്ന 320 കോടിയുടെ ഗ്രാന്റും വെള്ളക്കരത്തിൽ നിന്ന് ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് ശമ്പളവും പെൻഷനും നൽകി വന്നിരുന്നത്. വിരമിക്കുന്ന ജിവനക്കാർക്ക് കഴിഞ്ഞ 16 മാസമായി ഗ്രാറ്റുവിറ്റി മുടങ്ങിയിരിക്കുകയാണ്. പെൻഷൻ കമ്മ്യൂട്ടേഷനും നൽകാൻ കഴിയുന്നില്ല. വൈദ്യുതി ചാർജ് ഇനത്തിൽ കെ എസ് ഇ ബിക്ക് 778 കോടി കുടിശ്ശികയാണ് നൽകാനുള്ളത്.

ആറായിരത്തി അഞ്ഞൂറോളം ജീവനക്കാരും ഒന്പതിനായിരത്തോളം പെൻഷൻകാരുമാണ് കേരള വാട്ടർ അതോറിറ്റിയിലുള്ളത്. പെൻഷൻ മുടങ്ങിയ സാഹചര്യത്തിൽ ജീവനക്കാരുടെ വിവിധ സംഘടനകൾ തലസ്ഥാനത്തെ ജലഭവന് മുന്നിൽ പരസ്യ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.
പ്രശ്‌ന പരിഹാരം നീണ്ടാൽ അനിശ്ചിതകാല സമരമുൾപ്പെടെ നടത്താനുള്ള ആലോചനയിലാണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ.

Latest