Connect with us

Health

വെള്ളപ്പാണ്ട്: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

വെള്ളപ്പാണ്ടിന്‍റെ ലക്ഷണങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ സൂചനകളായി കാണപ്പെടാം.

Published

|

Last Updated

ദീർഘകാലം നിലനിൽക്കുന്ന സ്വയം രോഗപ്രതിരോധ രോഗമാണ് വെള്ളപ്പാണ്ട്. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം മെലനോസൈറ്റുകളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണിത് എന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. മെലനോസൈറ്റുകൾ – പിഗ്മെൻ്റ് ഉണ്ടാക്കുന്ന ചർമ്മകോശങ്ങളെ ആക്രമിച്ചു നശിപ്പിക്കപ്പടുമ്പോഴാണ് രോഗമുണ്ടാകുന്നത്. ഇതു ബാധിച്ച ചർമ്മം‌ വെളുത്ത പാല്‍ നിറമായി മാറുന്നു.

വെള്ളപ്പാണ്ടിന്‍റെ ലക്ഷണമായ വെളുത്ത പാടുകൾ സാധാരണയായി ശരീരത്തിൻ്റെ ഇരുവശത്തും സമമിതിയായി കാണപ്പെടുന്നു. ഉദാഹരണത്തിന്, രണ്ട് കൈകളിലോ കാൽമുട്ടുകളിലോ പെട്ടെന്ന് നിറമോ പിഗ്മെൻ്റോ നഷ്ടപ്പെടുകയും ഒരു വലിയ പ്രദേശമാകെ വെള്ളനിറം‌ മൂടുകയും ചെയ്യാം.

വെള്ളപ്പാണ്ടിന്‍റെ ലക്ഷണങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ സൂചനകളായി കാണപ്പെടാം. കാല്‍മുട്ടിലേയോ കൈമുട്ടിലേയോ വെളുത്തപാടുകള്‍ ഇതിന്‍റെ സൂചനകളാകാം. ഏതാണ്ട് ആറുമാസത്തിനുള്ളില്‍ ഇത് വ്യാപിക്കാം. ഇത് തലയോട്ടി, പുരികം, കണ്പീലികൾ, താടി, ശരീര രോമങ്ങള്‍ എന്നിവിടങ്ങളിലും ബാധിക്കാറുണ്ട്. പാരമ്പര്യമായും രോഗം ബാധിക്കാറുണ്ട്. എന്നാല്‍ വെള്ളപ്പാണ്ട് പകരുന്ന രോഗമല്ല.

വെള്ളപ്പാണ്ടു രോഗികളിൽ പ്രകാശസംവേദനക്ഷമത പൊതുവേ കൂടുതലാണ്. അതിനാൽ അവർ നേരിട്ടു സൂര്യപ്രകാശം ഏൽക്കാത്തതാണു നല്ലത് എന്നു പറയാറുണ്ട്. വെയില്‍ കൊണ്ടാല്‍ ചര്‍മ്മത്തിന് പൊള്ളല്‍ പോലെ വരാനുള്ള സാദ്ധ്യതയുണ്ട്
വെള്ളപ്പാണ്ടിനെ കുഷ്ഠരോഗമായി തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. കുഷ്ഠരോഗത്തില്‍ പാടുകളോടൊപ്പം സ്പര്‍ശനശേഷി നഷ്ടപ്പെടും.

ഈ രോഗം പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാനാവില്ലെങ്കിലും ചര്‍മ്മരോഗ വിദഗ്ദ്ധരുടെ ചികിത്സകളാല്‍ രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.

Latest