Kerala
വെള്ളക്കെട്ട്; ചികിത്സ ലഭിക്കാതെ ഗൃഹനാഥന്‍ മരിച്ചു
ആശുപത്രിയില്‍ എത്തിക്കാനുള്ള കാലതാമസം മൂലം യാത്രാമധ്യേ തന്നെ പ്രസന്നകുമാര്‍ മരണപ്പെട്ടു
തിരുവല്ല | യഥാസമയം ചികില്‍സ ലഭിക്കാതെ ഗൃഹനാഥന്‍ മരിച്ചു. അപ്പര്‍ കുട്ടനാട്ടില്‍ പതിവാകുന്ന വെള്ളക്കെട്ടിന് വീണ്ടും ഒരിര കൂടി. കേവലം രണ്ട് ദിവസം കനത്ത മഴപെയ്താല്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെടുന്ന പെരിങ്ങര പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഗണപതി പുരം നിവാസിയായ ആര്യ ഭവനില്‍ പ്രസന്നകുമാര്‍ ( 69 )ആണ് യഥാസമയം ചികിത്സ ലഭിക്കാതെ വ്യാഴാഴ്ച രാത്രി മരണപ്പെട്ടത്.
കാവുംഭാഗം – ചാത്തങ്കരി റോഡിലെ ഗണപതിപുരം ജംഗ്ഷനില്‍ നിന്നും നെടുംമ്പ്രം പഞ്ചായത്തിലെ വൈക്കത്തില്ലത്തേക്ക് പോകുന്ന പ്രധാന റോഡില്‍ ഗണപതി പുരം പാലം മുതല്‍ ഉള്ള 500 മീറ്ററോളം വരുന്ന വെള്ളക്കെട്ടാണ് പ്രസന്നകുമാറിനെ യഥാസമയം ആശുപത്രിയില്‍ എത്തിക്കുവാന്‍ കാലതാമസം ഉണ്ടാക്കിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രസന്നകുമാറിനെ സമീപവാസികളായ നാലുപേര്‍ ചേര്‍ന്ന് മൂന്നടിയിലേറെയുള്ള വെള്ളക്കെട്ടില്‍ കൂടി കയ്യില്‍ ചുമന്ന് ഗണപതി പുരം ജംഗ്ഷനില്‍ എത്തിച്ച് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാനുള്ള കാലതാമസം മൂലം യാത്രാമധ്യേ തന്നെ പ്രസന്നകുമാര്‍ മരണപ്പെട്ടു.
ശക്തമായ മഴപെയ്താല്‍ പെരിങ്ങര തോട്ടില്‍ നിന്നും ഗണപതിപുരം ഭാഗത്തേക്ക് വെള്ളം കയറുന്ന അവസ്ഥയാണ് ഉള്ളത്. വൈക്കത്തില്ലം ഭാഗത്തേക്കുള്ള റോഡില്‍ കുണ്ടേച്ചിറ ഭാഗത്തും ഏതാണ്ട് 300 മീറ്ററോളം ഭാഗത്തും ഗണപതി പുരത്തിന് സമാനമായ തരത്തില്‍ ഉള്ള വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. റോഡില്‍ വെള്ളം കയറുന്നതോടെ പ്രദേശവാസികളുടെ യാത്രാ മാര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ അടയും. സ്ത്രീകളും വയോധികരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഏറെ യാത്രാദുരിതം ആണ് ഇത് മൂലം അനുഭവിക്കുന്നത്. മഴ പെയ്യുന്നതോടെ റോഡില്‍ ഉണ്ടാവുന്ന വെള്ളക്കെട്ട് മൂലം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ട്. വര്‍ഷങ്ങളായി ഇവിടെ പതിവാവുന്ന വെള്ളക്കെട്ട് മൂലം നിരവധി പേരാണ് നെഞ്ചുവേദന അടക്കമുള്ള അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ എത്തിക്കാന്‍ ആവാതെ പാതിവഴിയില്‍ മരണപ്പെട്ടിട്ടുള്ളത്. റോഡില്‍ വെള്ളക്കെട്ട് പതിവാകുന്ന ഭാഗങ്ങള്‍ ഉയര്‍ത്തി നിര്‍മ്മിച്ച് തങ്ങളെ ദുരിതക്കയത്തില്‍ നിന്നും കരകയറ്റണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
ഭാര്യ പരേതയായ വത്സല പ്രസന്നന്‍. മക്കള്‍ : മായ ശ്രീകുമാര്‍, ആര്യ ബിജു. മരുമക്കള്‍ : ശ്രീകുമാര്‍, ബിജു. സംസ്‌കാരം ഞായറാഴ്ച 11 മണിക്ക് വീട്ടുവളപ്പില്‍. കഴിഞ്ഞ ദിവസം മേപ്രാലില്‍ വെള്ളക്കെട്ടിലേക്ക് പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് റെജി എന്ന 48 കാരനും മരണപ്പെട്ടിരുന്നു